- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ചെള്ളുപനി വീണ്ടും ഭീഷണിയാകുന്നു; മലപ്പുറത്ത് ചെള്ള് പനി ബാധിച്ച് ചികിൽസയിലായിരുന്നയാൾ മരിച്ചു; മരണമടഞ്ഞത് എടവണ്ണ സ്വദേശിയായ 51 കാരൻ
മലപ്പുറം: സംസ്ഥാനത്ത് ചെള്ളുപനി വീണ്ടും ഭീഷണി. മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു ചികിൽസയിലായിരുന്നയാൾ മരിച്ചു. ചെള്ള്, ജീവികളിലുണ്ടാകുന്ന പേൻ, മാൻചെള്ള്, നായുണ്ണി എന്നീ ജീവികൾ കടിച്ചാൽ ചെള്ള് പനിക്ക് കാരണമാകും. മലപ്പുറം എടവണ്ണ കുണ്ടുതോടിലെ മൂലത്ത് ഇല്യാസ് (51) ആണ് മരിച്ചത്. പനിയും ശരീരവേദനയെയും തുടർന്ന് മഞ്ചേരിയിലെയും പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിൽസയിലായിരുന്നു. തുടർന്ന് രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 15 നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് ചെള്ളു പനി സ്ഥിരീകരിച്ചത്. ചികിത്സക്കിടെ തിങ്കളാഴ്ച വൈകിട്ട് 4 ടെയാണ് മരണപ്പെട്ടത്. ഭാര്യ: സുലൈഖ (ഓടായിക്കൽ). മക്കൾ: ഷിഫാനത്ത്, ഷാദിയ, ഉവൈസ്. മരുമക്കൾ: സമീർ (പന്നിപ്പാറ), അർഷാദ് (മുക്കട്ട). സഹോദരങ്ങൾ: അലി, ഇസ്മാഈൽ, സിദ്ദീഖ്, ആസ്യ(മമ്പാട്), മൈമൂനത്ത് (കല്ലിടുമ്പ്), അസ്മാബി (വടപുറം), സുബൈദ (പുല്ലോട്).ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8ന് കുണ്ടുതോട് സുന്നി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അടുത്തിടെയായി ചെള്ളുപനി ബാധിച്ചു മലപ്പുറത്തു രണ്ടു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത്. എലി, പൂച്ച ഉൾപ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചെള്ള്, ജീവികളിലുണ്ടാകുന്ന പേൻ, മാൻചെള്ള്, നായുണ്ണി എന്നീ ജീവികൾ കടിച്ചാൽ ചെള്ള് പനിക്ക് കാരണമാകും. റിക്കെറ്റ്‌സിയേസി ടൈഫി കുടുംബത്തിൽപ്പെട്ട ബാക്ടീരിയയായ ഒറെൻഷി സുസുഗാമുഷിയാണ്. ചെള്ള് പനി എന്ന രോഗത്തിന്റെ കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുകൂടി ബാക്ടീരിയ രക്തധമനികളിൽ കടന്നുകൂടുന്നു. പുനരുത്പാദനം നടത്തി ശരീരത്തിൽ വളരുകയും ചെയ്യുന്നു. ചെള്ളിന്റെ കടിയേൽക്കുന്ന ശരീര ഭാഗത്ത് ചെറിയ വലുപ്പത്തിലുള്ള കറുപ്പുനിറം പ്രത്യക്ഷപ്പെടും. പത്ത് ദിവസം മുതദൽ രണ്ടാഴ്ചയ്ക്കകമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക. പനി, തലവേദന, ചുമ, പേശി വേദന, ദഹന പ്രശ്‌നങ്ങൾ, ശരീരം വിറയൽ എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങൾ.
രോഗത്തിന്റെ ആദ്യഘട്ടത്തിൽ ല്യൂക്കോപീനിയയും (വെളുത്ത രക്താണുക്കളുടെ കുറവ്), അസാധാരണമായ കരൾ പ്രവർത്തനങ്ങളും കാണപ്പെടുന്നു. ചെള്ള് കടിച്ചാൽന്യൂമോണിറ്റിസ്, എൻസെഫലൈറ്റിസ്, മയോകാർഡിറ്റിസ് എന്നിവ രോഗത്തിന്റെ അവസാനഘട്ടത്തിലാണ് കാണാൻ കഴിയുന്നത്. രോഗം കണ്ടെത്തി തുടക്കത്തിൽ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി. വളർത്തുമൃഗങ്ങളിൽ ചെള്ളുണ്ടെങ്കിൽ ഒഴിവാക്കുക, എലികളിൽ നിന്നുൾപ്പെടെ ചെള്ള് കടിയേൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ചെള്ള് പനിയെ അകറ്റിനിർത്താനുള്ള പ്രതിരോധ മാർഗങ്ങൾ. ഡോക്‌സിസൈക്ലിൻ ആന്റിബയോട്ടികിലൂടെ ചെള്ള് പനി ചികിത്സിക്കാം. ഏത് പ്രായത്തിലുള്ളവർക്കും ഈ ആന്റിബയോട്ടിക് ഉപയോഗിക്കാവുന്നതാണ്. രോഗലക്ഷണങ്ങൾ ആരംഭിച്ചയുടനെ മരുന്ന് നൽകുന്നതാണ് ഏറ്റവും ഉചിതം.രോഗം തടയാൻ വാക്‌സിനുകൾ ലഭ്യമല്ല. രോഗത്തിന് കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും. ചെള്ള് ധാരാളമായി കാണപ്പെടുന്ന കുറ്റിക്കാടുകളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്