സേലം: സേലത്ത് രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വരാപ്പുഴ വലിയവീട്ടിൽ ട്രാവൽസ് ഉടമ ശിവകുമാർ (50), സുഹൃത്ത് തിരുവനന്തപുരം കുന്നുകുഴി ഷൈൻവില്ലയിൽ നെവിൽ ഗ്രിഗറി ക്രൂസ്(58) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ധർമപുരി നല്ലപ്പള്ളിക്ക് സമീപം ഭൂതനഹള്ളിയിൽ നിന്നുമാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്.

ബിസിനസ് പങ്കാളികളായ ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയിൽ ധർമപുരി എത്തുന്നതിനുമുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ ഉള്ളിൽ വനമേഖലയിലുള്ള ക്രഷർ യൂണിറ്റിനുസമീപത്തു നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. അല്പം മാറി ഇവർ വന്ന കാറുമുണ്ട്. കാറിൽനിന്ന് മൂന്ന് മൊബൈൽ ഫോണും പഴ്സും കണ്ടെത്തി.

പൊലീസ് പരിശോധനയിൽ ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് കണ്ടെത്തി. കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാവാനും സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ധർമപുരി എസ്‌പി. സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ധർമപുരി ജില്ലാശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ എത്തിയശേഷം പോസ്റ്റ്മോർട്ടം നടക്കും.

വരാപ്പുഴയിൽ വിശ്വനാഥ പൈയുടെയും അലമേലുവിന്റെയും മകനാണ് ശിവകുമാർ. ഭാര്യ: വിനീത. മക്കൾ: ദേവിപ്രിയ, വിഷ്ണുനാഥ്, വിജയ്നാഥ്, വിശ്വനാഥ്. സുജയാണ് നെവിലിന്റെ ഭാര്യ. അമ്മ: ഗ്ലാഡിസ്.