കണ്ണൂർ: സ്ത്രീ പീഡന പരാതിയെ തുടർന്ന് എടക്കാട് പൊലീസ് കേസെടുത്ത കോർപറേഷൻ 36-ാം വാർഡ് കിഴുന്നയിലെ യു.ഡി.എഫ് കൗൺസിലർ പി.വി. കൃഷ്ണകുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു.ആരോപണവിധേയനായ കൗൺസിലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവനിതാ അംഗങ്ങളാണ് പ്രതിഷേധവുമായി കൗൺസിൽ ഹാളിലെത്തിയത്.

എന്നാൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ അംഗങ്ങൾ രാജി ആവശ്യം മുൻപോട്ടുവെച്ചില്ല. കോർപറേഷനിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ അംഗീകരിക്കുകയും വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടതുമായ പദ്ധതികളും അന്തിമ പദ്ധതിരേഖയും അംഗീകരിക്കാൻ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത അടിയന്തര കൗൺസിൽ യോഗം ബഹളത്തോടെയാണ് തുടങ്ങിയത്.

മേയർ അജൻഡയിലേക്ക് കടന്ന് സംസാരിച്ചതിനു ശേഷം പ്രതിപക്ഷത്തെ എൻ. സുകന്യ ക്രമപ്രശ്നവുമായി എഴുന്നെൽക്കുകയായിരുന്നു. പ്രതിപക്ഷത്തിന് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച ലിസ്റ്റ് നൽകിയില്ലെന്നായിരുന്നു പരാതി. ഇതോടെ തുടക്കത്തിൽ തന്നെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൊമ്പുകോർത്തു. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളെ പ്രവൃത്തിയിൽ നിന്നും അവഗണിക്കുന്നുവെന്നതായിരുന്നു പരാതി. എന്നാൽ ഈക്കാര്യത്തിൽ വ്യക്തമായ നിലപാടുമായി മേയർ രംഗത്തുവന്നു.

കോർപ്പറേഷനിലെ എല്ലാ വാർഡുകളെയും ഒരുപോലെയാണ് കാണുന്നതെന്നും വികസന കാര്യത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളോട് വിവേചനമില്ലെന്നും മേയർ ടി ഒ മോഹനൻവ്യക്തമാക്കി. ജില്ലാ വികസന സമിതിയുടെ അംഗീകാരം നേടുന്നതിനുള്ള പദ്ധതിസംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിന് വിളിച്ച് ചേർത്ത അടിയന്തര കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷം വിവേചനം കാണിക്കുന്നുവെന്ന ആക്ഷേപം ഉയർത്തിയത്. ഓരോ ഡിവിഷനിലും നടത്തേണ്ട പദ്ധതികൾ പ്രാധാന്യത്തോടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ തുക വകിയിരുത്തിയിട്ടുണ്ടാകാം. അഡ്വ. പി കെ അൻവറിന്റെ ഡിവിഷനിൽ 25 ലക്ഷത്തിൽപ്പരം രൂപയുടെ പ്രവർത്തിക്ക് അംഗീകാരം നൽകിയ കാര്യം മേയർ ചൂണ്ടിക്കാട്ടി.

ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് എല്ലാ ഡിവിഷനുകളെയും ഒരുപോലെ കണ്ട് ഫണ്ട് അനുവദിക്കുന്നുണ്ടെന്നും സർക്കാർ ഓരോ വർഷവും വിവിധ കാരണങ്ങൾ പറഞ്ഞ് നമ്മൾക്ക് ലഭിക്കേണ്ട തുക വെട്ടിക്കുറക്കുകയാണ്. സർക്കാറിന്റെ ദ്രോഹമുണ്ടായിട്ടും തനത് ഫണ്ടിൽ നിന്നുൾപ്പടെ പണമെടുത്ത് കഴിവിന്റെ പരമാവധി പ്രവർത്തി പൂർത്തിയാക്കുന്നുണ്ടെന്നും മേയർ പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.ചർച്ചയിൽ പി കെ രാഗേഷ്, എം പി രാജേഷ്, ഷമീമടീച്ചർ, മുസ്ലീഹ് മടത്തിൽ, സിയാദ് തങ്ങൾ, ടി രവീന്ദ്രൻ, അഡ്വ. പി കെ അൻവർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.