തലശേരി: കോൺഗ്രസ് പ്രവർത്തകനും റിട്ട.സ്പിന്നിങ് മിൽ തൊഴിലാളിയായിരുന്ന മഞ്ഞോടിയിലെ പാണ്ടിയിൽ വീട്ടിൽ രവീന്ദ്രൻ മരിച്ച സംഭവത്തിൽ രണ്ടുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. അടുത്ത ബന്ധുവിനെയും മറ്റൊരാളെയുമാണ് ക്രൈംബ്രാഞ്ച് കണ്ണൂർ സെൽ പരിശോധനയ്ക്ക് വിധേയമാക്കുക. ലോക്കൽ പൊലിസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കഴിഞ്ഞ നവംബർ മൂന്നിന് പുലർച്ചെയായിരുന്നു രവീന്ദ്രനെ വീട്ടിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേസിൽ രവീന്ദ്രന്റെ ഭാര്യയിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് തുടർനടപടി. മരണം കൊലപാതകമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ നിഗമനം. രവീന്ദ്രന്റെ കഴുത്തിൽ മുറിവേറ്റ പാടുണ്ട്. തൂങ്ങി മരിച്ച നിലയിലായിരുന്നു നിലത്ത് മൃതദേഹം കണ്ടെത്തിയത്.

എന്നാൽ കൊല നടന്നിട്ട് എട്ടുമാസം പിന്നിട്ടിട്ടും കൊലയ്ക്കു പിന്നിൽ ആരാണെന്ന് ഇതുവരെ പൊലിസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവദിവസം പുലർച്ചെ വീട്ടിനു പുറകിലെ കുളിമുറിയുടെ വരാന്തയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിൽ പിടിവലി നടന്നതിന്റെ അടയാളങ്ങളും ക്ഷതങ്ങളുമുണ്ട്. ഇതാണ് കൊലപാതകമാണെന്ന് പൊലിസ് സംശയിക്കാൻ കാരണം. മഞ്ഞോടിയിലെ അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകനാണ് പാണ്ടിയിൽ രവീന്ദ്രൻ. ഇദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതനീക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.