- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളെ ദേഹപരിശോധനയുടെ പേരിൽ അപമാനിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക: എഐഡിഎസ്ഒ
നീറ്റ് പരീക്ഷയിൽ കോപ്പിയടി തടയുവാനുള്ള പരിശോധനയുടെ പേരിൽ വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ (എഐഡിഎസ്ഒ) സംസ്ഥാന പ്രസിഡന്റ് ഡോ.അലീന എസ്, സംസ്ഥാന സെക്രട്ടറി അഡ്വ.ആർ.അപർണ്ണ എന്നിവർ ആവശ്യപ്പെട്ടു.
കോപ്പിയടി തടയാനെന്ന പേരിൽ അനാവശ്യ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിച്ചു വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ ഇതിന് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരിക്കൽ പോലും മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടില്ലായെന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുവാൻ കാരണമാകുന്നത്. പരീക്ഷ സെന്ററുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്വകാര്യ ഏജൻസിയെയാണ് എൻടിഎ ദേഹപരിശോധനയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചതെന്നാണ് അറിയുവാൻ സാധിക്കുന്നത്.
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ഏജൻസികളെ പരീക്ഷയുമായി ബന്ധപ്പെട്ട ചുമതലകൾ ഏൽപ്പിക്കുന്നത് എന്ന് വ്യക്തമല്ല. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്താവുന്ന ഒരു പരീക്ഷയുടെ ഉത്തരവാദിത്വം ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് വഴി അനിഷ്ടസംഭവങ്ങളുടെ സാധ്യത വർദ്ധിക്കുകയാണ്.
സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ ഉടൻ സ്വീകരിക്കുകയും വേണം. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും എൻടിഎയ്ക്ക് മാറിനിൽക്കാനാവില്ല.
ഈ ദുരനുഭവം മൂലം പരീക്ഷ കൃത്യമായി എഴുതാനാകാതെ പോയ വിദ്യാർത്ഥിനിക്ക് നഷ്ടപരിഹാരം നൽകാൻ എൻടിഎ തയ്യാറാകണമെന്നും എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.