കൊച്ചി : കേരളത്തിലെ തെരുവോരങ്ങളിലെ അനധികൃതമായ മത്സ്യ-മാംസ കച്ചവടം നിർത്തണമെന്ന ശിവഗിരി മഠത്തിലെ സന്യാസി സമൂഹത്തിന്റെ ആവശ്യം സ്വാഗതാർഹവും ഉടനടി നടപ്പാക്കേണ്ടതുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് .

തികച്ചും അശാസ്ത്രീയവും അധാർമ്മികവുമായ രീതിയിലുള്ള ഈ തെരുവോര കച്ചവടവും മദ്യ കച്ചവടവും നിരോധിക്കണമെന്ന ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭയുടെ ആവശ്യം സർക്കാർ അംഗീകരിക്കാൻ തയ്യാറാകണമെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ വഴികളിലും ഇത്തരം കച്ചവട സ്ഥാപനങ്ങൾ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി കൂണുപോലെ മുളച്ചു പൊന്തി വരികയാണ്. ഭക്ഷൃ - തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുവാദമോ ലൈസൻസോ ഇല്ലാതെ നടത്തുന്ന ഉത്തരം അനധികൃത കച്ചവടങ്ങൾ നിരോധിക്കണമെന്ന് ഹൈക്കോടതി ഉൾപ്പടെ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ചില വിഭാഗങ്ങളെ ഭയന്ന് സർക്കാർ അനങ്ങാപ്പാറ നയം തുടർന്നു വരികയാണ്. ഈ നിരോധന ആവശ്യം വിശ്വഹിന്ദു പരിഷത്ത് കാലങ്ങളായി ഉന്നയിച്ചു വരികയാണ്. അനാരോഗ്യകരവും അശാസ്ത്രീയും പ്രാകൃതവുമായ ഇത്തരം കച്ചവട രീതികൾ സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന രീതിയിലും മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകൾക്ക് പരിഹാരമെന്ന രീതിയിലും ഈ ആവശ്യം ഉടനടി നടപ്പാക്കാൻ സർക്കാർ തയ്യാറാകണം എന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.