കണ്ണൂർ: പാപ്പിനിശ്ശേരിയിൽ റെയിൽ പാളത്തിൽ കരിങ്കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറിക്കാൻ നടത്തിയ നീക്കത്തിൽ മതതീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനും വളപട്ടണം പാലത്തിനുമിടയിൽ മൂന്ന് നാല് തവണയായി പാളത്തിന് മുകളിൽ വലിയ കരിങ്കല്ലുകൾ വെച്ച് തീവണ്ടി അട്ടിമറിക്കാനുള്ള നീക്കം നടന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസവും ഏതാണ്ട് നാല് മീറ്റർ നീളത്തിൽ വലിയ കരിങ്കൽ ചീളുകൾ വെച്ച് അട്ടിമറി ശ്രമം ആവർത്തിച്ചു.

നാട്ടുകാർ പറയുന്നത് ഇതിന് മുമ്പും ഇതേ പോലെ തന്നെയുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ്. ഇതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഗൂഢാലോചനയുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഒരു തവണ മാത്രമായിരുന്നുവങ്കിൽ അതിനെ നിസ്സാരമായി തള്ളാമായിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.

കഴിഞ്ഞ ദിവസം മലബാർ എക്‌സപ്രസ്സിന്റെ ലോക്കോ പൈലറ്റ് സംഭവം ശ്രദ്ധയിൽപ്പെട്ട് വേഗത കുറച്ചതുകൊണ്ടും പെട്ടെന്ന് തന്നെ വണ്ടി നിർത്താൻ സധിച്ചതുകൊണ്ടുമാണ് വലിയ അപകടമൊഴിവായത്. കരിങ്കല്ലുകൾ പാളത്തിൽ വെച്ചത് മസ്സിലാക്കിയില്ലായിരുന്നുവെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. ഇതിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സാധാരണയായി തീവ്രവാദ സംഘടനകളാണ് ഇത്തരം കാര്യങ്ങൾ ചെയ്യുക. ഇത് സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കില്ല. ഇത്രയും സംഭവങ്ങളുണ്ടായിട്ടും സംസ്ഥാന പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയതായി കാണാൻ സാധിക്കുന്നില്ല. അതിനാൽ സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം നടത്തണമെന്നും സംഭവം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, മേഖലാ സെക്രട്ടറി കെ.പി. അരുൺ, കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി.വി. സുമേഷ്, മാടായി മണ്ഡലം പ്രസിഡന്റ് റിനോയ് ഫിലിപ്പ്, ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ്, ആർജ്ജുൻ മാവിലക്കണ്ടി എന്നിവരും കൃഷ്ണദാസിനോടൊപ്പുമുണ്ടായിരുന്നു.