- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർണാഭമായ ഉദ്ഘാടനച്ചടങ്ങ്; മിഴിവേകി ചിലമ്പാട്ടവും ജല്ലിക്കട്ടും ഭരതനാട്യവും പരമ്പരാഗത കലാരൂപങ്ങളും; ചെസിന്റെ വിശ്വമാമാങ്കത്തിന് ചെന്നൈയിൽ ആവേശ തുടക്കം
ചെന്നൈ:ചെസിന്റെ വിശ്വമാമാങ്കത്തിന് ചെന്നൈയിൽ തിരിതെളിഞ്ഞു. 44-ാമത് ചെസ് ഒളിംപ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാടിന്റെ പാരമ്പര്യവും സാംസ്‌കാരികപ്പൊലിമയും പ്രതിഫലിക്കുന്നതായിരുന്നു ചെന്നൈ ജവഹർലാൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങ്.
പല്ലവ രാജാക്കന്മാർ ലോകപൈതൃകത്തിന് ശിൽപ്പസൗന്ദര്യത്തിന്റെ വാസ്തു വിദ്യാലയമൊരുക്കിയ മഹാബലിപുരത്ത് തയ്യാറാക്കിയ ചെസ് ഒളിംപ്യാഡ് വേദിയിൽ 187 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന താരങ്ങൾ നാളെ മുതൽ കരുനീക്കിത്തുടങ്ങും.
#ChessOlympiad | Five-time world chess champion Viswanathan Anand hands over the Olympiad torch to PM Narendra Modi and Tamil Nadu CM MK Stalin.
- ANI (@ANI) July 28, 2022
The torch was then handed over to young Grandmaster R Praggnanandhaa and others at Jawaharlal Nehru Stadium in Chennai. pic.twitter.com/iPcMh4rBoK
തമിഴ്‌നാടിന്റെ സംസ്‌കാരിക സൗന്ദര്യം മുഴുവൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ ചതുരത്തിലേക്ക് നിറച്ച വർണാഭമായ ഉദ്ഘാടനച്ചടങ്ങ്. ചിലമ്പാട്ടവും ജല്ലിക്കട്ടും ഭരതനാട്യവും പരമ്പരാഗത കലാചാരങ്ങളും നിറഞ്ഞു. തോൽക്കാപ്പിയവും തിരുക്കുറളും ലോകത്തിനുമുന്നിൽ തമിഴകം വീണ്ടും തുറന്നുവച്ചു. ഭരതിയാരും തിരുവള്ളുവരും കണ്ണകിയും വന്നുപോയി.
രാജ്യത്തെ 75 ചരിത്ര, സാസ്‌കാരിക തന്ത്രപ്രധാന സ്ഥലങ്ങൾ താണ്ടിയെത്തിയ ദീപശിഖ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നൽകി. സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈമാറിയ ദീപശിഖയിൽ നിന്ന് ഇന്ത്യയുടെ വനിതാ ഗ്രാൻഡ്മാസ്റ്റർ വിജയലക്ഷ്മി സുബ്ബരമനും യുവ ഗ്രാൻഡ് മാസ്റ്റർമാരും ചേർന്ന് മേളയുടെ ദീപം തെളിച്ചു.
ചെസ് മഹാമേള ചെസിന്റെ ജന്മദേശത്ത് എത്തിയിരിക്കുന്നു. ലോകത്തെ ഒന്നിപ്പിക്കുന്ന സന്ദേശമാണ് എല്ലാ കായിക മേളകളും നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. സാഹോദര്യത്തിന്റേയും സാംസ്‌കാരിക സമന്വയത്തിന്റേയും ഉത്സവമായാണ് ചെസ് ഒളിംപ്യാഡിനെ കാണുന്നതെന്ന് തമിഴ്മാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്റ് അർക്കാഡി വ്‌ലാദിമിരോവിച്ച് ദ്യോക്കോവിച്ച്, തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നാളെ മുതലാണ് മത്സരങ്ങൾ തുടങ്ങുക.
സ്പോർട്സ് ഡെസ്ക്