കൊച്ചി: നിർധനരായ ഭവനരഹിതർക്ക് വീടുകൾ ഒരുക്കി നൽകുന്ന സുമനസ്സുകളെപ്പറ്റി വാർത്തകൾ അനുദിനം പത്രമാധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ സമൂഹത്തിൽ വീട് എന്ന വലിയൊരു സ്വ്പ്നവും പേറി വീട്ടുവാടക പോലും കൊടുക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന ട്രാൻസ്ജെന്റുകൾ ഇന്നും കേരളത്തിലുണ്ട്. ജീവിക്കാൻ പണം കണ്ടെത്താൻ കഴിയാതെ ട്രാൻസ്ജെന്ററുകളാണു മറ്റുവഴികളില്ലാതെ പലപ്പോഴും ലൈംഗിക തൊഴിലിനിറങ്ങുന്നത് എന്നതും യാഥാർത്ഥ്യമാണ്.

ഇത്തരത്തിൽ തങ്ങൾ നേരിടുന്ന മനോവേദന തുറന്നു പറയുകയാണ് വിവാഹിതയും കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ സംരംഭകകൂടിയായ തൃപ്തി ഹൃതിക്. ട്രാൻസ്് വ്യക്തിയായ ഹൃതികുമായി 2019ലാണു തൃപ്തി വിവാഹിതയായത്. തങ്ങൾക്കു ആരുടെ മുന്നിലും കൈനീട്ടാൻ താൽപര്യമില്ലെന്നും എന്നാൽ ഒരു വീട് എന്ന സ്വപ്നം തങ്ങളേകൊണ്ടു സ്വപ്നം കാണാൻ മാത്രമെ കഴിയൂവെന്നും ഇത് യാഥാർഥ്യമാക്കാൻ സുമനസുകൾ സഹായമേകുമെന്ന തന്റെ പ്രതീക്ഷയും ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് തൃപ്തി.

പോസ്റ്റിന്റെ പൂർണ രൂപം:

''ഇന്ത്യയിലെ അല്ലെങ്കിൽ കേരളത്തിലെ ആദ്യത്തെ എന്ന് പറഞ്ഞ പല മാതൃക പരമായ കാര്യങ്ങളും ഞങ്ങൾ ചെയ്യുകയോ ഞങ്ങൾ അറിയാതെ അങ്ങനെ ആവുകയും ചെയ്തതാണ്. അതൊന്നും ആദ്യത്തെ ആകാനോ പ്രശസ്തിക്കു വേണ്ടിയോ ആയിരുന്നില്ല. ഞങ്ങൾ നിരവധി വീഡിയോകൾ ഇന്റർവ്യൂകൾ നൽകിയിട്ടുണ്ട്. അതിലൊക്കെ വളരെ സന്തോഷത്തോടെ ചിരിക്കുന്ന മുഖത്തോടെ നിങ്ങൾ കണ്ടിരിക്കാം, എന്നാൽ ആ മുഖത്തിന് പിന്നിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന രണ്ടു ഹൃദയങ്ങൾ ഉണ്ട് എന്നത് വസ്തുതയാണ്. ആളുകൾക്ക് ഞങ്ങൾ എന്നും മാതൃകാപരമായി ജീവിക്കുന്ന രണ്ട് ട്രാൻസ്ജെൻഡർ ദമ്പതികളാണ്. അത് ഇതുവരെയും ഈ നിമിഷം വരെയും തുടർന്ന് മരണം വരെയും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.

ഞങ്ങളുടെ എല്ലാ സംരംഭങ്ങളും സുമനസ്സുകളുടെ സഹായം കൊണ്ട് ഒരുവിധം നടന്നു പോവുകയാണ് കിട്ടുന്നതിൽ നല്ലൊരു പങ്കും വീട്ടു വാടകയായി നൽകേണ്ടിവരുന്നു, വീട്ടുചെലവ്ക്കും മറ്റും ( പെട്ടെന്നുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾക്ക് മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ട അവസ്ഥയും ) ബാക്കി തുക ചെലവഴിക്കേണ്ടി വരുന്നു.സമ്പാദ്യമായി ഒന്നുമില്ല, ഒരു ഭവനം ഉണ്ടാവുക എന്നത് എല്ലാ ട്രാൻസ്ജെൻഡർ വ്യക്തികളെ പോലെയും ഞങ്ങൾക്കും ഒരു സ്വപ്നമായി നിലനിൽക്കുകയാണ്.

