പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് ആൺകുട്ടികളും പെൺകുട്ടികളും ബസ് സ്റ്റോപ്പിൽ ഒരുമിച്ച് ഇരുന്നതിന്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേരെക്കൂടി അറസ്റ്റിൽ. പനയംപാടം അങ്ങാടിക്കാട് സ്വദേശികളായ എ.എ. ഷമീർ, അക്‌ബറലി, എ.എ.ഷമീർ എന്നിവരെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇതോടെ, വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ഇതുവരെ അഞ്ച് പേർ അറസ്റ്റിലായി.

അഞ്ച് വിദ്യാർത്ഥികളാണ് മർദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ സിഡബ്ല്യുസി ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും കല്ലടിക്കോട് പൊലീസിനോടും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ഒരുമിച്ചിരുന്നതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് മർദനമേറ്റ സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സമിതി അധികൃതർ പറഞ്ഞു.

സദാചാര ആക്രമണം നടന്ന സംഭവത്തിൽ കേസുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. ഇപ്പോഴുള്ള കേസ് മാത്രമല്ല പല കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു.

കുട്ടികളെ ദേഹോപദ്രവമാണ് ഏൽപ്പിച്ചിരിക്കുന്നത്. അത് അനുവദിച്ചുകൊടുക്കാൻ സാധിക്കുന്ന ഒന്നല്ല. നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും ഇത്തരത്തിലുള്ള അതിക്രമങ്ങൾ തുടരും. ഈ പരിപാടി നിർത്തണം. ഈ കുട്ടികൾ ഇനിയും ഒരു വർഷം അവടെ പഠിക്കേണ്ടതാണ്. നാളെ ഇതുപോലുള്ള അനുഭവം ഉണ്ടായാൽ അത് ബുദ്ധിമുട്ടാണ്. കുട്ടികളുടെ ദേഹത്ത് കൈവെക്കാനുള്ള അവകാശം ആർക്കുമില്ലെന്നും രക്ഷിതാക്കൾ പ്രതികരിച്ചു. തുടക്കത്തിൽ ഒത്തുതീർപ്പിന് ശ്രമം നടന്നെങ്കിലും നിലവിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരിൽ വിദ്യാർത്ഥികളെ നാട്ടുകാർ മർദിച്ചതിൻെ പേരിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബസ് സറ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് വിദ്യാർത്ഥികൾ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചിച്ചിരുന്നു. പ്രദേശത്ത് എസ്.എഫ്.ഐയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സംഭവത്തിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരിമ്പ സ്വദേശികളായ സിദ്ദിഖ്, ഹരീഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. പ്രദേശത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

വെള്ളിയാഴ്ച വൈകിട്ട് സ്‌കൂൾ വിട്ട ശേഷം ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കു നേരെയാണ് സദാചാര ആക്രമണം ഉണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്ത് ഇരുന്നതിനെ ചോദ്യം ചെയ്യുകയും അസഭ്യം പറഞ്ഞ് ആൺകുട്ടികളെ ആക്രമിച്ചെന്നുമാണ് പരാതി. മുഖത്തിനും കൈക്കും പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പനയംപാടത്തെ സ്റ്റോപ്പിൽ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് ബസ് സ്റ്റോപ്പിൽ അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. അവിടേക്കെത്തിയ ഒരു നാട്ടുകാരൻ തങ്ങൾ ഒരുമിച്ചിരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദ്ദിക്കാനൊരുങ്ങുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് തങ്ങളെ മർദിച്ചെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.