- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ടുചെയ്ത 99 ശതമാനം കേസിലും രോഗബാധിതർ പുരുഷന്മാർ; അതിൽ 98 ശതമാനം പേരും പുരുഷന്മാരായ സ്വവർഗാനുരാഗികൾ; രോഗം പടർത്തുന്നതും ലൈംഗിക ബന്ധം; 13 വർഷത്തിനിടെ ഏഴാമത്തെ ആഗോള പകർച്ച വ്യാധി; മങ്കിപോക്സിൽ വേണ്ടത് കരുതലുകൾ
ലണ്ടൻ: കോവിഡ് മഹാമാരിക്ക് ശേഷം മങ്കി പോക്‌സിനെയും ലോകാരോഗ്യം സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചർച്ചയാകുന്നത് രോഗത്തിന്റെ വ്യാപനശേഷി. ലോകത്ത് പല രാജ്യങ്ങളിലും മങ്കി പോക്‌സ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ഇതുവരെ 72 രാജ്യങ്ങളിലാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഇതിൽ 70 ശതമാനം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ്. 13 വർഷത്തിനിടെ ഏഴാമത്തേതാണ് ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിക്കുന്ന മങ്കിപോക്‌സ്
വിദഗ്ധസമിതിയംഗങ്ങളിൽ പലരുടെയും അഭിപ്രായത്തിന് വിരുദ്ധമായാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് തീരുമാനമെടുത്തത്. 70 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെ സാഹചര്യം അസാധാരണമായെന്ന് പറഞ്ഞുകൊണ്ടാണ് പ്രഖ്യാപനമുണ്ടായത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നാൽ ലോകാരോഗ്യസംഘടനയുടെ ഏറ്റവുംവലിയ ജാഗ്രതാനിർദ്ദേശങ്ങളിലൊന്നാണ്. മങ്കിപോക്‌സിനെ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാൻ രണ്ടുതവണ എമർജൻസിവിഭാഗം യോഗം ചേർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ അതിന്റെ അവിശ്യമില്ലെന്നായിരുന്നു വിദഗ്ധോപദേശം. ഇതു തള്ളിയാണ് പ്രഖ്യാപനം.
അന്താരാഷ്ട്രസമൂഹം രോഗവ്യാപനത്തെ ഗൗരവത്തോടെ കാണാൻ ഉദ്ദേശിച്ചുള്ളതാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി വിഭാഗം മേധാവി ഡോ. മൈക്കിൾ റയാൻ വിശദീകരിച്ചു. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിൽ പതിറ്റാണ്ടുകളായി മങ്കിപോക്‌സ് ഉണ്ടായിരുന്നെങ്കിലും മറ്റു ഭൂഖണ്ഡങ്ങളിൽ ക്രമാതീതമായി വ്യാപിക്കാൻ തുടങ്ങിയത് മെയ് മുതലാണ്. ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ടുചെയ്ത 99 ശതമാനം കേസിലും രോഗബാധിതർ പുരുഷന്മാരാണെന്നും 98 ശതമാനം പേരും പുരുഷന്മാരായ സ്വവർഗാനുരാഗികൾ ആണെന്നും ലോകാരോഗ്യസംഘടനയുടെ മങ്കിപോക്‌സ് നിരീക്ഷക ഡോ. റോസമുണ്ട് ലൂയിസ് പറഞ്ഞു.
95 ശതമാനം മങ്കി പോക്‌സോ കേസുകളും ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് സംശയിക്കുന്നതായി ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. 16 രാജ്യങ്ങളിലായി 2022 ഏപ്രിൽ 27നും ജൂൺ 24നും ഇടയിലെ രോഗബാധ അടിസ്ഥാനമാക്കിയാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇതിൽ 98 ശതമാനവും സ്വവർഗാനുരോഗികളോ ബൈസെക്ഷ്വലോ ആയ പുരുഷന്മാർ ആയിരുന്നു. ഇതിൽത്തന്നെ 41 ശതമാനം പേർക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നും കണ്ടെത്തി. ഇത് ആശങ്കയായി മാറുന്നു.
രോഗബാധിതരിൽ നിന്ന് ചുണങ്ങ്, ചൊറി, ശരീര സ്രവങ്ങൾ, എന്നിവയുമായി നേരിട്ടോ ചർമ്മം വഴിയോ ഉള്ള സമ്പർക്കം വഴി രോഗം പകരാമെന്ന് ഗവേഷകർ പറയുന്നു. രോഗം ബാധിച്ച ഒരാളുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കുന്നത് പോലും രോഗബാധയക്ക് കാരണമാകും. രോഗബാധിതരുമായി അകലം പാലിക്കുന്നതും അണുബാ ധയുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഒഴിവാക്കുന്നതും നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
2005-ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ അനുസരിച്ചാണ് ഒരു പകർച്ചവ്യാധിയെ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി (പി.എച്ച്.ഇ.ഐ.സി.) പ്രഖ്യാപിക്കുന്നത്. രോഗം ഉദ്ഭവിക്കുന്ന രാജ്യത്തിനുപുറമേ കൂടുതൽ രാജ്യങ്ങൾക്ക് ഭീഷണിയാവുകയും പ്രതിരോധത്തിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാവുകയും ചെയ്യുന്ന സാഹചര്യമാണ് ആരോഗ്യ അടിയന്തരാവസ്ഥ. ലോകാരോഗ്യസംഘടനയുടെ 16 അംഗ മങ്കിപോക്‌സ് എമർജൻസി കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത് കോംഗോയിൽനിന്നുള്ള ജീൻ മേരി ഒക്വോ ബെലെ ആണ്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കിപോക്‌സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്.