- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ പ്രതിഷേധം ശക്തമാകുന്നു; സർക്കാരിന്റെ കർഷകദിനാചരണം ബഹിഷ്കരിക്കും; ചിങ്ങം ഒന്ന് കർഷക കരിദിനം പ്രഖ്യാപിച്ച് ഇൻഫാം
കോട്ടയം: സംസ്ഥാന സർക്കാർ കർഷകദിനാചരണം നടത്തുന്ന ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കർഷക കരിദിനമായി പ്രഖ്യാപിച്ച് പ്രതിഷേധിക്കാൻ കേരളത്തിലെ കർഷകസമൂഹത്തോടും സംഘടനകളോടും ആഹ്വാനം ചെയ്തു.
ബഫർസോൺ, വന്യജീവി ആക്രമണം, ഭൂപ്രശ്നങ്ങൾ, വിലത്തകർച്ച എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ നേരിട്ട് മലയോര കാർഷികമേഖലയും കർഷകസമൂഹവും തകർന്നടിഞ്ഞിരിക്കുമ്പോൾ സർക്കാർ ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥർ നടത്തുന്ന കർഷകദിനാചരണം പ്രഹസനമാണെന്നും കർഷക അനീതിക്കും നീതിനിഷേധത്തിനുമെതിരെ എല്ലാ കർഷകസംഘടനകളും ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കരിദിനം പ്രഖ്യാപിച്ച് പ്രതിഷേധ പ്രതികരണങ്ങളുമായി കൈകോർക്കണമെന്നും ഇൻഫാം ദേശീയ സമിതി അഭ്യർത്ഥിച്ചു. വിഴിഞ്ഞത്തെ പുതിയ പോർട്ട് സൃഷ്ടിക്കുന്ന തീരദേശപ്രശ്നങ്ങളിലൂടെ വീടുകൾ നഷ്ടപ്പെട്ടിരിക്കുന്നവരും കടൽ ക്ഷോഭത്തിലൂടെ നിരന്തരം പ്രതിസന്ധി നേരിടുന്നവരുമായ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ അതിജീവന പോരാട്ടത്തിന് ചിങ്ങം ഒന്നിന് ഇൻഫാം ഐക്യദാർഡ്യം പ്രഖ്യാപിക്കും. സംസ്ഥാനത്തുടനീളം കരിദിന പ്രതിഷേധ പ്രതികരണ സമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും.
ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതിയിൽ സെക്രട്ടറി ജനറൽ ഷെവലിയാർഅഡ്വ.വി സി.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി വിഷയാവതരണവും നടത്തി. ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ, ഫാ. ജോർജ് പൊട്ടയ്ക്കൽ, ഫാ. ജോസഫ് മോനിപ്പള്ളി, ജോസ് എടപ്പാട്ട്, ജോയി തെങ്ങുംകുടി, ഫാ. ജോസ് തറപ്പേൽ, മാത്യു മാമ്പറമ്പിൽ, ജോസഫ് കാര്യാങ്കൽ, ഫാ.ജോബി ജോർജ്. ഫാ.ജോസ് പെണ്ണാപറമ്പിൽ, അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ, ഗിരി തിരുതാളി, ജിം മാത്യു എന്നിവർ സംസാരിച്ചു.
ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്ന ഉറച്ച നിലപാടിൽ നിന്ന് കർഷകർ പിന്നോട്ടില്ല. വിവിധ രാജ്യാന്തര സാമ്പത്തിക ഏജൻസികളിൽ നിന്ന് സർക്കാർ പണം കടമെടുക്കുമ്പോൾ കാർബ ൺ ഫണ്ടിനുവേണ്ടി മലയോരജനതയെ തീറെഴുതിക്കൊടുക്കുന്ന വൻക്രൂരത കർഷകർ തിരിച്ചറിയുന്നു. ഡൽഹിയിലെ കർഷകപ്രക്ഷോഭം കേരളത്തിൽ ആവർത്തിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.