കോഴിക്കോട്: കിടപ്പ് രോഗികളെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്നതിന് സർക്കാർ തുടങ്ങിയ ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുകയാണെന്നും അത് ഉടൻ പുനഃസ്ഥാപിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ. പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കൾക്ക് കഴിഞ്ഞ 12 മാസമായി ആനുകുല്യം നൽകിയിട്ടില്ല.

ഈ കുടിശ്ശിഖ ഉടൻ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണം. മറ്റു യാതൊരു തൊഴിലിനും പോവാനാകാതെ മുഴുസമയം കർമനിരതരായി സേവനം ചെയ്യുന്നവർക്ക് അനുവദിച്ചിരിക്കുന്നത് പ്രതിമാസം തുച്ഛമായ 600 രൂപ മാത്രമാണ്. അതും വലിയ ആശ്വാസമായി കാണുന്ന പാവങ്ങളോടാണ് സർക്കാർ അനുവദിച്ച തുക പോലും നൽകാതെ ക്രൂരത കാണിക്കുന്നത്. 2010 ൽ സാമൂഹികനീതി വകുപ്പ് കിടപ്പുരോഗികരെ പരിചരിക്കുന്നവർക്കായി ആരംഭിച്ച പദ്ധതിയിൽ 2018 മുതലുള്ള ഏതാണ്ട് 75,000 അപേക്ഷകൾ സർക്കാരിന്റെ ദയാവയ്‌പ്പിനായി കാത്തുകിടക്കുകയാണ്.

പരിചരിക്കാൻ നിൽക്കുന്നയാൾക്ക് ദിവസം 100 രൂപ വീതം കൊടുത്താൽപോലും മാസം കുറഞ്ഞത് 3000 രൂപ വേണം. ഒരു വരുമാനവും ഇല്ലെന്ന് ഉറപ്പായാൽ മാത്രമേ ഈ ധനസഹായം അനുവദിക്കുകയുള്ളൂ. വരുമാനം ഇല്ലാത്തയാൾക്ക് സർക്കാർ വല്ലപ്പോഴും നൽകുന്ന 600 രൂപ കൊണ്ട് പരിചാരകനെ നിർത്താനോ വീട്ടിലെ ആരെങ്കിലും ജോലിക്കു പോകാതെ മുഴുവൻ സമയം പരിചരിക്കാനോ കഴിയുമോയെന്ന് മനസ്സാക്ഷിയുള്ളവർ വിലയിരുത്തണം. കുടിശ്ശിഖ തീർത്ത് അനുവദിക്കുന്നതിനൊപ്പം ധനസഹായം വർധിപ്പിക്കാനും സർക്കാർ നടപടിയെടുക്കണമെന്നും ജോൺസൺ കണ്ടച്ചിറ ആവശ്യപ്പെട്ടു.