വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സംഭാവനകൾ അടുത്ത അധ്യയനവർഷം മുതൽ ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠഭാഗത്തിൽ ഉൾപ്പെടുത്തുമെന്നു.മന്ത്രി വി.ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു.തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലും, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചനെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള ചെയറുകൾ ആരംഭിക്കാൻ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുക്കണം.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന് പള്ളിക്കൂടവും അച്ചടിശ്ശാലയും,സംസ്‌കൃത സ്‌കൂളും,പാവപ്പെട്ടവർക്ക് അഗതിമന്ദിരവും ഉച്ചക്കഞ്ഞിയും നൽകിയും, ദളിതർക്കും,സ്ത്രീകൾക്കും വിദ്യാഭ്യാസവും നൽകി കേരള ചരിത്രത്തിൽ നവോത്ഥാന മൂല്യങ്ങളുള്ള അത്ഭുതങ്ങൾ ചെയ്തിട്ടും വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ മലയാളിക്ക് ചരിത്രപുരുഷനാകാതെ പോയത് എന്തുകൊണ്ടെന്ന് നാം അന്വേഷിക്കണം.
ഒന്നരനൂറ്റാണ്ടിനുമുമ്പ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തിവാണ കാലത്ത് അധഃസ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ നിരവധി പദ്ധതികൾ ആസൂത്രണംചെയ്തു നടപ്പാക്കിയ പുരോഗമന വിപ്ലവകാരിയായിരുന്ന വി.ചാവറയച്ചന്റെ സംഭാവനകളെ കേരളം അതീവ പ്രാധാന്യത്തോടെ കാണണം.

ആധുനിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഉപജ്ഞതാവും ചാവറ അച്ചനാണ്. അക്ഷരംമാത്രം പഠിച്ചാൽ പോരാ, തൊഴിലും പഠിക്കണമെന്ന് നിർദേശിച്ചു. തയ്യൽ, കൊട്ടനെയ്ത്ത്, പായ നെയ്ത്ത് എന്നിവയെല്ലാം സ്‌കൂളുകളിൽ പരിശീലിപ്പിച്ചു.ചികിരിത്തടുക്ക് നിർമ്മാണവും കയർ പിരിയുമൊക്കെ പരിശീലിപ്പിക്കാൻ പ്രത്യേകം ആളുകളെ നിയമിച്ചു. അനാഥരാകുന്നവരെ സംരക്ഷിക്കാനുള്ള അഗതി മന്ദിരങ്ങൾക്ക് തുടക്കമിട്ടതും ചാവറയച്ചനാണ്. കേരളത്തിലെ ആദ്യ അനാഥമന്ദിരമാണ് കുട്ടനാട് കൈനകരിയിൽ അദ്ദേഹം സ്ഥാപിച്ച ഉപവിശാല.

66 വർഷംമാത്രം ജീവിച്ചിരുന്ന വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ കേരളത്തിലുണ്ടായ സാമൂഹ്യപരിഷ്‌കരണങ്ങളുടെ ചൂണ്ടുപലകയായിരുന്നു.താപശ്രേഷ്ഠൻ, സന്യാസ സഭകളുടെ സ്ഥാപകൻ, സഭാധികാരി, സാമൂഹ്യ പരിഷ്‌കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, അച്ചടിയുടെ ആരംഭകൻ തുടങ്ങിയ നിലയിലെല്ലാം അറിയപ്പെടാൻ ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചെന്നതാണ് ഈ പുരോഹിതന്റെ മഹത്വം.കൂലിക്കു പകരം ഭക്ഷണം കൊടുക്കുന്ന ആ ഏർപ്പാടാണ് ഊഴിയം.ഊഴിയത്തിനെതിരായ ചാവറയച്ചന്റെ പോരാട്ടം കേരളത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനമായി വിലയിരുത്തപ്പെടുന്നു.

ജന്മനാട്ടിലോ,കർമ്മഭൂമിയായ മാന്നാനത്തോ ഈ ആത്മീയ -സാമൂഹ്യ -സാംസ്‌കാരിക നായകനെ പുതുതലമുറയ്ക്ക് ഓർമ്മിക്കുവാൻ വേണ്ടി സ്മാരകങ്ങൾ ആവശ്യമാണ്.മാന്നാനത്ത് സ്ഥാപിക്കുന്ന ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രത്തിന് പുറമെ കേരള സർക്കാർ ഇടപെടലിലൂടെ റോഡുകൾക്കോ കോളേജുകൾക്കോ അദ്ദേഹത്തിന്റെ പേരിടുവാൻ സാധിക്കും.ജന്മദിനദിവസം സാംസ്‌കാരിക പരിപാടികൾ ആസൂത്രണം ചെയ്യാൻ സാധിക്കും.ഇപ്പോൾ തമസ്‌കരിക്കപ്പെടുന്ന ഈ യോഗീവര്യന്റെ ഓർമകൾ ഇനിയും വരും തലമുറകൾ മനസ്സിലാക്കാൻ ഇത്തരം നടപടികളിലൂടെ സാധിക്കും.

കേരള സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സവിശേഷ ശ്രദ്ധയും ഉത്തരവാദിത്വവും വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണ നിലനിർത്തുന്ന കാര്യങ്ങളിൽ ഉണ്ടാകണമെന്ന് അൽമായ ഫോറം ആവശ്യപ്പെടുന്നു.