ഈയടുത്തകാലത്തായി ധാരാളം വാർത്തകൾ വായിക്കാൻ ഇടയായതാണ് ഇത്രയും നീണ്ട പോസ്റ്റ് ഇടാൻ േ്രപരകം ആയത്, ഭവനരഹിതരും ആശ്രയം ഇല്ലാത്തവർക്കും വീട് നൽകുന്ന സുമനസ്സുകളെ പറ്റി വായിക്കാൻ ഇടയായി എന്നാൽ ഇവയിൽ ഒന്നും ഒരു ട്രാൻസ് വ്യക്തി ഇല്ല എന്നത് നഗ്നമായ സത്യമാണ്. എന്തുകൊണ്ടാണ് സമൂഹം നമ്മളെ മറന്നു പോകുന്നത് അല്ലെങ്കിൽ ബോധപൂർവ്വം നമ്മളെ മറക്കുകയാണോ എന്നത് ഒരു ചോദ്യം? നിങ്ങളുടെ ആരുടെയെങ്കിലും അറിവിന്റെ പരിധിയിൽ സഹായം നൽകാനായി തയ്യാറായിട്ടുള്ള വ്യക്തികളോ സംഘടനകളോ വരികയാണെങ്കിൽ ഞങ്ങളുടെ കാര്യം കൂടി ഓർമ്മപ്പെടുത്തണമെന്ന് അപേക്ഷിക്കുവാനാണ് ഇത്രയും കുറിച്ചത്, അക്ഷരങ്ങൾ നിങ്ങളുടെ സമയം കവർന്നെങ്കിൽ മാപ്പ്....''

2017ഡിസംബർ ഏഴിനാണ് തൃപ്തിക്ക് കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ ആർട്ടിസാൻ ഐഡന്റിറ്റി കാർഡ് ലഭിക്കുന്നത്. ട്രാൻസ്ജൻഡർ വിഭാഗത്തിലെ ആദ്യ സംരംഭക എന്ന നിലയിലേക്ക് ഒരു രാത്രി കൊണ്ടല്ല തൃപ്തി എത്തിയത്. 17വർഷം എടുത്താണ് കരകൗശല നിർമ്മാണത്തിൽ തൃപ്തി വൈദഗ്ദ്യം നേടിയത്. തൃപ്തിയുടെ ജീവിത വിജയം അവിടെ തുടങ്ങുകയായിരുന്നു. കാസർകോടുകാരിയായ തൃപ്തി മുംബൈയിലേയും ചെന്നൈയിലേയും ജീവിതം അവസാനിപ്പിച്ച് അവസാനം കൊച്ചിയിൽ താമസമാക്കുന്നതും സിനിമയോടുള്ള അഭിനിവേശവും ആഗ്രഹവും കൊണ്ടു തന്നെയായിരുന്നു.

കാസർകോട് മഞ്ചേശ്വരത്താണ് തൃപ്തിയുടെ ജനനം. നാലാം ക്ലാസു മുതൽ നാടക അഭിനയത്തോട് താൽപര്യമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റു. മാസങ്ങളോളം വിശ്രമത്തിനുശേഷം സ്‌കൂളിൽ ചെന്നപ്പോൾ ടി.സി നൽകി മടക്കി. തുടർന്ന് പഠനം തുടരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല. പിന്നീട് നാടുവിട്ട് മംഗലാപുരത്തെത്തി. 2004ലാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരാൾ തൃപ്തിയെ ബംഗളൂരുവിലേക്ക് കൂട്ടികൊണ്ട് പോകുന്നത്. ആറുമാസം അയാൾ പറഞ്ഞിടത്ത് ജോലി നോക്കിയിരുന്നെങ്കിലും ഒരു രൂപപോലും കിട്ടിയില്ലെന്ന് മാത്രമല്ല, അവധിയും ഉണ്ടായിരുന്നില്ല.

