ന്യൂഡൽഹി: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിക്കെതിരെ ആരോപണം ഉന്നയിച്ചുള്ള സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി. സ്മൃതി ഇറാനി സമർപ്പിച്ച സിവിൽ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഉത്തരവ്. ഹർജി ഇനി ഓഗസ്റ്റ് 18-ന് പരിഗണിക്കും. ഈ സമയത്ത് കോൺഗ്രസ് നേതാക്കൾ കോടതിയിലെത്തണം.

സ്മൃതിയുടെ മകൾക്ക് ഗോവയിലെ റെസ്റ്റോറന്റ് ബന്ധം ആരോപിച്ചിട്ട പോസ്റ്റുകളാണ് കോൺഗ്രസ് നേതാക്കളോട് ഡിലീറ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നിവരോടാണ് കോടതിയുടെ നിർദ്ദേശം. കോൺഗ്രസ് നേതാക്കളോട് കോടതി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

കോൺഗ്രസ് നേതാക്കൾ പോസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്ററും ഫേസ്‌ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികൾ ഇത് കളയണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നൽകിയ കേസ് കോൺഗ്രസ് നേതാക്കൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖർണയുടെ നടപടി.

യഥാർത്ഥ വസ്തുതകൾ പരിശോധിക്കാതെയാണ് ഇറാനിക്കെതിരെ അപകീർത്തികരവും വ്യാജവുമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി.

ഗോവയിലെ റെസ്റ്റോറന്റിൽ സ്മൃതി ഇറാനിയുടെ മകൾക്ക് അനധികൃത ബാറുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. കോടതിക്ക് മുന്നിൽ തങ്ങൾ വസ്തുതകൾ അവതരിപ്പിക്കുമെന്ന് ഉത്തരവിന് പിന്നാലെ ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.