കാഞ്ഞങ്ങാട് : കാസർകോട്ടെ വിജിലൻസ് സംഘം കാഞ്ഞങ്ങാട് നഗരസഭ പ്രദേശങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നമ്പറില്ലാതെ പ്രവർത്തിക്കുന്ന രണ്ട് പ്രധാന ഫ്‌ളാറ്റുകൾ കണ്ടെത്തി.
കല്ലൂരാവി റോഡിൽ പ്രവർത്തിക്കുന്ന ബഷീർ ക്വാർട്ടേഴ്‌സ്, ഫസലുൽ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്വാർട്ടേഴ്‌സ് എന്നിവയാണ് നഗരസഭ നമ്പർ പോലുമില്ലാതെ രണ്ട് വർഷക്കാലമായി കുടുംബങ്ങൾ താമസിച്ചു വരുന്നതായി കണ്ടെത്തിയത്.

താഴത്തെ നിലയിൽ ഷോപ്പു മുറികളും, മുകൾ നിലയിൽ ഫ്‌ളാറ്റുകളും നിർമ്മിച്ച് വാടകയ്ക്ക് കൊടുത്തതായി കണ്ടെത്തിയിട്ടും നഗരസഭ ഈ അനധികൃത ഫ്‌ളാറ്റുകൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ ഫ്‌ളാറ്റുകൾ നിർമ്മിച്ചതും നിർമ്മാണച്ചട്ടങ്ങൾ പാടെ ലംഘിച്ചുകൊണ്ടാണ്. നികുതി ഇനത്തിൽ തന്നെ കഴിഞ്ഞ രണ്ട് വർഷക്കാലമായി നല്ലൊരു തുക നഗരസഭയ്ക്ക് നഷ്ട്ടം വന്നിട്ടുണ്ട്

കാഞ്ഞങ്ങാടിന്റെ തീരദേശമായ അനന്തംപള്ള യിൽ ഒരു സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടം ഭാരതീയ സ്റ്റേറ്റ് ബാങ്ക് കാഞ്ഞങ്ങാട് ശാഖ പ്രവർത്തിച്ചു വരുന്ന പുതിയ കോട്ടയിലെ വിജയമാൾ,രാംനഗർ റോഡിലുള്ള എമിറേറ്റ്‌സ് കെട്ടിടം, നോർ കോട്ടച്ചേരി പത്മപോളി ക്ലിനിക്കിന് എതിർവശത്തുള്ള പുതിയ കെട്ടിടം എന്നിവയും വിജിലൻസ് സംഘം പരിശോധിച്ചു. ഈ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട 5 സുപ്രധാന ഫയലുകൾ നഗരസഭ യിൽ നിന്ന് വിജിലൻസ് അധികൃതർ പിടിച്ചെടുത്തുകൊണ്ടുപോയിട്ടുണ്ട്.