ഈസമയത്ത് നാട്ടിലുള്ള അമ്മയുടെ നമ്പർ ഒരു കൊച്ചു ഡയറിയിൽ എഴുതിവച്ചിരുന്നു. ഇവയെല്ലാം അടങ്ങിയ ബാഗ് ഇതിനിടയിൽ നഷ്ടപ്പെട്ടു. അവിടെ നിന്ന് രക്ഷപെട്ട തൃപ്തി ഒരു 'പടക്ക' കടയിൽ മൂന്ന് ദിവസം ജോലി ചെയ്തു. അവിടുന്നുകിട്ടിയ 1500 രൂപയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു വന്നു. എന്നാൽ നാട്ടിൽ എത്തിയപ്പോഴേക്കും അമ്മ ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നു. അമ്മയില്ലാതെ നാട്ടിൽ ജീവിക്കാൻ കഴിയാത്തതും ശാരീരികമായും പെണ്ണാവണം എന്ന അതിയായ ആഗ്രഹവും ഉള്ളിലൊതുക്കി 2006ൽ ചെന്നൈയിലെത്തി.

അവിടെ ഹിജഡകൾക്കിടയിൽ എത്തിയ തൃപ്തി ഏറെ സന്തോഷവതിയായിരുന്നു. താൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് പെണ്ണായി നടക്കാമെന്നതായിരുന്നു പ്രധാന കാരണം.
എന്നാൽ ഹിജഡാ കൾച്ചറിലെ നിയമം പഠിക്കാൻ ഇതിനിടയിൽ പൂണെയിലേക്ക് അയച്ചു. പെണ്ണാവണമെന്ന ആഗ്രഹത്താൽ നേരിടേണ്ടി വന്നത് വലിയ പരീക്ഷണങ്ങളായിരുന്നു. സർജറിക്കുള്ള പണം സ്വയം കണ്ടെത്തണം.

പലയിടത്തും കാണുമ്പോൾ തന്നെ ആളുകൾ ആട്ടിഓടിക്കും ഇതെല്ലാം ഏറെ വേദനിപ്പിച്ചിരുന്നു. അവിടെയും ഒറ്റപ്പെടുത്തലുകളും കളിയാക്കലും കൂടിയായപ്പോൾ മടുത്തു. ഈ നിലയിൽ അധികനാൾ തുടരാൻ സാധിക്കാതായപ്പോൾ വീണ്ടും നാട്ടിലേക്ക് തിരികെ പോന്നു. പിന്നീട് ബോംബയിലും കോഴിക്കോടുമായി ഒരു കാറ്ററിങ് സർവീസിൽ ജോലി ചെയ്‌തെങ്കിലും ആണായിജീവിക്കാൻ തനിക്ക് ഒട്ടും പറ്റില്ലെന്ന് തിരിച്ചറിഞ്ഞ് 2012ൽ വീണ്ടും ചെന്നൈലേക്ക് വണ്ടികയറി. ഈസമയത്താണ് പിന്നീട് അടച്ചുതീർക്കണം എന്ന വ്യവസ്ഥയിൽ ഓപറേഷനുള്ള പൈനസ് അവിടെ നിന്നും അനുവദിച്ചു. ഓപ്പറേഷൻ നടന്നിടത്ത് ഒരു മേശമാത്രമാണുണ്ടായിരുന്നത്.

മറ്റുസുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും ഓപ്പറേഷന് മുമ്പിൽ പതറാതിരുന്നത് ശാരീരികമായും പെണ്ണാവണം എന്ന തീവ്ര ആഗ്രഹം കൊണ്ടുമാത്രമാണ്.
പച്ചക്ക് തന്നെയായിരുന്നു ഓപ്പറേഷൻ ചെയ്തതും തുന്നികെട്ടിയതുമെല്ലാം. അതുവരെ കിരണായിരുന്ന താൻ അങ്ങിനെ തൃപ്തിയായി മാറി.
ഓപ്പറേഷൻ കഴിഞ്ഞ ഉടൻ വീട്ടിലേക്ക് പറഞ്ഞ് വിടുകയും ചെയ്തു. 40ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷ പൂർവ്വമായ ജൽസയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രം തടസപ്പെട്ടു.

