- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ - അവ്യക്തതയേറെയുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങൾക്ക് മുഖവിലക്കെടുക്കാനാവില്ല: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: ബഫർസോൺ സംബന്ധിച്ച് ജൂലൈ 27ന് എടുത്തിരിക്കുന്ന മന്ത്രിസഭാ തീരുമാനം അവ്യക്തവും കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ബഫർസോണോ, പരിസ്ഥിതിലോല പ്രദേശമോ വനാതിർത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയെന്നാൽ ഇവ വനഭൂമിയിലല്ലെന്ന് വ്യക്തമാണ്. പട്ടയ, റവന്യൂ ഭൂമിയിലേയ്ക്കു മാത്രമേ വനാതിർത്തി വിട്ട് ബഫർ സോൺ വ്യാപിപ്പിക്കാനാവൂ. ബഫർ സോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്ന നിലപാടിൽ വെള്ളം ചേർക്കുന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാതീരുമാനവും ഭാവിയിൽ ജനങ്ങൾക്ക് തിരിച്ചടിയാകും. വനാതിർത്തി പുനർനിർണ്ണയിച്ച് വനത്തിനുള്ളിൽ ബഫർസോൺ നിജപ്പെടുത്തുകയാണ് വേണ്ടത്.
സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ലഭിച്ച ആക്ഷേപങ്ങൾ പരിഗണിച്ച് ജനവാസ മേഖലകൾ പൂർണ്ണമായും കൃഷിയിടങ്ങളും സർക്കാർ അർദ്ധസർക്കാർ പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം - വന്യജീവി വകുപ്പ് കേന്ദ്രസർക്കാരിന് സമർപ്പിച്ച നടപടികൾ അംഗീകരിച്ചുവെന്ന് മ്രന്തിസഭാതീരുമാനം പ്രസിദ്ധീകരിച്ചിരിക്കുമ്പോൾ കേന്ദ്രസർക്കാരിന് സമർപ്പിച്ച നടപടികളും രേഖകളും ജനങ്ങളുടെ അറിവിലേയ്ക്കായി വനംവകുപ്പ് പുറത്തുവിടണം.
മലയോരമേഖലയിലെ ജനങ്ങളും വനംവകുപ്പും തമ്മിൽ വന്യജീവി ആക്രമണം, ഭുപ്രശ്നങ്ങളിൽ കാലങ്ങളായി രൂപപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോൾ ബഫർസോൺ വിഷയത്തിൽ തുടർനടപടികൾക്കും കേസുകൾ നടത്തുന്നതിനുമായി വനംവകുപ്പിനെ ഉത്തരവാദിത്വമേൽപ്പിക്കുന്നത് ജനങ്ങൾ എതിർക്കണം. കള്ളനെ കാവലേൽപ്പിക്കുന്നതിന് തുല്യമാണിത്.
കൃഷിയിടങ്ങളും ജനവാസമേഖലകളും ഒഴിവാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചുവെന്ന മന്ത്രിസഭാതീരുമാനത്തിൽ നിഗൂഡതക ളേറെയുണ്ട്. നിയമസഭാപ്രമേയവും മന്ത്രിസഭാതീരുമാനങ്ങളും നീതിന്യായ കോടതികൾ മുഖവിലയ്ക്കെടുക്കില്ല. നിയമങ്ങളും രേഖകളുമാണ് കോടതി വിധിപ്രഖ്യാപനത്തിന് പരിഗണിക്കുന്നത്. ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തിയുള്ള നിയമനിർമ്മാണമുണ്ടാക്കാതെ നിലവിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമുണ്ടാകില്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.