- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ ലോട്ടറി : നികുതികൾ സംബന്ധിച്ചു ജേതാക്കൾക്കു വിവരം നൽകണം
കോട്ടയം: കേരളാ ലോട്ടറി നറുക്കെടുപ്പിൽ സമ്മാനാർഹർ നൽകേണ്ട നികുതികൾ സംബന്ധിച്ചു ലോട്ടറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാൽ വലിയ തുകകൾ സമ്മാനം ലഭിക്കുന്നവർക്കു പിന്നീട് വൻ ബാധ്യതകൾ ഉണ്ടാവാൻ സാധ്യത നിലനിൽക്കുന്നതായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കേരളാ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച പാലാ കണ്ണാടിയുറുമ്പ് മഠത്തിൽപറമ്പിൽ അന്നമ്മ ഷൈജു എന്നയാളാണ് സഹായം തേടി ഫൗണ്ടേഷനെ സമീപിച്ചത്. തുടർന്നു ലോട്ടറി വകുപ്പിൽ അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭ്യമാക്കിയില്ല. ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റിൽ സമീപിച്ചപ്പോൾ നികുതി അടയ്ക്കേണ്ടി വരുമെന്നു അറിയിച്ചു. ഇതു പ്രകാരം പാലായിലെ നമ്പ്യാർ ആൻഡ് തോമസ് ചാറ്റേർഡ് അക്കൗണ്ടന്റിനെ സമീപിച്ചു. അവരാണ് അടയ്ക്കേണ്ട നികുതി സംബന്ധിച്ചു വിവരങ്ങൾ ലഭ്യമാക്കിയത്.
ഒരു കോടി സമ്മാനത്തുകയിൽ ഏജൻസി കമ്മീഷൻ 12 ശതമാനമായ പന്ത്രണ്ട് ലക്ഷം രൂപ ആദ്യം കുറയ്ക്കും. ബാക്കി വരുന്ന 88 ലക്ഷം രൂപയുടെ മുപ്പത് ശതമാനം ആദായ നികുതി തുകയായ ഇരുപത്തി ആറു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിടിച്ച ശേഷം ലോട്ടറി ജേതാവിന് നൽകിയത് അറുപത്തി ഒന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ്. അങ്ങനെ കിട്ടിയ പണം കടബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ചെലവൊഴിക്കും. എന്നാൽ 50 ലക്ഷത്തിൽ കൂടുതൽ സമ്മാനം ലഭിച്ചതിനാൽ ടാക്സിന്റെ 10 ശതമാനം സർചാർജും ടാക്സിന്റെയും സർചാർജിന്റെയും നാലു ശതമാനം സെസും സമ്മാന ജേതാവിന്റെ ബാധ്യതയായി നില നിൽക്കും.
ഇതു സംബന്ധിച്ചു ലോട്ടറി വകുപ്പ് നിർദ്ദേശമൊന്നും നൽകാത്തതിനാൽ കിട്ടിയ പണം ചിലവഴിച്ചു കഴിഞ്ഞ് നാളുകൾക്കു ശേഷമാകും ഇൻകം ടാക്സ് നോട്ടീസ് ലഭിക്കുക. ഇതിൽ അടയ്ക്കാതിരുന്ന കാലത്തെ പലിശയും പെനാൽറ്റിയും ഉൾപ്പെടെ വൻ ബാധ്യതയാണ് സമ്മാന ജേതാവിനുണ്ടാകുക. ഇൻകം ടാക്സ് ലോട്ടറി വകുപ്പ് പിടിച്ചിട്ടാണ് ബാക്കി തുക ലഭ്യമാക്കുന്നത്. സർച്ചാർജും സെസും പിടിക്കാതിരിക്കുകയും ഇതു സംബന്ധിച്ച് അറിയിപ്പ് നൽകാതിരിക്കുകയും ചെയ്യുന്നത് വഞ്ചനയാണ്.
ഈ കേസിൽ ഇൻകം ടാക്സ് 26,40,000 രൂപയും 2,64,000 സർചാർജും ഇവയുടെ സെസ് 1,16,160 രൂപയും ചേർത്ത് മുപ്പത് ലക്ഷത്തി ഇരുപതിനായിരത്തി ഒരു നൂറി അറുപത് രൂപയാണ് ആകെ നികുതി ബാധ്യത വന്നിരുന്നത്. ഇതിൽ 26,40,000 രൂപ ഇൻകംടാക്സ് ലോട്ടറി വകുപ്പ് പിടിച്ചതിനാൽ ബാക്കി ബാധ്യത മൂന്നു ലക്ഷത്തി എൺപതിനായിരത്തി ഒരു നൂറ്റി അറുപത് രൂപയാണ് വന്നിരിക്കുന്നത്. അത് കൃത്യസമയത്ത് അടയ്ക്കാത്തതിനാൽ പലിശയും മറ്റും 30,597 രൂപ കൂടി ചേർത്ത് അവർക്ക് നാലു ലക്ഷത്തി പതിനായിരത്തി എഴുനൂറ്റി അറുപത് രൂപ ഈ 31 നുള്ളിൽ അടയ്ക്കണമെന്നാണ് ചാറ്റേർഡ് അക്കൗണ്ടന്റ് അറിയിച്ചിരിക്കുന്നത്. സമയത്ത് അടച്ചില്ലെങ്കിൽ തുക മാസം തോറും ഉയരും. ലോട്ടറി വകുപ്പ് നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിൽ വെറുതെ പണം നഷ്ടമാകില്ലായിരുന്നു. വിവരം ലഭിച്ചിരുന്നെങ്കിൽ ഈ ബാധ്യത കൂടി കണക്കിലെടുത്തേ സമ്മാന ജേതാവ് പണം ചെലവാക്കുകയുള്ളൂ. നികുതി നേരത്തെ അടയ്ക്കാനും സാധിക്കുമായിരുന്നു.
