- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിലും ഹെലികോപ്റ്റർ സർവീസും ഒക്കെ പഴങ്കഥ; ഇനി ലോകത്തെ നിയന്ത്രിക്കുന്നത് ഫ്ളയിങ് ടാക്സികൾ; യാത്രാ സമയം നാലിൽ ഒന്നാക്കുന്ന പ്രത്യേക ഫ്ളയിങ് ടാക്സികൾ റെഡി; ഡ്രൈവറെ കൂടാതെ നാലു പേർക്ക് ഇനി ഞൊടിയിടയിൽ പറന്ന് ലക്ഷ്യ സ്ഥാനത്തെത്താം
കെ റെയിലിനെതിരെയുള്ള പ്രക്ഷോഭം കത്തി നിൽക്കുന്ന സമയത്ത് അതിനെ എതിർത്തവരിൽ ഒരു വിഭാഗം പറഞ്ഞത് കാലഹരണപ്പെട്ട വികസന ആശയമാണ് അതെന്നായിരുന്നു. ഒരുകാലത്ത് ഹൈസ്പീഡ് റെയിലിനു പുറകെ പരക്കം പാഞ്ഞിരുന്ന ചൈന പോലും അനുമതി കൊടുത്ത പല പ്രൊജക്ടുകൾ വേണ്ടെന്ന് വച്ച സമയത്ത് ഈ വാദം ഏറെക്കുറെ ശരിയുമായിരുന്നു. എന്നാൽ, ഇപ്പോൾ പുറത്ത് വരുന്ന വാർത്ത സൂചിപ്പിക്കുന്നത് ഹൈസ്പീഡ് റെയിലും ഹെലികോപ്റ്റർ സർവ്വീസുകളുമൊക്കെ കാലഹരണപ്പെട്ട സങ്കൽപങ്ങളാകാൻ പോകുന്നു എന്നാണ്.
നാല് നാലര മണിക്കൂർ കാറിൽ യാത്ര ചെയ്ത് എത്താനാകുന്ന സ്ഥലത്ത് വെറും മുപ്പത് മിനിറ്റുകൊണ്ട് നിങ്ങളെ എത്തിക്കുന്ന ഫ്ളയിങ് ടാക്സികൾ എത്തുന്നു എന്നതാണ് ആ വാർത്ത. കാലിഫോർണിയ ആസ്ഥാനമായജോബി ഏവിയേഷൻ ആണ് ഡ്രൈവർ ഉൾപ്പടെ അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ഫ്ളയിങ് ടാക്സികൾ ബ്രിട്ടനിലെത്തിക്കുന്നത്. അമേരിക്കയിൽ ഇതിന്റെ സുരക്ഷയെ കുറിച്ചും മറ്റുമുള്ള സെർട്ടിഫിക്കേഷൻ ലഭിച്ചാൽ അമേരിക്കയ്ക്ക് പുറമേ ബ്രിട്ടനിലും ഫ്ളൈയിങ് ടാക്സികൾ പ്രത്യക്ഷപ്പെടും.
ഒരു പുതിയ ഗതാഗത യുഗം ആരംഭിക്കുന്നു എന്നാണ് ജോബിഏവിയേഷൻ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ ജോബെൻ ബെവിർട്ട് പറയുന്നത്. കുതിരയിൽ നിന്നും മോട്ടോർ വാഹനങ്ങളിലേക്ക് മാറിയതുപോലെയും, കനാലുകളിൽ നിന്നും റെയിൽവേ ലൈനുകളിലേക്ക് മാറിയതുപോലെയും ഉള്ള, ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുന്ന മാറ്റമായിരിക്കും ഇതുവഴി ഗതാഗത മേഖലയിൽ ഉണ്ടാവുക എന്നും അദ്ദേഹം പറയുന്നു.
വ്യാവസായികാടിസ്ഥാനത്തിൽ ഫ്ളയിങ് ടാക്സികളുടെ നിർമ്മാണം വിപുലമാക്കുന്നതിന് നിർമ്മാണ ക്ഷമത ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഒരു പതിറ്റാണ്ടിനുള്ളിൽ ലക്ഷക്കണക്കിന് ആളൂകൾ ഫ്ളയിങ് ടാക്സി ഉപയോഗിക്കുന്നവരായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ എയർക്രാഫ്റ്റിന്റെ രൂപ കല്പന ബ്രിട്ടനിൽ ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായും കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഫാൺബറോവിലെ ഇന്റർനാഷണൽ എയർഷോയിൽ പങ്കെടുത്ത് ഇതിന്റെ മാതൃക അവതരിപ്പിച്ചുകൊണ്ടാണ് ജോബെൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
നിലവിൽ അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷന്റെ വാലിഡേഷനും ജോബി ശ്രമിക്കുന്നുണ്ട്. ഊബർ ഉൾപ്പടെയുള്ളവർ നിക്ഷേപകരായുള്ള ജോബി ഏവിയേഷൻ 2024 മുതൽ യു കെയിൽ സർവ്വീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ സെൻട്രൽ ലണ്ടനും സിറ്റി വിമാനത്താവളങ്ങൾക്കും ഇടയിലുള്ള റൂട്ടുകളിലായിരിക്കും സർവ്വീസ് നടത്തുക. ബ്രിട്ടനിലെ വിപണിയിൽ സാന്നിദ്ധ്യമുറപ്പിച്ച ശേഷം ജോബി കണ്ണൂ വയ്ക്കുന്നത് ജപ്പാനിലേയും ദക്ഷിണ കൊറിയയിലേയും വിപണികളാണ്.
മറുനാടന് മലയാളി ബ്യൂറോ