തലശേരി: പിണറായി പാനുണ്ടയിൽ തങ്ങളുടെ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന്റെ മറവിൽ നാട്ടിൽ കലാപമഴിച്ചുവിടാൻ ബിജെപി ശ്രമിച്ചുവെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാനുണ്ടയിലെ ജിംനേഷിന്റെ മരണം കൊലപാതകമാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവന നാട്ടിൽ കലാപമഴിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജൂലൈ 25ന് പുലർച്ചെ രണ്ടരയ്ക്ക് ഹൃദ്രോഗബാധയെ തുടർന്ന് ബിജെപി പ്രവർത്തകൻ പാനുണ്ട സ്വദേശി ജിംനേഷ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇ.സി.ജി ടെസ്റ്റുകൾ അടക്കം ആശുപത്രിയിൽ നിന്നും നടത്തിയിട്ടുണ്ട്. എങ്കിലും പുലർച്ചെ 3.35ന് മരണമടയുകയായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മരണകാരണമായി പറയുന്നത് ഹൃദ്രോഗമാണ്. ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് മാധ്യമങ്ങളോട് സി.പി. എം പ്രവർത്തകരുടെ അക്രമത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നും സി.പി. എം പ്രവർത്തകർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നുമാണ്. ജിംനേഷിന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. ഡോക്ടറുടെ മൊഴിയിലും ഇതേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്. എന്നാൽ ഇതേ കുറിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ജയരാജൻ വ്യക്തമാക്കി.

ഇതിനിടെ പിണറായി പാനുണ്ടയിൽ ആർഎസ്എസ് പ്രവർത്തകൻ പുതിയ വീട്ടിൽ ജിംനേഷ്(30) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ തലശേരി താലൂക്കിൽ ഉരുണ്ടുകൂടിയ രാഷ്ട്രീയ സംഘർഷസാധ്യതയിൽ അയവുവന്നിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് ജിംനേഷ് മരിച്ചതെന്നും ശരീരത്തിൽ പരുക്കുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ വ്യക്തമക്കി.

പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു. കഴിഞ്ഞ ദിവസം ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ ഭാഗമായി ഉയർത്തിയ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് പാനുണ്ടയിൽ നടന്ന സംഘർഷത്തെ തുടർന്ന് ജിംനേഷിന് മർദ്ദനമേറ്റിരുന്നുവെന്ന് ബിജെപി- ആർ. എസ്. എസ് നേതൃത്വം ആരോപിച്ചിരുന്നു. സി.പി. എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നുണ്ടായ ആന്തരികക്ഷതമാണ് മരണകാരണമെന്നായിരുന്നു പരാതി. എന്നാൽ ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പൊലീസ്. ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്.

പാനുണ്ടയിൽ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചതു സംബന്ധിച്ച തർക്കം സിപിഎം- ആർ. എസ്. എസ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലെത്തിയത്. അക്രമത്തിൽ ഇരുവിഭാഗമാളുകൾക്കും പരുക്കേറ്റിരുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പരുക്കേറ്റ സഹോദരൻ ജിഷ്ണുവിന് കൂട്ടിരിക്കാനായി എത്തിയതായിരുന്നുജിംനേഷ്. കൂടെ ആശുപത്രിയിൽ കഴിയവേ അവശത അനുഭവപ്പെടുകയും ഉടൻ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാനുണ്ടയിൽ നടന്ന അക്രമസംഭവത്തെ തുടർന്ന് പിണറായി പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്