- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം ഉറ്റുനോക്കിയ 5ജി സ്പെക്ട്രം ലേലം; ആദ്യ ദിനം വിളിച്ചത് 1.45 ലക്ഷം കോടി രൂപയ്ക്ക്; മിഡ്ഫ്രീക്വൻസി ബ്രാൻഡിലും ഹൈ ഫ്രീക്വൻസി ബ്രാൻഡിലും കൂടിയ ലേലംവിളി; പ്രതീക്ഷകൾ മറികടന്നുള്ള നേട്ടമെന്ന് ടെലകോം മന്ത്രാലയം; അഞ്ചാം റൗണ്ട് മുതലുള്ള ലേലം ബുധനാഴ്ച
ന്യൂഡൽഹി: ടെലകോം മന്ത്രാലയത്തിന്റെ പ്രതീക്ഷകൾക്ക് അപ്പുറം മികച്ച നേട്ടം കൊയ്ത് 5ജി സ്‌പെക്ട്രം (റേഡിയോ തരംഗം) ലേലം. രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ 5ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനം റെക്കോർഡ് തുകയുടെ ലേലംവിളിയാണ് നടന്നത്. 1.45 ലക്ഷം കോടി രൂപയ്ക്കാണ് ആദ്യ ദിനം ലേലം വിളി നടന്നത്.
പ്രതീക്ഷകൾ മറികടന്നുള്ള നേട്ടമാണ് ഇതെന്ന് ടെലകോം മന്ത്രാലയം വ്യക്തമാക്കി. മിഡ്ഫ്രീക്വൻസി ബ്രാൻഡിലും ഹൈ ഫ്രീക്വൻസി ബ്രാൻഡിലുമായിരുന്നു കൂടിയ ലേലംവിളി. നാലു റൗണ്ട് ലേലമാണ് പൂർത്തിയായത്. അഞ്ചാം റൗണ്ട് മുതലുള്ള ലേലം ബുധനാഴ്ച നടക്കും. ഇന്ത്യ ഇതുവരെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണിത്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ, സുനിൽ ഭാർതി മിത്തലിന്റെ ഭാരതി എർടെൽ, ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് , വോഡഫോൺ ഐഡിയ, തുടങ്ങിയ നാല് സ്ഥാപനങ്ങളും ലേലത്തിൽ സജീവമായി പങ്കെടുത്തു. നാല് ലേലം റൗണ്ടുകൾ പൂർത്തിയായപ്പോൾ ലേലത്തുക 1.45 ലക്ഷം കോടി കടന്നതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
3300 മെഗാഹെർട്സ്, 26 ഗിഗാഹെർട്സ് മിഡ്, ഹൈ എൻഡ് ബാൻഡുകൾക്ക് വേണ്ടിയാണ് ശക്തമായ മത്സരമുണ്ടായതെന്നും കമ്പനികളെല്ലാം ശക്തമായാണ് പങ്കെടുക്കുന്നത്. ആരോഗ്യകരമായ പങ്കാളിത്തമായിരുന്നു. മന്ത്രി പറഞ്ഞു. സർക്കാർ സമയ ബന്ധിതമായി സ്പെക്ട്രം വിതരണം ചെയ്യും. സെപ്റ്റംബറോടുകൂടി 5ജി സേവനങ്ങൾ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 14 ഓടുകൂടി സ്പെക്ട്രം അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി കൂട്ടിച്ചേർച്ചു.
ലേലത്തിലൂടെ കമ്പനികൾക്ക് ലഭിക്കുന്ന റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ചാണ് രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുക. 4ജിയെ അപേക്ഷിച്ച് 10 മടങ്ങ് ഇന്റർനെറ്റ് വേഗമാണ് 5ജിയിൽ പ്രതീക്ഷിക്കുന്നത്. വർഷാവസാനത്തോടെ തിരഞ്ഞെടുക്കപ്പെട്ട മെട്രോ നഗരങ്ങളിൽ സേവനം ആരംഭിച്ചേക്കും. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺഐഡിയ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്.
