കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി. കേസിൽ പ്രതികളായ തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെ വിസ്താരം പൂർത്തിയാക്കാതെ വിധി പ്രസ്താവിക്കുകയായിരുന്നു. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.

പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജയിൽ മോചനം ആവശ്യപ്പെട്ടു തമിഴ്‌നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലെ പ്രതികളെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. നേരത്തെ കേസിലെ പ്രതി കെ.എ.അനൂപിന് ആറു വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

സൂഫിയ മഅദനി, മജീദ് പറമ്പായി, അബ്ദുൽ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയിൽ, നാസർ, ഉമ്മർ ഫാറൂഖ് തുടങ്ങി 13 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. തടിയന്റവിട നസീർ കോഴിക്കോട് ഇരട്ട സ്‌ഫോടനം, എടയ്ക്കാട് തീവ്രവാദ റിക്രൂട്‌മെന്റ് കേസ് എന്നിവയിലെ മുഖ്യപ്രതി കൂടിയാണ്.

കേസിൽ ആകെ 11 പേരാണ് പ്രതികൾ. ഒരാളെ നേരത്തെ വെറുതെവിട്ടിരുന്നു. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ തമിഴ്‌നാട് സർക്കാർ കോയമ്പത്തൂർ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷന്റെ ബസ് 2005 സെപ്റ്റബർ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയിൽ വെച്ച് കത്തിച്ചെന്നാണ് കേസ്.

യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുൾ നാസർ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കേസിന്റെ വിസ്താരം പൂർത്തായാകും മുമ്പെ തന്നെ തടിയന്റവിട നസീർ അടക്കമുള്ള മൂന്ന് പ്രതികൾ തങ്ങൾ കുറ്റമേൽക്കുന്നതായി കോടതിയെ അറിയിച്ചു.

ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി. ബസ് കത്തിക്കൽ കേസിലടക്കം വിവിധ കേസുകളിലായി നിരവധിക്കൊല്ലം ജയിലിൽ കഴിഞ്ഞതിനാൽ റിമാൻഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികൾ നേരിട്ട് കുറ്റം സമ്മതിച്ചെന്നാണ് വിവരം.

ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപ് സമാനമായ രീതിയിൽ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും.

2005 സെപ്റ്റംബർ 9നാണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു സേലത്തേക്കുള്ള തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ് പ്രതികൾ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്. കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിനു സമീപം യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയ ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.

പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2009 ലാണ് എൻഐഎയ്ക്ക് കൈമാറിയത്. തുടർന്ന് 2010 ലാണ് കുറ്റപത്രം നൽകിയത്. കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.