ന്യൂഡൽഹി: പ്ലസ് ടു സീറ്റ് നിഷേധിച്ച കേരള സർക്കാർ നടപടി ചോദ്യം ചെയ്ത് മലപ്പുറം മുന്നിയൂർ ഹയർ സെക്കണ്ടറി സ്‌കൂൾ സുപ്രീംകോടതിയെ സമീപിച്ചു. പ്ലസ് ടു വിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്നു സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ സ്‌കൂൾ അധികൃതർ പറയുന്നു. മലപ്പുറത്ത് ഉപരിപഠനത്തിന് പത്താം ക്ലാസിൽ യോഗൃത നേടുന്നവർക്ക് പഠിക്കാൻ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

സയൻസ് കൊമേഴ്‌സ്, ഹ്യൂമാനിറ്റ്‌സ് ബാച്ചുകളിലായി കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് മാനേജ്‌മെന്റിന്റെ ആവശ്യം സർക്കാർ തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതി സിംഗൾ ബെഞ്ച് മുന്നിയൂർ എച്ച് എസ് എസ് അടക്കം നാല് സ്‌കൂളുകൾക്ക് മൂന്ന് ബാച്ചുകൾ അനുവദിക്കാൻ നിർദ്ദേശം നൽകി.

എന്നാൽ സർക്കാർ നൽകിയ അപ്പീലിൽ ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നടപടി സാമ്പത്തികമായി സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് കാട്ടി സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. ഇതിനെതിരെ സ്‌കൂൾ മാനേജ്‌മെന്റ് സുപ്രീം കോടതിയിൽ നൽകിയ പ്രത്യേക അനുമതി ഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ നയം വിവേചന പരമെന്ന് ആരോപിച്ചിരിക്കുന്നത്.

2021-22 അധ്യയന വർഷം മലപ്പുറം ജില്ലയിൽ സർക്കാർ സിലബസിൽ പത്താം ക്ലാസ് പാസായത് 71,625 പേരാണ്. ഈ വർഷം അത് മുക്കാൽ ലക്ഷം കടന്നുവെന്നാണ് ഹർജിയിൽ വിശദീകരിച്ചിരിക്കുന്നത്. എന്നാൽ ജില്ലയിൽ ആകെയുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണം 65,035 ആണ്. സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെ മറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കൂടി എത്തുന്നതോടെ ജില്ലയിലെ പല വിദ്യാർത്ഥികൾക്കും തുടർ പഠനം ബുദ്ധിമുട്ടാകുന്നുവെന്നാണ് സ്‌കൂൾ മാനേജർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ മൊത്തം കണക്ക് പരിശോധിക്കുമ്പോൾ എസ്എൽസിസി പരീക്ഷയ്ക്ക് വിജയിക്കുന്ന വിദ്യാർത്ഥികളെകാൾ കൂടുതൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാണെന്നും അഭിഭാഷകൻ സുൽഫിക്കർ അലി പി എസ് ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അധിക ബാച്ചുകൾ അനുവദിക്കാതെ നിലവിലുഉള്ള ബാച്ചുകളിൽ കൂടുതൽ സീറ്റുകൾ ആണ് സർക്കാർ അനുവദിക്കുന്നത്. ഇത് കാരണം ഓരോ ക്ലാസിലും എഴുപതിലധികം വിദ്യാർത്ഥികളാണ് ഉള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ മറ്റ് ജില്ലകളിൽ ഓരോ ക്ലാസിലും അമ്പതോളം വിദ്യാർത്ഥികൾ മാത്രമാണ് പഠിക്കുന്നത്. ഇതും ജില്ലയിലെ വിദ്യാർത്ഥികളോട് കാണിക്കുന്ന വിവേചനത്തിന്റെ ഉദാഹരണമായി സ്‌കൂൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.