ആശുപത്രിയിൽ എത്തിയെങ്കിലും കമ്പിവെച്ച് തുളച്ചാണ് മൂത്രം പോകാൻ കുഴലിട്ടത്. പ്രശ്‌നം അവിടംകൊണ്ടും തീർന്നില്ല. പൈനസ് അടച്ച് തീർക്കാൻ വേണ്ടി ഈകുഴലും താങ്ങിയാണ് ദിവസങ്ങളോളം ഭിക്ഷാടനത്തിന് പോയത്. പൈനസ് അടച്ച് തീർത്തതോടെ വീണ്ടും സ്വതന്ത്രയായി.

ഭിക്ഷാടനവും ലൈഗികവൃത്തിയും അല്ല തൊഴിലെന്ന് ബോധ്യംവന്നപ്പോൾ വീണ്ടും കേരളത്തിലേക്ക് തന്നെ മടങ്ങി വന്നു. സിനിമയെന്ന വലിയ സ്വപ്നവും കൊണ്ടാണ് തൃപ്തി 2016ൽ കൊച്ചിയിലെത്തിയത്. ഇവിടെ എത്തിയപ്പോഴും വലിയ അക്രമണങ്ങൾ ഉണ്ടായി. ഓട്ടോയിൽ എത്തിയ രണ്ട് പേർ കമ്പികൊണ്ട് അടിക്കുകയായിരുന്നു. എന്നാൽ അവർ ആരാണെന്നോ എന്തിനാണ് തന്നെ അടിച്ചതെന്നോ ഇന്നും അറിയില്ല. ഈസമയത്തുണ്ടായ വാശിയാണ് പിന്നീട് തൃപ്തിയുടെ മുന്നേറ്റങ്ങൾക്കും നിശ്ചദാർഢ്യത്തിനും വഴിയൊരുക്കിയത്.

ഇനിനാടുവിട്ടുപോകില്ലെന്നും നാട്ടിൽനിന്നുകൊണ്ടുതന്നെപോരാടി മുന്നേറണമെന്നും ദൃഢനിശ്ചയമെടുത്തു. കേരളത്തിലെ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ പൂർണ പിന്തുണയും ഈസമയത്ത് ലഭിച്ചു. ആശുപത്രിയിൽ ചികിത്സയിൽകിടക്കെ മറ്റുകേരളത്തിലെ ട്രാൻസ് സുഹൃത്തുക്കൾ സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു.

ഈ സമയത്ത് തൃപ്തിയെ ചികിത്സിച്ച ഡോക്ടർ ആനി തന്നെയാണ് കൈകളാൽ വസന്തം സൃഷ്ടിക്കാനും പഠിപ്പിച്ചത്. ആനയുടെ സ്‌നേഹവും ഉപദേശങ്ങളും മുന്നേറാനുള്ള പ്രചോദനം നൽകി.
2017-ൽ ക്യൂൻ ഓഫ് ദയ മത്സരത്തിൽ പങ്കെടുത്ത് 300പേരിൽ പതിനഞ്ചാമതായി ഫൈനൽ റൗണ്ടിലെത്തി. 2019 ഹൃതികുമായി വിവാഹം നടന്നു. ഇന്നു നല്ലൊരു ഭാര്യകൂടിയാണ് തൃപ്തി. സംസ്ഥാന സർക്കാറിന്റെ ജീവനി പദ്ധതി രജിസ്‌ട്രേഷനിലൂടെ മരണാനന്തരം അവയവം ദാനംചെയ്യാനും ഈ ട്രാൻസ്‌ജെൻഡർ ദമ്പതികൾ തീരുമാനം എടുത്തിരുന്നു.