പാലക്കാട്: സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് 47കാരൻ മരിച്ചു. അട്ടപ്പാടിയിലാണ് സംഭവം. പുതൂർ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകൻ മരുതൻ(47) ആണ് വാക്കു തർക്കത്തിനിടെ സഹോദരന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തെ തുടർന്ന് സഹോദരൻ പഴനിയെ പൊലീസ് തിരയുന്നു.

അമ്മയുടെ പേരിലുള്ള സ്ഥലത്തെ ഇളനീർ വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണു കയ്യാങ്കളിയിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തൂമ്പ കൊണ്ടുള്ള അടിയേൽക്കുകയായിരുന്നു.

സാരമായി പരുക്കേറ്റ മരുതനെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണു മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.