കണ്ണൂർ: പ്ളാസ്റ്റിക്ക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ കൊള്ളയടിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ട്രഷറർ ദേവസ്യാ മേച്ചേരി മുന്നറിയിപ്പു നൽകി. വ്യാപാരികൾ കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്ക് ജി. എസ്. ടി ഉൾപ്പെടെയുള്ള നികുതികൾ അടച്ച് സ്റ്റോക്ക് ചെയ്ത സാധനങ്ങൾ നിരോധനത്തിന്റെ പേര് പറഞ്ഞ് പൊലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പിഴയീടാക്കുകയാണ്. ഒരു ഭാഗത്ത് ജി. എസ്.ടിയുടെ പേരിൽ വ്യാപാരികളെ കൊള്ളയടിക്കുമ്പോൾ മറുഭാഗത്ത് അതേ സാധനങ്ങൾ തന്നെ കടയിൽ നിന്ന് പിടിച്ചെടുത്ത് വ്യാപാരികളിൽ നിന്നും പിഴയീടാക്കി ഖജനാവ് വീർപ്പിക്കുകയാണെന്നും ദേവസ്യമേച്ചേരി കുറ്റപ്പെടുത്തി. ഇതു ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

മൈദ, കടുക്, പോലുള്ള സാധനങ്ങൾ വൃത്തിയുള്ള പ്ലാസ്റ്റിക് കവറിലാണ് പാക്കു ചെയ്തു നൽകുന്നത്. അതുകൊണ്ടു തൃപ്തിയോടെയാണ് ഉപഭോക്താക്കൾ വാങ്ങി പോകുന്നത്. എന്നാൽ പ്ലാസ്റ്റിക് നിർമ്മാണ ഉറവിടങ്ങളിൽ നിന്നുതന്നെ അതു നിരോധിക്കുന്നതിനു പകരം ബദൽ സംവിധാനമൊരുക്കാതെ കടകളിൽ നിന്നും പ്ലാസ്റ്റിക് നിരോധിക്കുന്നത് ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ നിത്യനിദാന ചെലവിന് ഖജനാവിന്റെ ഭൂരിഭാഗവും നിറയ്ക്കുന്നത് വ്യാപാരമേഖലയിൽ നിന്നുള്ള നികുതി വരുമാനം കൊണ്ടാണ് . എന്നാൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും ദേവസ്യാമേച്ചേരി പറഞ്ഞു. പി. ബാഷിത് അധ്യക്ഷനായി. എംപി തിലകൻ, വിജയകുമാർ, രാജൻതീയറോത്ത്, ഹരിദാസൻ, സുകുമാരൻ എന്നിവർ പ്രസംഗിച്ചു.പാറക്കണ്ടി വ്യാപാരഭവനിൽ നിന്നുമാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു.