തലശേരി: കണ്ണൂർ ജില്ലയിൽ മോട്ടോർവാഹനവകുപ്പ് നടത്തിയ മിന്നൽ റെയ്ഡിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. മഴശക്തി പ്രാപിച്ചുവന്നതിനാൽ റോഡ് അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ ബസ് സ്റ്റോൻഡുകളും കേന്ദ്രീകരിച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് മിന്നൽ പരിശോധന നടത്തുകയായിരുന്നു.

എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തിയ നാല് ബസുകളും ഫിറ്റ്നസ്, ഇൻഷൂറൻസ് ഇല്ലാത്ത ഓരോബസുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായി എയർഹോൺ ഘടിപ്പിച്ച ഇരുപതോളം ബസുകളും സ്പീഡ് ഗവർണർ വിച്ഛേദിച്ച രീതിയിലുള്ള 15 ബസുകളും കസ്റ്റഡിയിലെടുത്തു.

ഇതുകൂടാതെ ബസ് ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന അലങ്കാരങ്ങളുണ്ടാക്കിയ സ്വകാര്യബസുകൾക്കെതിരെയും നടപടിയെടുത്തു. കണ്ണൂർ, പയ്യന്നൂർ, തളിപറമ്പ്, ആലക്കോട്,മയ്യിൽ, ശ്രീകണ്ഠാപുരം പഴയങ്ങാടി, ചാലോട്. അഞ്ചരക്കണ്ടി, ഇരിട്ടി, കൂത്തുപറമ്പ്, പാനൂർ, തലശേരി എന്നി ബസ് സ്റ്റാൻഡുകളിലാണ് റെയ്ഡ് നടന്നത്.വരുംദിവസങ്ങളിലുംറെയ്ഡ് തുടരുമെന്ന്മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു. റെയ്ഡിന് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.സി ഷീബയും കൺട്രോൾ റൂം ഇൻസ്പെക്ടർ റോണി വർഗീസും നേതൃത്വം നൽകി.