ചെന്നൈ: തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ തുടർക്കഥയാവുന്നു. ശിവകാശിയിൽ ഇന്നലെ പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചു. ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്. അതേസമയം പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്തിനെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ജീവനൊടുക്കുന്ന നാലാമത്തെ വിദ്യാർത്ഥിനിയാണിത്. പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ പെൺകുട്ടിക്ക് അതികഠിനമായ വയറ് വേദന ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പ്ലസ് ടു വിദ്യാർത്ഥിനികളും ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയും ഉൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാർത്ഥിനികളാണ് തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിൽ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.

കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ മരണങ്ങൾ ആവർത്തിക്കുന്നതിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളിൽനിന്ന് അകന്നുനിൽക്കണമെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. കുട്ടികളെ ലൈംഗിക, മാനസിക, ശാരീരിക പീഡനത്തിന് ഇരയാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കടലൂർ ജില്ലയിലാണു 12-ാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചത്. മാതാപിതാക്കൾ തനിക്കുമേൽ അടിച്ചേൽപ്പിച്ച ഐഎഎസ് സ്വപ്നം സഫലീകരിക്കാനാകാത്തതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നു നാല് പേജ് ആത്മഹത്യാക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു.

പെൺകുട്ടികൾ ജീവനൊടുക്കുന്ന സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത് ജൂലൈ 13ന് കള്ളക്കുറിച്ചി ജില്ലയിലാണ്. സ്വകാര്യ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പ്രതിഷേധം പിന്നീട് കലാപമായി മാറിയിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരുവള്ളൂർ ജില്ലയിൽ 12-ാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയിരുന്നു.