ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറി. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണമാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ താരത്തിന്റെ പിന്മാറ്റം നിരാശാജനകമാണ്.

ബർമിങ്ങാമിൽ കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ് താരത്തിന്റെ പിന്മാറ്റം. കഴിഞ്ഞ ദിവസം നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ജാവലിനിൽ വെള്ളി നേടിയതിനു പിന്നാലെയാണ് താരത്തിന്റെ പിന്മാറ്റം.

യുഎസ്എയിലെ യൂജിനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെയാണ് താരത്തിന് പരിക്കേറ്റതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത അറിയിച്ചു. പിന്നാലെ എംആർഐ സ്‌കാനിങ്ങിന് വിധേയനായ താരത്തിന് ഡോക്ടർമാർ ഒരു മാസത്തെ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ 19 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെള്ളി നേടിയത്. പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ നാലാം ശ്രമത്തിൽ 88.13 മീറ്റർ ദൂരം പിന്നിട്ടായിരുന്നു താരത്തിന്റെ നേട്ടം.