ന്യൂഡൽഹി: കാർഗിൽ വിജയ ദിനത്തിൽ യുദ്ധ പോരാളികളെ അനുസ്മരിച്ച് രാഷ്ട്രം. കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഓർമദിനമായ ഇന്ന് 'കാർഗിൽ വിജയ് ദിവസ്' ആയി ആചരിക്കുകയാണ്. കാർഗിൽ യുദ്ധത്തിൽ രാജ്യം ചരിത്ര വിജയം നേടിയിട്ട് ഇന്ന് 23 വർഷം പൂർത്തിയായി. 1999 ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി 'ഓപ്പറേഷൻ വിജയ്' എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു.

ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. 527 സൈനികരെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു നഷ്ടമായി. ദ്രാസ് സെക്ടറിലാണു കാർഗിൽ യുദ്ധസ്മാരകം. എ.ബി.വാജ്‌പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി. ജോർജ് ഫെർണാണ്ടസ് പ്രതിരോധമന്ത്രിയും. കാർഗിൽ വിജയ ദിനമായ ഇന്ന് ഭാരതത്തിന്റെ ധീരയോദ്ധാക്കളെ ഓർമ്മിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രംഗത്തെത്തി. ഭാരതാംബയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് കാർഗിൽ ദിവസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ''മാതൃരാജ്യത്തെ പ്രതിരോധിച്ചുകൊണ്ട് തങ്ങളുടെ വീര്യം തെളിയിച്ച രാജ്യത്തെ എല്ലാ ധീരരായ പുത്രന്മാർക്കും എന്റെ സല്യൂട്ട്. ജയ് ഹിന്ദ്!'' എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കാർഗിൽ വിജയ് ദിവസിൽ, ഇന്ത്യയുടെ സായുധ സേനയുടെ ധീരതയെയും ധൈര്യത്തെയും ത്യാഗത്തെയും രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ അവർ കഠിനമായ സാഹചര്യങ്ങളിൽ ധീരമായി പോരാടി. അവരുടെ ധീരതയും അജയ്യമായ ചൈതന്യവും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമായി എന്നെന്നേക്കും നിലനിൽക്കും എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കാർഗിൽ യുദ്ധത്തിൽ ജീവൻ ത്യജിച്ച ധീന സൈനികർക്ക് ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി രാജ്നാഥ് സിങ് ആരദമർപ്പിച്ചു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും യുദ്ധസ്മാരകത്തിൽ എത്തി റീത്ത് സമർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാജ്യത്തിനായി ജീവൻ നൽകിയ പോരാളികളുടെ ധൈര്യത്തെയും ത്യാഗത്തെയും ആദരിക്കുന്നതായി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. സൈനികരുടെ ആത്മവീര്യം ചരിത്രത്തിലെന്നും ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി ദ്രൗപതി മുരമു, ആഭ്യന്തരകാര്യ മന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരും ആദരം അർപ്പിച്ചു.

കാർഗിൽ യുദ്ധം?
1999ൽ മെയ്‌ എട്ട് മുതൽ ജൂലൈ 26 വരെ കശ്മീരിലെ കാർഗിലിലെ ടൈഗർ ഹിൽസിലും നിയന്ത്രണരേഖയിലുമായി നടന്നതാണ് ഐതിഹാസികമായ കാർഗിൽ യുദ്ധം. ഓപറേഷൻ വിജയ് എന്ന ദൗത്യത്തിലൂടെ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്താനും ടൈഗർ കുന്നുകൾ അടക്കം പിടിച്ചെടുക്കാനും രാജ്യത്തിനായി. മൂന്ന് മാസം നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.

1998ലാണ് പാക്കിസ്ഥാനിൽ നിന്നെത്തിയ സൈന്യം നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞ് കയറുന്നത്. 1971ന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നത് അപൂർവമായിരുന്നു. സൈനിക ഔട്ട്‌പോസ്റ്റുകൾ സ്ഥാപിച്ച് സിയാച്ചിൻ മഞ്ഞുമലകൾ നിയന്ത്രിക്കാനാണ് ഇരുരാജ്യങ്ങളും ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഇത് 1990കളിൽ സൈനിക തർക്കങ്ങൾക്ക് വഴിവെച്ചു.

1998ൽ ഇരു രാജ്യങ്ങളും ആണവ പരീക്ഷണങ്ങൾ നടത്തിയതിനെ തുടർന്ന് പ്രശ്‌നം രൂക്ഷമായി. 1999ൽ നടന്ന ലാഹോർ പ്രഖ്യാപനത്തിലൂടെ രാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്തുക എന്ന ധാരണയിലെത്തി. എന്നാൽ, ഈ സമയത്ത് നിയന്ത്രണരേഖ കടക്കാനുള്ള നീക്കത്തിലായിരുന്നു പാക്കിസ്ഥാൻ. സിയാചിനിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ അകറ്റുകയായിരുന്നു പാക് ലക്ഷ്യം. പാക് പദ്ധതികൾ മനസിലാക്കിയ ഇന്ത്യ രണ്ട് ലക്ഷം അധികം സൈനികരെ വിന്യസിക്കുകയും തുടർന്ന് ദൗത്യത്തിന് ഓപറേഷൻ വിജയ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

സിയാച്ചിനിലെ ഉയർന്ന പ്രദേശത്ത് തമ്പടിച്ചിരുന്ന പാക് സൈന്യത്തിന് ഇന്ത്യൻ സൈന്യത്തെ ഉന്നം വെക്കുവാനും തകർക്കാനും എളുപ്പത്തിൽ സാധിക്കുമായിരുന്നു. രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാൻ വീഴ്‌ത്തി. പ്രത്യാക്രമണം ആരംഭിച്ച ഇന്ത്യൻ കര, വ്യോമ സേനകൾ പാക് ഔട്ട്‌പോസ്റ്റുകൾ തകർക്കുകയും സിയാച്ചിനിലെ ഉയർന്ന പ്രദേശങ്ങൾ കീഴടക്കുകയും 700ഓളം സൈനികരെ വധിക്കുകയും ചെയ്തു. ജൂലൈ 26ഓടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ സൈന്യം കാർഗിലിലെ ടൈഗർ ഹിൽസിൽ ദേശീയപതാക ഉയർത്തി.