- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെറെയും പെൺകുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ട്; പ്രായമോ സമൂഹത്തിലുള്ള സ്ഥാനമോ ഒന്നും ഒരിളവും അർഹിക്കുന്നില്ല; സ്ത്രീകളെ ട്രോമയിലേക്ക് തള്ളിവിടുന്ന അതിക്രമങ്ങളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം'; സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് സി.എസ്. ചന്ദ്രിക
കൊച്ചി: പെൺകുട്ടിയുടെ വിശദമായ വെളിപ്പെടുത്തലുകൾ വായിച്ചപ്പോൾ തോന്നിയത് എന്തുകൊണ്ടാണ് സിവിക് ചന്ദ്രൻ ഇത്ര ദിവസമായിട്ടും അറസ്റ്റ് ചെയ്യപ്പെടാത്തത് എന്നാണെന്ന് എഴുത്തുകാരി സി.എസ്. ചന്ദ്രിക. എത്രയും വേഗം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം. സിവിക് ചന്ദ്രൻ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ട്. പരാതി കൊടുത്ത സാഹിത്യകാരിയല്ലാതെ വെറെയും പെൺകുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ട്. അവരിൽ ഒരു പെൺകുട്ടിയോട് താൻ നേരിട്ട് സംസാരിച്ചതും വിവരങ്ങൾ അറിഞ്ഞതുമാണെന്നും സി.എസ്. ചന്ദ്രിക പറയുന്നു.
സ്ത്രീകളെ ട്രോമയിലേക്ക് തള്ളിവിടുന്ന ഈ അതിക്രമങ്ങളെ തുറന്നുകാട്ടേണ്ടതും നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടതുമാണ്. കേരളത്തിലെ സാംസ്‌കാരികമുഖങ്ങളിലൊന്നായ, കവിയായ, പ്രായമായ ഒരാളാണ്. അനുവാദം കൂടാതെ ശരീരത്തിൽ കടന്നുപിടിക്കുന്നത് അനുവദിച്ചുകൊടുക്കാൻ സാധിക്കില്ല. ലൈംഗികാസക്തിയോടെ മുറുക്കിപ്പിടിക്കുന്നതും ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതും ബലാത്സംഗ കുറ്റകൃത്യത്തിൽ പെടുന്നതാണ്. പ്രായമോ സമൂഹത്തിലുള്ള സ്ഥാനമോ അത്തരം സന്ദർഭങ്ങളിൽ ഒരിളവും അർഹിക്കുന്നില്ല.
ഇതൊരു വർക്സ്പേസ് ഹരാസ്മെന്റ് അല്ല. പാഠഭേദത്തിനകത്തെ ഐ.സി.സിയല്ല അന്വേഷണം നടത്തേണ്ടത്. നേരിട്ട് പൊലീസിൽ പരാതി നൽകാൻ സഹായിക്കുകയായിരുന്നു വേണ്ടത്. പാഠഭേദം നിരുത്തരവാദിത്തം കാണിച്ചു. സിവിക്കിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതൊരു ക്രമിനിൽ കുറ്റമാണ്.
സാഹിത്യലോകത്ത് ഇടം വാഗ്ദാനം ചെയ്ത് ട്രാപ് ചെയ്യുന്നത് ക്ഷമിക്കാവുന്ന കുറ്റമല്ല. ഇംഗിതത്തിനു വഴങ്ങിയില്ലെങ്കിൽ പരസ്യമായി ചീത്തവിളിക്കുകയും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് നോക്കിനിൽക്കാനാവില്ല. കുറ്റാരോപിതർ സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും ഉയർന്നുതന്നെ നിൽക്കുകയും അതിജീവിത പ്രിവിലേജുകൾ ഒന്നുമില്ലാത്തവളുമാണെന്നതാണ് ഈ കേസിലെ വസ്തുത.
കേസെടുത്താലും എളുപ്പത്തിൽ ജാമ്യം നേടി കുറ്റാരോപിതൻ സുരക്ഷിതമാവും. ട്രോമ അനുഭവിക്കുന്നത് എക്കാലവും ആക്രമിക്കപ്പെടുന്ന സ്ത്രീകളാണ്. ഇത്രയും വലിയ ലൈംഗികാതിക്രമങ്ങൾ ചെയ്യുന്നവർ മാപ്പ് പറഞ്ഞ് എളുപ്പത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതും പ്രതിരോധിക്കേണ്ടതാണ്. അതിജീവിതകളെ കൂടുതൽ പ്രതിസന്ധിയിലേക്കും നിസ്സഹായതയിലേക്കുമാണ് അത് തള്ളിവിടുകയെന്നും സി.എസ്. ചന്ദ്രിക പറയുന്നു.
