പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ ലഹരി മരുന്ന് വേട്ട വീണ്ടും. മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പെരുമ്പയിൽ വൻ ലഹരി മരുന്നുമായി യുവാവ് കടക്കുന്നുണ്ട് എന്നുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. എക്‌സൈസിനാണ് ഈ രഹസ്യ വിവരം ലഭിച്ചത്. പെരുമ്പയിലെ തെക്കേപറമ്പിൽ വീട്ടിൽ അബ്ദുൽഖാദറിനെ(23)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്.യുവാവിൽ നിന്നും 310 മില്ലിഗ്രാം മെത്താഫിറ്റാമിൻ കണ്ടെടുത്തു. ഉഗ്രശേഷിയുള്ള ലഹരി മരുന്നാണ് മേത്തഫിറ്റാമിൻ.

ജില്ലയിലേക്ക് മയക്കുമരുന്ന് വൻതോതിൽ എത്തുന്നുണ്ട് എന്നുള്ള വിവരം നേരത്തെ ഉണ്ട്. റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ മനോജ് വി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിജു, വിജിത്, സന്തോഷ്, ഡ്രൈവർ പ്രദീപൻ എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാഹി എക്സൈസ് ചെക്ക് പോസ്റ്റിലും പരിശോധനക്കിടെ ലഹരി മരുന്നായ മെത്താ ഫിറ്റാമിനുമായി മറ്റൊരു യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എച്ച്.നിയാസിനെയാണ് അസി.ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ സി.പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്.