ഇതിൽ റിലയൻസ് ജിയോയും എയർടെലുമായിരിക്കും ഏറ്റവും സജീവമായി ലേലത്തിൽ പങ്കെടുക്കുക. റിലയൻസ് ജിയോ തന്നെ താരം മറ്റ് 3 കമ്പനികൾ വച്ച തുകയുടെ ഇരട്ടിയോളമാണ് റിലയൻസ് ജിയോ കെട്ടിവച്ചത്. കെട്ടിവച്ച തുകയുടെ 9 ഇരട്ടിയോളം മൂല്യമുള്ള സ്‌പെക്ട്രമാണ് ഒരു കമ്പനിക്ക് സ്വന്തമാക്കാവുന്നത്. ഇതനുരിച്ച് 14,000 കോടി രൂപ കെട്ടിവച്ച റിലയൻസ് ജിയയോയ്ക്ക് ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം വാങ്ങാം. 5,500 കോടി കെട്ടിവച്ച എയടർടെലിന് 49,500 കോടിയുടെ സ്‌പെക്ട്രം വാങ്ങാം.
സാമ്പത്തികപ്രതിസന്ധി നേരിടുന്ന വോഡഫോൺഐഡിയ ആകട്ടെ കെട്ടിവച്ചത് 2,200 കോടി രൂപ മാത്രമാണ്. ഇതുവഴി 19,800 കോടിയുടെ സ്‌പെക്ട്രം ലഭിക്കാം. ഏതാനും സർക്കിളുകളിലേക്ക് മാത്രമായിരിക്കും വിഐയുടെ ബിഡ് എന്നു ചുരുക്കം. പുതുമുഖമായ അദാനി ഗ്രൂപ്പ് കെട്ടിവച്ചത് 100 കോടിയായതിനാൽ സ്‌പെക്ട്രത്തിന് പരമാവധി 900 കോടി രൂപ വരെ മാത്രമേ ചെലവഴിക്കൂ. സ്വകാര്യ 5ജി ശൃംഖലകൾ വികസിപ്പിക്കാൻ വേണ്ടി മാത്രമാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുന്നത്.
നാലിടങ്ങിൽ 5ജി തയ്യാറെടുപ്പ് പരീക്ഷണം പൂർത്തിയായി 5ജിയുടെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകൾ, മെട്രോ പില്ലറുകൾ, ട്രാഫിക് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്‌മോൾ സെൽ) പ്രക്രിയ സംബന്ധിച്ച പഠനം രാജ്യത്ത് നാലിടങ്ങളിൽ ടെലികോം റെഗുലേറ്ററി അഥോറിറ്റി (ട്രായ്) പൂർത്തിയാക്കി. ഡൽഹി വിമാനത്താവളം, കണ്ട്‌ല തുറമുഖം, ബെംഗളൂരു മെട്രോ റെയിൽ, ഭോപ്പാൽ സ്മാർട് സിറ്റി എന്നിവിടങ്ങളിലായിരുന്നു പരീക്ഷണം. നിലവിലെ മൊബൈൽ ടവറുകൾ ഒരു വലിയ മേഖലയിൽ കവറേജ് നൽകുന്നവയാണെങ്കിൽ 5ജി ടവറുകൾ ഒരു ചെറിയ പ്രദേശം മാത്രം കവർ (സ്‌മോൾ സെൽ) ചെയ്യുന്നതായിരിക്കും.
4ജി അപേക്ഷിച്ച് കുറഞ്ഞ തരംഗദൈർഘ്യവും ഉയർന്ന ഫ്രീക്വൻസിയുമുള്ള തരംഗങ്ങളാണു 5ജിയിൽ ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ വലിയ ടവറുകൾക്കു പകരം ഒരു നിശ്ചിത പ്രദേശത്ത് ഒട്ടേറെ കുഞ്ഞൻ ടവറുകൾ വേണ്ടിവരും. നഗരങ്ങളിലും മറ്റും പുതിയ കുഞ്ഞൻ ടവറുകൾ സ്ഥാപിക്കുന്നതിനു പകരം നിലവിലുള്ള ഇല്ക്ട്രിക് പോസ്റ്റുകളിലും ട്രാഫിക് സിഗ്‌നൽ പോസ്റ്റുകളിലും പ്രസാരണത്തിനുള്ള ഉപകരണം ഘടിപ്പിച്ചാൽ അവ ടവറായി പ്രവർത്തിക്കും.
4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ഗിഗാഹെർട്സ് സ്പെക്ട്ര പരിധിയാണ് ലേലത്തിന് വെച്ചത്. സ്പെക്ട്രത്തിനുള്ള ആവശ്യകത അനുസരിച്ചേ ലേലം എത്രനാൾ നീണ്ടു നിൽക്കുമെന്ന് പറയാനൊക്കൂ. എങ്കിലും രണ്ട് ദിവസം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്