സിവിക് ചന്ദ്രനെതിരായ പീഡന പരാതി ദളിത് ആക്ടിവിസ്റ്റും ഗാനരചയിതാവുമായ മൃദുല ദേവി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി സി എസ് ചന്ദ്രിക നേരത്തെ രംഗത്ത് എത്തിയിരുന്നു. താൻ നേരിട്ടറിയുന്ന ദളിത് പെൺകുട്ടിക്കെതിരെ സിവിക് ചന്ദ്രൻ ലൈംഗികമായി കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും അവൾ അപ്പോൾ തന്നെ തിരിച്ചടിച്ചുവെന്നും ചന്ദ്രിക വ്യക്തമാക്കിയിരുന്നു.
ദലിത് ആക്ടിവിസ്റ്റായ മൃദുലാദേവി സിവികിനു വേണ്ടി മാപ്പു പറഞ്ഞു എന്നും മൃദുല തന്നെ മധ്യസ്ഥ്യം വഹിച്ച് സിവിക് ഫോണിലൂടെ മാപ്പു പറഞ്ഞു എന്നുമുള്ള വിവരങ്ങളാണ് താൻ അറിഞ്ഞതെന്നും ചന്ദ്രിക നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
'സിവിക് ചന്ദ്രന്റെ ലൈംഗികാക്രമണം നേരിട്ട ഒരു പെൺകുട്ടി ഒടുവിൽ പൊലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി വാർത്ത കണ്ടു. സിവിക് ചന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായ ലൈംഗികാക്രമണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പലരും ഫേസ്‌ബുക്കിൽ എഴുതിയതു കണ്ടപ്പോഴെല്ലാം ആ പരാതിയുടെ വിശദവിവരങ്ങളറിയാത്തതുകൊണ്ട് കാത്തിരിക്കുകയായിരുന്നു. പ്രബലർക്കെതിരെ പരാതിപ്പെടുന്ന പെൺകുട്ടികൾ ഒറ്റപ്പെടാനും ഇനിയും വേദനിക്കാനും ഇട വരരുത്.'
'എഴുത്തുകാർ ആരും പ്രതികരിക്കുന്നില്ല എന്നുള്ള ബിന്ദു അമ്മിണിയുടെ പോസ്റ്റ് കണ്ടപ്പോൾ വിഷമം തോന്നിയതു കൊണ്ട് ആ പരാതിയെക്കുറിച്ച് ബിന്ദുവിനോട് തന്നെ ചോദിച്ചു. ഒരു സ്ത്രീയെ അല്ല പല സ്ത്രീകളെയും സിവിക് ഈ വിധം ലൈംഗികമായി കയ്യേറ്റം നടത്തിയിട്ടുള്ളതായും അവരിൽ ചിലരുടെ പേരുകളും ബിന്ദു പറഞ്ഞു. എനിക്ക് വളരെ അടുത്തു പരിചയമുള്ള, പ്രിയപ്പെട്ട ഒരു പെൺകുട്ടിയുടെ പേരു കൂടി ആ കൂട്ടത്തിൽ കേട്ടു. ഞാൻ ഫോണിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചു. അവൾ നേരിട്ട കയ്യേറ്റത്തിന്റെ നടുക്കുന്ന വിവരണങ്ങൾ കേട്ടു. അവൾ അപ്പോൾ തന്നെ തിരിച്ചടിച്ചു എന്നും പറഞ്ഞു. ദലിത് ആക്ടിവിസ്റ്റായ മൃദുലാദേവി സിവികിനു വേണ്ടി മാപ്പു പറഞ്ഞു എന്നും മൃദുല തന്നെ മധ്യസ്ഥ്യം വഹിച്ച് സിവിക് ഫോണിലൂടെ മാപ്പു പറഞ്ഞു എന്നുമുള്ള വിവരങ്ങളാണ് കേട്ടത്. തന്നോട് ആരും മാപ്പ് പറയേണ്ടതില്ല എന്ന് അന്നു തന്നെ അവൾ ശക്തമായി പറഞ്ഞിട്ടുമുണ്ട്.'
'നാലു വർഷങ്ങൾക്കു മുമ്പാണ് ഈ സംഭവം. പരാതിപ്പെട്ടാൽ ഉണ്ടാകാവുന്ന അരക്ഷിതമായ സാമൂഹ്യ, കുടുംബ സാഹചര്യങ്ങൾ കൊണ്ട് മാത്രമാണ് ഇതുവരേയും പരാതിപ്പെടാതിരിക്കുന്നത് എന്നും പറഞ്ഞു. കുറച്ചു കൂടി കഴിഞ്ഞ്, ശ്രദ്ധയോടെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ജോലി തീർത്താൽ തീർച്ചയായും എല്ലാം തുറന്നു പറയുമെന്നും അവൾ പറഞ്ഞു. ഒന്നല്ല, രണ്ടല്ല, മൂന്ന് ദലിത് പെൺകുട്ടികൾക്കു നേരെ സിവിക് ലൈംഗിക കയ്യേറ്റങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ പറഞ്ഞു.'
