കണ്ണൂർ: കെട്ടിച്ചമച്ചൊരു കേസിന്റെ പേരിൽ ഇഡിയെ ഉപയോഗിച്ച് കോൺഗ്രസ് അധ്യക്ഷയെ ഉൾപ്പെടെ വേട്ടയാടിയതു കൊണ്ട് കോൺഗ്രസ് പ്രസ്ഥാനം തകരില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. സോണിയാ ഗാന്ധിയെ അന്യായമായി ഇഡി ചോദ്യം ചെയ്യുന്നതിലും നെഹ്റു കൂടുംബത്തെ വേട്ടയാടുന്ന വിദ്വേഷ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിലെ നെഹ്റു സ്തൂപത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാരോഗ്യം പോലും പരിഗണിക്കാതെയാണ് സോണിയാഗാന്ധിയെ ഇ.ഡി. ദിവസങ്ങളോളം ചോദ്യം ചെയ്തത്. പ്രതിപക്ഷനേതാക്കളെ ഇത്തരത്തിൽ മാനസികമായി തകർത്ത് അവരുടെ കരുത്ത് ചോർത്താമെന്നാണ് മോദി കരുതുന്നതെങ്കിൽ കോൺഗ്രസ് അധ്യക്ഷയുടെ കാര്യത്തിൽ ആ കണക്കുകൂട്ടൽ പിഴക്കും. രാജ്യമെമ്പാടും ഫാസിസത്തിനെതിരേ ഉയരുന്ന പ്രതിഷേധസ്വരങ്ങൾ മോദി സർക്കാരിന്റെ പതനം കുറിക്കുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ 51 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്തത്.വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങളുടെ മേൽ ജിഎസ് ടിയിലൂടെ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ തങ്ങളുടെ ക്രൂരത ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത്. ഇത് തീക്കളിയാണ്. കേന്ദ്രസർക്കാരിന്റെ
ഭീഷണിയും അക്രമവും വിലപ്പോകില്ല, ഫാസിസം മുട്ടുമടക്കുക തന്നെ ചെയ്യുമെന്നും തിരുത്തൽ ശക്തിയാകാനുള്ള കരുത്ത് കോൺഗ്രസിനുണ്ടെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

രാജ്യത്ത് ഏകാധിപത്യ ഭരണമാണ് മോദി സർക്കാർ തുടരുന്നത്. എതിർശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള നിയമ നിർമ്മാണവും ജനപ്രതിനിധി സഭയിൽ പ്രതിഷേധിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുകയാണ്. പാർലമെന്റിന്റെ ഇരു സഭകളിലും സ്ഥിരമായി ആക്ഷേപം ഉന്നയിക്കുന്ന വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നു. പ്ലക്കാർഡ് പോലും ഉയർത്തി പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങൾ പോലും ഇല്ലാതാക്കുന്നതിന് എതിരെ കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

പ്രതിഷേധ കൂട്ടായ്മയിൽ ഡിസിസി വൈസ് പ്രസിഡന്റ് വിവി പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യൂഡിഎഫ് ചെയർമാൻ പി ടി മാത്യു, പ്രൊഫ, എ ഡി മുസ്തഫ, വി എ നാരായണൻ, സജീവ് മാറോളി, മേയർ അഡ്വ. ടി ഒ മോഹനൻ,എം നാരായണൻ കുട്ടി, കെ പ്രമോദ്, എൻ പി ശ്രീധരൻ, കെ സി മുഹമ്മദ് ഫൈസൽ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, , സുരേഷ്ബാബു എളയാവൂർ, രജനി രമാനന്ദ്, അഡ്വ, റഷീദ് കവ്വായി,രാജീവൻ എളയാവൂർ,, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽമാക്കുറ്റി, ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ്,ടി ജയകൃഷ്ണൻ, പി മാധവൻ മാസ്റ്റർ, കൂക്കിരി രാജേഷ്,അജിത്ത് മാട്ടൂൽ,സി വി സന്തോഷ് ,സന്തോഷ് കണ്ണംവള്ളി ,രാജീവൻ കപ്പച്ചേരി ,ടി ജനാർദ്ദനൻ ,വി പി അബ്ദുൽ റഷീദ് ,സുധീഷ് മുണ്ടേരി ,കല്ലിക്കോടൻ രാഗേഷ് ,തോമസ് വർഗീസ് ,എം വി രവീന്ദ്രൻ , എം പി രാജേഷ്, അമൃതാ രാമകൃഷ്ണൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.