ഒരു കോടി സമ്മാനം അടിച്ച ആളുടെ അവസ്ഥ ഇതാണെങ്കിൽ 10 കോടിയും പുതിയ 25 കോടിയും സമ്മാനം ലഭിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഫൗണ്ടേഷൻ ചോദിച്ചു. സർചാർജും സെസും അടയ്ക്കേണ്ടങ്കിൽ അക്കാര്യം ലോട്ടറി വകുപ്പ് വ്യക്തമാക്കണം. ലോട്ടറിയിൽ സമ്മാനം ലഭിച്ചതിന്റെ പേരിൽ ജേതാക്കൾക്കു ഭാവിയിൽ ബാധ്യത ഉണ്ടാവാതിരിക്കാൻ നിർദ്ദേശങ്ങൾ നൽകാൻ ലോട്ടറി വകുപ്പിന് ഉത്തരവാദിത്വമുണ്ട്.
സർക്കാർ ലോട്ടറി സംബന്ധിച്ചു ഒട്ടേറെ പരാതികൾ ഉയരാറുണ്ട്. നികുതി അടയ്ക്കുന്നതു സംബന്ധിച്ചു കൃത്യമായി രേഖാമൂലം ലോട്ടറി ജേതാക്കൾക്കു വിവരം കൊടുക്കാൻ ലോട്ടറി വകുപ്പ് തയ്യാറാകണം. ഒരു ലക്ഷത്തിനു മുകളിൽ സമ്മാനത്തുകയുള്ള ലോട്ടറി ലഭ്യമായതു സംബന്ധിച്ചു ജേതാക്കൾക്കു ഔദ്യോഗികമായി രേഖകൾ സർക്കാർ നൽകണം. മറ്റു ചെറിയ നറുക്കെടുപ്പുകൾക്കു പോലും ടിക്കറ്റ് എടുക്കുന്നവരുടെ പേര് കൗണ്ടർ ഫോയിലിൽ രേഖപ്പെടുത്താറുണ്ട്. ലോട്ടറിയിലും കൗണ്ടർ ഫോയിലും പേരും ഫോൺ നമ്പരും എഴുതാൻ നടപടി സ്വീകരിക്കണം. കള്ള പണമിടപാട് ഒഴിവാക്കാൻ ഇതു വഴി സാധിക്കും. ലോട്ടറിക്കു പിന്നിൽ പലതും എഴുതിയിട്ടുണ്ട്. വായിക്കാൻ പാടില്ലാത്ത വിധം ചെറിയ അക്ഷരത്തിലും ഇംഗ്ലീഷിലുമാണ് ഇപ്പോൾ എഴുതിയിരിക്കുന്നത്. ഭരണഭാഷ മലയാളമാണ്. ഇംഗ്ലീഷ് അറിയാത്തവർ ആണ് കൂടുതലും ടിക്കറ്റ് എടുക്കുന്നത്.
ആയതിനാൽ അത് അടിയന്തിരമായി പൂർണ്ണമായും മലയാളത്തിൽ ആക്കണം. വിജയികളെ കണ്ടെത്താനാത്തതിനാൽ ഒട്ടേറെ പണം നൽകാതെ സർക്കാരിനു തന്നെ തിരികെ ലഭിക്കുന്നുണ്ട്. സത്യത്തിൽ ഇത് സർക്കാർ എടുക്കേണ്ട കാര്യമില്ല. വിജയികളെ കണ്ടെത്താനാവാത്ത പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ച ശേഷം ഗുരുതര അസുഖങ്ങൾ ബാധിച്ചവർക്കു ചികിത്സയ്ക്കായി നൽകാൻ നടപടി സർക്കാർ സ്വീകരിക്കണം. ലോട്ടറി എടുക്കുന്നത് പലപ്പോഴും അതു വിൽക്കുന്നവരോടുള്ള കാരുണ്യത്തിന്റെ ഭാഗമായിരിക്കും. പിന്നീട് നറുക്കെടുപ്പ് ദിവസം നോക്കാൻ ശ്രമിക്കാറില്ലാതെ വരുന്നതോടെയാണ് ജേതാക്കളെ കണ്ടെത്താനാവാതെ വരുന്നത്.
ബാധ്യത അടച്ചു തീർക്കുമെന്ന് അന്നമ്മ ഷൈജു പറഞ്ഞു. ഭാവിയിൽ മറ്റൊരു സമ്മാന ജേതാവും ബുദ്ധിമുട്ടരുതെന്ന ആഗ്രഹം മൂലമാണ് ഈ വിഷയത്തിൽ പരാതി ഉന്നയിക്കുന്നതെന്നും അവർ അറിയിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ബിപിൻ തോമസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.