'ഈ അടുത്ത സമയത്ത് സിവികിന്റെ ലൈംഗിക പീഡനത്തിൽ പരാതിപ്പെട്ട മറ്റൊരു പെൺകുട്ടിയുടെ കേസിൽ പാഠഭേദത്തിനുള്ളിൽ തന്നെ മൃദുലാദേവിയുടെ മുൻകയ്യിലുള്ള അന്വേഷണങ്ങളാണ് നടക്കുന്നതെന്നും അറിഞ്ഞു. പാഠഭേദത്തിൽ അതിനുള്ള നിയമപരമായ സംവിധാനമുണ്ടോ എന്നെനിക്കറിയില്ല. പുറത്തു നിന്നുള്ള സ്ത്രീപ്രവർത്തകയെക്കൂടി ഉൾപ്പെടുത്തി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഐ സി സി അതിനുള്ളിലുണ്ടോ? കേസ് അന്വേഷിക്കുന്നതിന്റെ സിറ്റിങ് നടത്തിയ മിനിട്ട്സ് സൂക്ഷിക്കുന്നുണ്ടോ? പരാതിയിന്മേലുള്ള തീരുമാനം എന്തായിരുന്നു എന്നതൊക്കെ പാഠഭേദം ടീം പറയണം.'
'മറ്റുള്ളവർക്ക് പരസ്യമായി പ്രതികരിക്കണമെങ്കിൽ പൊലീസിൽ കേസ് വരണം എന്ന സ്ഥിതിയാണ്. പരാതിപ്പെടൽ പെൺകുട്ടികൾക്ക് സ്ത്രീകൾക്ക് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ്! അതോടെ സ്വന്തം പേരും മുഖവും സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായിപ്പോകും എന്ന ഗതികേട് പരാതിപ്പെടുന്നതിൽ നിന്ന് പലരേയും തടയുന്നുണ്ട്. ദുരിതങ്ങൾക്കു മുമ്പിൽ അതിജീവിതയാകാൻ തീരുമാനിച്ച് കാര്യങ്ങൾ തുറന്നു പറഞ്ഞ നടിയും ആലീസ് മഹാമുദ്രയും വി ആർ സുധീഷിനെതിരെ പരാതിപ്പെട്ട ഷെഹനാസും കേരളസമൂഹത്തിൽ നടത്തിയിട്ടുള്ള വിപ്ലവകരമായ ചുവടുവെയ്പ് ധൈര്യപൂർവ്വം പിന്തുടർന്നു കൊണ്ട് പരാതിപ്പെടാൻ കൂടുതൽ പെൺകുട്ടികൾ, സ്ത്രീകൾ വരിക തന്നെ ചെയ്യും.'
'സിവിക് ചന്ദ്രനെപ്പോലുള്ളവരോട് ഒന്നോർമ്മിപ്പിക്കട്ടെ. അതിയായ രോഷവും ദുഃഖവുമുണ്ട്. എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ, ബുദ്ധിജീവി എന്ന് പറഞ്ഞ് പുറത്തിറങ്ങുമ്പോൾ, പെൺകുട്ടികളെ കാണുമ്പോൾ അടക്കാനാവാത്ത കാമാർത്തി തോന്നുന്നവരാണെങ്കിൽ ദിവസവും നിങ്ങൾ ധാരാളം കടുക്ക കഷായം കുടിക്കണം. ലൈംഗികവികാരം വന്ന് ശ്രദ്ധ മാറാതിരിക്കാൻ ഗുസ്തിക്കാർ ചെയ്യാറുള്ളതുപോലെ തുണി നനച്ച് കട്ടിയിൽ കോണകമുടുത്തിട്ട് മാത്രം മേൽ വസ്ത്രം ധരിക്കണം. സ്ത്രീകളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും സൗഹൃദത്തോടെ അടുത്ത് പെരുമാറുകയും ചെയ്യുന്ന മറ്റ് എഴുത്തുകാരന്മാരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകന്മാരേയും കൂടിയാണ് വാസ്തവത്തിൽ നിങ്ങൾ അപമാനിക്കുന്നത്, ദ്രോഹിക്കുന്നത്.'
അതേസമയം ചന്ദ്രികയുടെ ആരോപണം നിഷേധിച്ച് മൃദുല ദേവി രംഗത്തെത്തിയിരുന്നു. ചന്ദ്രികയുടെ ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്ന് മൃദുല പറഞ്ഞു. സി എസ് ചന്ദ്രിക തനിക്കെതിരെ നടത്തിയ വ്യാജ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ അവർക്കെതിരെ മാനനഷ്ടക്കേസ് നൽകുന്നതാണെന്നും മൃദുല ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