കണ്ണൂർ: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ കോർപറേഷൻ കൗൺസിൽ കിഴുന്നവാർഡ് അംഗവും കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ പി.വി കൃഷ്ണകുമാറിനെ പുറത്താക്കി കോൺഗ്രസ്. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത വിധത്തിൽ പ്രവർത്തിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാഷനൽകോൺഗ്രസിൽ നിന്നും പി.വി കൃഷ്ണകുമാറിനെ സസ്പെൻഡ് ചെയ്തതായി ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു.

കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറായ പി.വി കൃഷ്ണകുമാർ സഹകരണ സൊസൈറ്റി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇയാൾ ജീവനക്കാരിയെ സ്ഥാപനത്തിന്റെ സ്റ്റോർറൂമിൽ നിന്നും പുറകിലൂടെ കയറിപിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം എടക്കാട് പൊലിസിന് ലഭിച്ചിരുന്നു. എതിർക്കാൻ ശ്രമിച്ച യുവതിയെ ബലംപ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പൊലിസ് പറയുന്നത്.

കഴിഞ്ഞ 15നാണ് കോൺഗ്രസ് നിയന്ത്രിത സഹകരണസംഘം ജീവനക്കാരിയെ കൃഷ്ണകുമാർ മറ്റുജീവനക്കാരില്ലാത്ത സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനവിവരം യുവതി ആദ്യംപുറത്ത് പറഞ്ഞിരുന്നില്ല. സംഭവത്തിന് ശേഷം യുവതി ജോലിക്ക് പോവുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല. യുവതിയുടെ മാനസിക നിലയിലുണ്ടായ മാറ്റം കണ്ടപ്പോൾ ഭർത്താവും വീട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുപറയുന്നത്.

തുടർന്ന് എടക്കാട് പൊലിസിലും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്കും പരാതി നൽകുകയായിരുന്നു. സഹകരണസംഘത്തിലെ മറ്റ് ജീവനക്കാർ പുറത്തുപോയ സമയം നോക്കി എത്തിയ കൃഷ്ണകുമാർ തന്നെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം കൗൺസിലർ ഒളിവിൽപോയിരിക്കുകയാണ്. ഇദ്ദേഹം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന കൃഷ്ണകുമാർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് തൽസ്ഥാനത്തു നിന്നും മാറിയത്. നേരത്തെ കോൺഗ്രസ് നിയന്ത്രിത സഹകരണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കൃഷ്ണകുമാർ. ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് എടക്കാട് പൊലിസ് അറിയിച്ചു.