പൊടിമറ്റം: വൈദികരും സന്യസ്തരും അല്മായരും ഒത്തുചേർന്നുള്ള വിശ്വാസിസമൂഹത്തിന്റെ ഇടവകതല നേതൃസമ്മേളനങ്ങൾ സഭയിൽ പുത്തനുണർവ്വ് സൃഷ്ടിച്ച് കൂട്ടായ്മയും കുടുംബ ബന്ധങ്ങളും കൂടുതൽ ആഴപ്പെടുത്തി സുവിശേഷദൗത്യം നിർവ്വഹിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ.

കാഞ്ഞിരപ്പള്ളി രൂപതയിലെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ്ണജൂബിലിയോടനുബന്ധിച്ചു നടന്ന ഇടവക നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ തറയിൽ.

തുരുത്തുകളായി മാറിനിൽക്കാതെ സഭയിലെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായുള്ള മുന്നേറ്റം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭക്തരെക്കാളുപരി ശിഷ്യരെയാണ് സഭയ്ക്ക് ആവശ്യം. സഭാസ്ഥാപനങ്ങളിലൂടെ സമൂഹം വളർന്നു; സഭ വളർന്നുവോ എന്ന് ചിന്തിക്കണം. വേർതിരിവുകളില്ലാതെ ഒരുമിച്ചു നിൽക്കുമ്പോൾ മാത്രമാണ് സഭ കൂടുതൽ ശക്തിപ്പെട്ട് വളർച്ച പ്രാപിക്കുന്നത്. ദൗത്യങ്ങളെക്കുറിച്ച് ക്രൈസ്തവർക്ക് ബോധ്യമുണ്ടാകണം. പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആഗോള കത്തോലിക്കാസഭയ്ക്ക് പുതുമയല്ല. ദൈവത്തിലാശ്രയിച്ച് നൂറ്റാണ്ടുകളായി അതിജീവിച്ചവരാണ് നാം. രണ്ടായിരത്തിലേറെ വർഷക്കാലമായി ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സഭയെ ഏറെ അഭിമാനത്തോടെ സഭാമക്കൾ കാണണം. സഭാമക്കളിൽ കൂടുതൽ സ്വത്വബോധവും സമുദായ ബോധവും സഭാബോധ്യങ്ങളും ആഴത്തിൽ വളർത്തിയെടുക്കുവാൻ ഇടവകതല നേതൃസമ്മേളനങ്ങൾക്കാവുമെന്നും മാർ തോമസ് തറയിൽ സൂചിപ്പിച്ചു.

സെന്റ് മേരീസ് പള്ളി വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, എസ്.എച്ച്. പ്രൊവിൻഷ്യൽ സി.മേരി ഫിലിപ്പ്, ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് ജോർജ് രണ്ടുപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു. ഇടവക നേതൃസംഗമത്തിനോടനുബന്ധിച്ച് 50 അംഗ ജൂബിലി ഗായകസംഘം നേതൃത്വം നൽകിയ ഗാനശുശ്രൂഷയും നടത്തപ്പെട്ടു.

സഹവികാരി ഫാ. മാത്യു കുരിശുംമൂട്ടിൽ, ട്രസ്റ്റിമാരായ റെജി കിഴക്കേത്തലയ്ക്കൽ, സാജു പടന്നമാക്കൽ, സിസ്റ്റർ അർച്ചന എഫ്.സി.സി., സിസ്റ്റർ ലിൻസി സി.എം.സി. എന്നിവർ നേതൃസംഗമത്തിന് നേതൃത്വം നൽകി. പാരീഷ് കൗൺസിൽ അംഗങ്ങൾ, കുടുംബക്കൂട്ടായ്മാ ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ, വിശ്വാസപരിശീലന അദ്ധ്യാപകർ, കൂട്ടായ്മ ആനിമേറ്റേഴ്സ്, സുവർണ്ണജൂബിലി കമ്മറ്റി അംഗങ്ങൾ, അൾത്താര ബാലന്മാർ, ഗായകസംഘാംഗങ്ങൾ ഇവകയ്ക്കുള്ളിലെ സ്ഥാപനങ്ങളുടെയും സന്യാസഭവനങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവർ നേതൃസമ്മേളനത്തിൽ പങ്കുചേർന്നു.