തിരുവനന്തപുരം - അത്യന്തം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാൽ പ്രയാസപ്പെടുന്ന അബ്ദുന്നാസിർ മഅ്ദനിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്‌നി സംബന്ധമായ രോഗങ്ങൾ അടക്കം അദ്ദേഹത്തിന്റെ ആരോഗ്യ നില അത്യന്തം വഷളായിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങൾ പറഞ്ഞ് ബാംഗ്ലൂരിലെ പല ആശുപത്രികളും അദ്ദേഹത്തിന്റെ ചികിത്സാ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുന്നത്. കേരളത്തിലെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാകേണ്ടത് അനിവാര്യമാണ്.

നിലവിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ബാംഗ്ലൂരിന് പുറത്ത് ചികിത്സ നേടാൻ അദ്ദേഹത്തിനാകില്ല. ഇത് സംബന്ധിച്ച ഇളവ് തേടിയുള്ള ഹർജിയെ കർണാടക സർക്കാർ ശക്തമായി എതിർക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി കർണാടക സർക്കാരുമായി ചർച്ച നടത്തി ഇതിന് ഒരു പരിഹാരം കാണണം. അതിനായില്ലെങ്കിൽ കേരളത്തിൽ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാനാവശ്യമായ നിയമ നടപടികളുടെ സാദ്ധ്യത ആരായണം. തീർത്തും നിരപരാധിയായ മഅ്ദനിയുടെ വിചാരണ അനന്തമായി നീളുകയാണ്. നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രിം കോടതി നിർദ്ദേശം വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞു. വിചാരണാ തടവുകാരാനായി അദ്ദേഹത്തെ അനന്ത കാലം ശിക്ഷിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. സമാനതകളില്ലാത്ത നീതിനിഷേധത്തിന്റെ ഇരയായ മഅ്ദനിയുടെ നീതിക്ക് വേണ്ടി കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു