- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിച്ചമായി ഏരിസ് ഫാമിലി ; മല്ലികയുടെ വീട്ടിലും വൈദ്യുതി എത്തി
കൊല്ലം: നിയമക്കുരുക്കിൽ കുടുങ്ങി വൈദ്യുതി മുടങ്ങിയ കുടുംബത്തിന് സൗജന്യ വൈദ്യുതി കണക്ഷൻ ഒരുക്കി സ്വകാര്യ സ്ഥാപനമായ ഏരിസ് ഗ്രൂപ്പ് . കൊല്ലം ജില്ലയിലെ, പുനലൂർ നഗരസഭയിലെ ഐക്കരക്കോണം വാർഡിൽ വർഷങ്ങളായി വൈദ്യുതിയില്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുടുംബത്തിനാണ് പുനലൂർ ഏരീസ് ഫാമിലിയുടെ നേതൃത്വത്തിൽ സൗജന്യമായി സൗരോർജ പാനൽ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കിയത്.
ഐക്കരക്കോണം നടുവിലഴികത്ത് വീട്ടിൽ മല്ലികയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം വർഷങ്ങളായി ഇരുട്ടിലായിരുന്നു. വീട്ടിൽ വൈദ്യുതി ഇല്ലാത്ത ഈ വാർഡിലെ ഏക കുടുംബവും ഇതായിരുന്നു.നിയമപരമായി വൈദ്യുതി
ലഭിക്കണമെങ്കിൽ നിരവധി നൂലാമാലകൾ മറികടക്കണമായിരുന്നു. ഏരീസ് ഗ്രൂപ്പിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുനലൂർ ഐക്കരക്കോണം ഓഫീസിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണ ചടങ്ങിൽ വച്ച് മാനേജിങ് ഡയറക്ടർ ഡോ. എൻ പ്രഭിരാജ്, വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് അറിയിക്കുകയും ആഴ്ചകൾക്കുള്ളിൽ നടപടി സ്വീകരിക്കുകയും ചെയ്തു . വൈദ്യുതി എന്നത് കേവലം സ്വപ്നമായി മാറുകയും പകച്ചു നിൽക്കുകയും ചെയ്ത ഈ കുടുംബത്തിന് ആശ്വാസമായി മാറിയിരിക്കുകയാണ് ഈ നടപടി.
ഏരീസ് ഗ്രൂപ്പിന് കീഴിലുള്ള ഏരീസ് റിന്യൂവബിൾസ് ആൻഡ് ഇന്റഗ്രേറ്റഡ് എനർജി സൊല്യൂഷൻസ് ആണ് ചുരുങ്ങിയ സമയം കൊണ്ട് സൗരോർജ പാനൽ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ജോലികൾ പൂർത്തിയാക്കിയത്. മഴക്കാലത്ത് തീരെ സൗരോർജം ലഭ്യമായില്ലെങ്കിൽപ്പോലും ഒരു ആഴ്ച വരെ വൈദ്യുതി ലഭിക്കുന്ന രീതിയിലാണ് നിർമ്മാണം. വീട്ടിലെ ഇലക്ട്രിഫിക്കേഷൻ വർക്കുകൾ പൂർത്തിയാക്കി നൽകുകയും,ആവശ്യമായ ഇലക്ട്രിക് ഉപകരണങ്ങൾ എത്തിച്ചു നൽകുകയും ചെയ്തിട്ടുണ്ട് . ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഡോ. സോഹൻ റോയിയുടെയും, പ്രഭിരാജിന്റെയും നേതൃത്വത്തിൽ ഐക്കരക്കോണം ഗ്രാമം കേന്ദ്രീകരിച്ചും മറ്റുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് .ഗ്രാമത്തിന്റെ ഉന്നമനത്തിനും വളർച്ചയ്ക്കും വേണ്ടി എല്ലാ സഹായഹസ്തങ്ങളും ലഭ്യമാക്കുമെന്നും സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുമെന്നും ഡോ. എൻ പ്രഭിരാജ് അറിയിച്ചു.
അവർ പഠിക്കട്ടെ : വെളിച്ചത്തിൽ
വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ മല്ലികയുടെ രണ്ടു കുട്ടികളുടെയും പഠനം പ്രതിസന്ധിയിലായിരുന്നു. മെഴുകുതിരി വെളിച്ചത്തിലും , മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലും ആയിരുന്നു കുട്ടികളുടെ പഠനം ഇതുവരെ. കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് ഓൺലൈൻ പഠനത്തിന് പ്രോത്സാഹനം നൽകിയ സമയത്ത് മല്ലികയുടെ കുട്ടികളുടെ പഠന ആവശ്യത്തിനായി മൊബൈൽ ഫോൺ ലഭിച്ചു. അതേസമയം സ്വന്തം വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഒരു വഴിയും ഇല്ലായിരുന്നു. മറ്റു വീടുകളിൽ കൊണ്ടുപോയി ആയിരുന്നു ഫോൺ ചാർജ് ചെയ്തിരുന്നത്. സോളാർ പാനൽ വഴി വൈദ്യുതി എത്തിയതോടെ കുട്ടികളുടെ പഠനം സുഗമമായി മാറിയെന്നും, ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നു മല്ലിക പറഞ്ഞു .