- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടി പരിഷ്‌കരണം: സാമ്പത്തിക അടിയന്തിരാവസ്ഥയുടെ ഭാഗം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ജനങ്ങളുടെ അടിസ്ഥാന ഭക്ഷ്യവിഭവങ്ങൾക്ക് പോലും ജിഎസ്ടി ഏർപ്പെടുത്തി നികുതികൊള്ളയിലൂടെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. നോട്ടു നിരോധനവും ജിഎസ്ടിയും സാമ്പത്തിക അടിയന്തിരാവസ്ഥയുടെ ഭാഗമാണെന്ന വെൽഫെയർ പാർട്ടി നിലപാട് ശരിവെക്കപ്പെടുകയാണ്. കോർപ്പറേറ്റ് ശക്തികൾക്ക് വാണിജ്യമേഖല കൈയടക്കാനും സാധാരണക്കാരന്റെ കയ്യിലെ പണം തട്ടിപ്പറിക്കാനുമാണ് നികുതി പരിഷ്‌കരണത്തിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. നിത്യജീവിതത്തിന് ആശ്രയിക്കുന്ന ഭക്ഷ്യ വിഭവങ്ങളിൽ പോലും നികുതി ബാധകമാക്കുന്നതിലൂടെ സാധാരണ ജനങ്ങളോട് ഒട്ടും പ്രതിബദ്ധത ഇല്ലാത്ത സർക്കാരാണെന്ന് തെളിയിച്ചിരിക്കുന്നു. ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ ആഭ്യന്തര പ്രതിസന്ധിക്ക് കാരണമായ ജനദ്രോഹ നയങ്ങളാണ് ബിജെപി സർക്കാരും നടപ്പാക്കുന്നത്.
അരി, ഗോതമ്പ്, ഇറച്ചി, മത്സ്യം, പാൽ ഉൽപ്പന്നങ്ങൾ, ചികിത്സ തുടങ്ങിയ ദൈനംദിന ജീവിത മേഖലകളിൽ വൻ വിലക്കയറ്റമാണ് ഉണ്ടാകാൻ പോകുന്നത്. പാചക വാതകം, ഭക്ഷ്യവസ്തുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, കെട്ടിട നികുതി, മരുന്നുകൾ എന്നിവയുടെ വില വർധനവിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് മേലാണ് പുതിയ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ എങ്ങനെ ജീവിക്കുമെന്നാണ് സർക്കാർ കരുതുന്നത്. വരുമാന - തൊഴിൽ നഷ്ടത്തിലൂടെ ജീവിതം തന്നെ ചോദ്യചിഹ്നമായവരെ സംഘ്പരിവാർ സർക്കാർ പിന്തുടർന്ന് ദ്രോഹിക്കുകയാണ്. ധൂർത്തും ദുർവ്യയവും നടത്താൻ പുതിയ നികുതി ബാധ്യത സൃഷ്ടിക്കുന്നതിലൂടെ വരേണ്യ സർക്കാർ ആണെന്ന് തെളിയിക്കുകയാണ്. ചെറുകിടക്കാരെ അവഗണിച്ച് കോർപ്പറേറ്റ് വ്യവസായ ലോകത്തോട് സർക്കാർ കൂട്ടു ചേരുന്നതിന്റെ ഭാഗമാണ് 47 - മത് ജിഎസ്ടി കൗൺസിൽ യോഗ തീരുമാനം. പാക്ക് ചെയ്യാത്ത ഭക്ഷ്യ സാധനങ്ങൾക്ക് പോലും ജിഎസ്ടി ഏർപ്പെടുത്തുന്നതിലൂടെ രാജ്യത്ത് വിലക്കയറ്റം ക്രമാതീതമായി വർദ്ധിക്കുകയും പണപ്പെരുപ്പം അതിരൂക്ഷമായി തീരുകയും ചെയ്യും. കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പ്രതിസന്ധിയിൽ ദാരിദ്ര്യത്തിൽ മുങ്ങിയ ജനങ്ങളെ പട്ടിണിമരണത്തിലേക്ക് തള്ളിയിടുന്ന തീരുമാനമാണ് പുതിയ നികുതി പരിഷ്‌കരണം. സവർണ്ണ വംശീയവാദികൾക്കും കുത്തക ഭീകരർക്കും മാത്രം ജീവിക്കാൻ അവസരം നൽകുന്നതാണ് കേന്ദ്ര സർക്കാർ സമീപനം. സാധാരണ ജനങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത ഫാസിസ്റ്റ് നയങ്ങൾക്കെതിരെ നികുതി നിഷേധ പ്രസ്ഥാനമടക്കമുള്ള ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.