തെങ്കാശി: തമിഴ്‌നാട് തെങ്കാശി കുറ്റാലത്ത് കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സേലം പന്റൊട്ടി സ്വദേശിനി കലാവതി, ചെന്നൈ സ്വദേശിനി മല്ലിക എന്നിവരാണ് മരിച്ചത്. പത്ത് പേർ ഒഴുക്കിൽപ്പെട്ടെങ്കിലും മൂന്നു പേരെ കുറ്റാലത്ത് കച്ചവടം നടത്തുന്ന ഒരു യുവാവ് രക്ഷിച്ചു.

ബുധനാഴ്ച വൈകിട്ട് 4 മണി മുതൽ കുറ്റാലം ഭാഗത്ത് ചെറിയ തോതിൽ മഴ പെയ്യുന്നുണ്ടായിരുന്നു. കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് തടസ്സമില്ലാത്തതിനാൽ നല്ല തിരക്കുമായിരുന്നു. എന്നാൽ 5 മണിയോടെ ശക്തമായ വെള്ളപ്പാച്ചിലുണ്ടാവുകയും കുളിച്ചുകൊണ്ടു നിന്ന പത്ത് പേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു.

അധികമായി വെള്ളമെത്തിയതാണ് അപകടത്തിന് കാരണം. അഞ്ചു പേർക്കായി ഏറെ നേരം തിരച്ചിൽ തുടർന്നു. രണ്ടുപേരുടെ മൃതദേഹങ്ങൾ ഒരു കിലോമീറ്റർ അകലെനിന്നാണ് ലഭിച്ചത്. 

ഒഴുക്കിൽപ്പെട്ട് മരിച്ചവരിൽ ഒരാളുടെ മൃതദേഹം കുറ്റാലം ക്ഷേത്രത്തിനു സമീപത്തു നിന്നും ഒരാളുടേത് പാലത്തിനു സമീപത്തു നിന്നുമാണ് ലഭിച്ചത്. കൂടുതൽ ആളുകൾ ഒഴുക്കിൽപ്പെട്ടെന്ന സംശയത്തിൽ രാത്രി വൈകിയും പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചിൽ നടത്തി.

തെങ്കാശി കലക്ടർ പി.ആകാശ്, എസ്‌പി ആർ. കൃഷ്ണരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മലയാളികളായ സഞ്ചാരികളും അപകട സമയത്ത് കുറ്റാലത്ത് ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം നൽകാൻ സർക്കാരിന് കളക്ടർ ശുപാർശ നൽകി. അപകടത്തിൽ മലയാളികളാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം.

അപകടത്തിൽ സഞ്ചാരികൾക്ക് ദാരുണാന്ത്യം സംഭവിച്ചതോടെ കുറ്റാലം, പഴയകുറ്റാലം, ഐന്തരുവി എന്നിവടങ്ങളിൽ കുളിക്ക് വിലക്ക് ഏർപ്പെടുത്തി. കുറ്റാലം വനത്തിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഇനിയും വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. മലയിൽ ഉരുൾപൊട്ടിയെന്ന സംശയവുമുണ്ട്.

കഴിഞ്ഞ 10 വർഷത്തിനിടെ കുറ്റാലത്ത് അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഇവിടെ അപകട മരണം പതിവാണെങ്കിലും 2 പേർ ഒരുമിച്ച് മരിക്കുന്നത് ആദ്യം. കുളിച്ചുകൊണ്ട് നിൽക്കുമ്പോൾ പാറ തലയിൽ വീണുള്ള മരണവും പാറയിൽ കാൽവഴുതി വീണുള്ള മരണവുമാണ് ഇതിനു മുൻപ് സംഭവിച്ചിട്ടുള്ളത്. മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരണം സംഭവിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണെന്നാണ് നാട്ടുകാർ പറയുന്നത്.