കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അനുയായിയുടെ വസതിയിൽ നിന്ന് ഇഡി 20 കോടിയോളം കണ്ടെത്തി. ബംഗാളിലെ അദ്ധ്യാപക നിയമന കോഴവിവാദവുമായി ബന്ധപ്പെട്ടാണ് അർപിത മുഖർജിയുടെ വീട്ടിലെ റെയ്ഡ്. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണത്തെ തുടർന്നായിരുന്നു ഇഡിയുടെ റെയ്ഡ്.

നോട്ടെണ്ണൽ മെഷീന്റെ സഹായത്തോടെ പണം എണ്ണിയെടുക്കാൻ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ട് ഇഡി. 2000 ത്തിന്റെയും 500 ന്റെയും നോട്ടുകളാണ് കൂടുതൽ. വസതിയുടെ പരിസരത്ത് നിന്ന് ഇരുപതിലേറെ മൊബൈൽ ഫോണുകളും കണ്ടെടുത്തു. ചാറ്റർജിയുടെ വസതി കൂടാതെ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, മാണിക് ഭട്ടാചാര്യ എംഎൽഎ എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ കോഴ വാങ്ങി നിയമനം നടത്തിയെന്ന ആരോപിക്കുന്ന സമയത്ത് പാർത്ഥ ചാറ്റർജി ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. ഇപ്പോൾ, അദ്ദേഹം വ്യവസായ-വാണിജ്യകാര്യ മന്ത്രിയാണ്.

അനധികൃത രേഖകൾ, റെക്കോർഡുകൾ, വ്യാജ കമ്പനികളുടെ വിവരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസികൾ, സ്വർണം എന്നിവ ഈ വീടുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പാർത്ഥ ചാറ്റർജിക്ക് ഈ തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. പാർത്ഥ ചാറ്റർജിയോടൊപ്പം പ്രവർത്തിച്ചിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെ വസതികളിലും റെയ്ഡ് നടത്തുന്നുണ്ട്.

തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുന്ന കേന്ദ്ര സർക്കാർ തന്ത്രമാണ് റെയ്്ഡിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ, അധികാര ദുർവിനിയോഗവും അഴിമതിയുമാണ് തൃണമൂൽ സർക്കാരിന്റെ മുഖമുദ്രയെന്ന് ബിജെപി തിരിച്ചടിച്ചു.