- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസങ്ങൾക്കുമുമ്പ് 'വന്ധ്യംകരിച്ച' തെരുവുനായ ആറു കുഞ്ഞുങ്ങളെ പ്രസവിച്ചു; വന്ധ്യംകരണ പദ്ധതിയുടെ പേരിലും തട്ടിപ്പ്; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് കൊല്ലം ഡെപ്യൂട്ടി മേയർ
കൊല്ലം: കൊല്ലത്ത് തെരുവുനായയുടെ വന്ധ്യംകരണത്തിന്റെ പേരിലും തട്ടിപ്പ്. മൂന്നു മാസം മുൻപു വന്ധ്യംകരണം നടത്തിയെന്നു പറയുന്ന തെരുവുനായ പ്രസവിച്ചു. കോർപറേഷൻ നടത്തിയ എബിസി പദ്ധതിയുടെ ഭാഗമായി പോളയത്തോട് കോർപറേഷൻ വ്യാപാര സമുച്ചയത്തിനു മുന്നിൽ നിന്നു പിടിച്ചുകൊണ്ടു പോയി വന്ധ്യംകരണം നടത്തി തിരികെവിട്ട നായ കഴിഞ്ഞ ദിവസം പ്രസവിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
'വന്ധ്യംകരിച്ച' നായ ആറു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്. കൊല്ലം കോർപ്പറേഷന്റെ പോളയത്തോട് വ്യാപാരസമുച്ചയത്തിനു സമീപം വർഷങ്ങളായി കഴിയുന്ന തെരുവുനായെ വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിയാൻ ചെവിയിൽ അടയാളപ്പെടുത്തലും ഉണ്ടായിരുന്നു. എന്നാൽ തെരുവുനായയെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങൾക്കൊപ്പം കണ്ടെത്തുകയായിരുന്നു.
വ്യാപാരസമുച്ചയത്തിനുസമീപം വർഷങ്ങളായി കഴിയുന്ന നായയ്ക്ക് പരിസരത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരുമെല്ലാം ബിസ്‌കറ്റും മറ്റ് ഭക്ഷണപദാർഥങ്ങളും നൽകിയിരുന്നു. എല്ലാവരോടും നല്ല ഇണക്കത്തിലുമായിരുന്നു. മാർച്ചിലാണ് കൊല്ലം കോർപ്പറേഷൻ തെരുവുനായവന്ധ്യംകരണപദ്ധതി ഊർജിതമാക്കിയത്. ഡോഗ് ഹാൻഡ്‌ലർമാരെയും ഡോക്ടർമാരെയും ഇതിനായി നിയോഗിക്കുകയും ചെയ്തു.
അഞ്ചാലുംമൂട് മൃഗാശുപത്രിയിലാണ് വന്ധ്യംകരണം നടന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ച നായകളെ ഇവിടെവെച്ച് വന്ധ്യംകരിച്ചു. പോളയത്തോട്ടിൽനിന്നുള്ള നായയെയും കൂട്ടത്തിൽ കൊണ്ടുപോയിരുന്നു. ദിവസങ്ങൾക്കുശേഷം നായയെ തിരികെ കൊണ്ടുവിട്ടു.
ഇടയ്ക്ക് വയറിലെ മുറിവുമൂലം അവശനിലയിൽ കഴിഞ്ഞ നായയ്ക്ക് നാട്ടുകാർ ചികിത്സ നൽകുകയും ചെയ്തിരുന്നു. സുഖംപ്രാപിച്ചശേഷം നായ പോളയത്തോട്ടിലും പരിസരത്തും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം നൽകാനെത്തിയവരാണ് നായ പ്രസവിച്ചുകിടക്കുന്നതു കണ്ടത്. വന്ധ്യംകരിക്കാതെയാണ് നായയെ തിരികെക്കൊണ്ടുവിട്ടതെന്ന് നാട്ടുകാർ ആരോപിച്ചു. മുണ്ടയ്ക്കൽ, ഉളിയക്കോവിൽ എന്നിവിടങ്ങളിലും, വന്ധ്യംകരണം നടത്തിയ തെരുവുനായ്ക്കൾ പ്രസവിച്ചതായി ആരോപണമുണ്ട്.
വന്ധ്യംകരണം നടത്തുന്ന നായകളുടെ ചെവി ഇംഗ്ലിഷ് അക്ഷരമാലയിലെ വി ആകൃതിയിൽ മുറിക്കാറുണ്ട്. വന്ധ്യംകരണം നടത്തിയതായി പറയുന്ന നായയുടെ ചെവിയും ഇത്തരത്തിൽ മുറിച്ചിട്ടുണ്ട്. നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും 11 മാസം അനങ്ങാതിരുന്ന കോർപറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്ന മാസമാണ് പദ്ധതി നടപ്പാക്കിയത്. മാർച്ച് ഒന്നു മുതൽ 31 വരെ ആയിരുന്നു എബിസി പദ്ധതി നടപ്പാക്കിയത്. 800 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചെന്നാണ് പറയുന്നത്. ഈ കണക്ക് അവിശ്വസനീയമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഒരു വെറ്ററിനറി സർജന് ഒരു മാസത്തിനുള്ളിൽ 800 നായ്ക്കളുടെ ശസ്ത്രക്രിയ നടത്താൻ കഴിയില്ലത്രേ. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 1200 രൂപ ചെലവ് വരും. നായകളെ പിടിച്ചു കൊണ്ടുപോയി ശസ്ത്രക്രിയ നടത്താതെ ചെവി മുറിച്ച് അടയാളപ്പെടുത്തിയ ശേഷം തിരികെക്കൊണ്ടു വിട്ടതാകാമെന്നാണ് കരുതുന്നത്. ഇങ്ങനെയാണെങ്കിൽ തെരുവുനായ്ക്കളുടെ പേരിൽ പോലും വൻ തട്ടിപ്പാണ് നടന്നത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ടു സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു.
കോർപ്പറേഷൻ മാർച്ചിൽ ധൃതിപ്പെട്ടാണ് വന്ധ്യംകരണപദ്ധതി നടപ്പാക്കിയതെന്നും വന്ധ്യംകരണത്തിന് കൃത്യമായ മേൽനോട്ടമുണ്ടായില്ലെന്നും ആരോപണമുണ്ട്. സംഭവം സംബന്ധിച്ച് കോർപ്പറേഷൻ അധികൃതർ റിപ്പോർട്ട് തേടിയിട്ടുണ്ട്. വന്ധ്യംകരണപദ്ധതി നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു അറിയിച്ചു
മറുനാടന് മലയാളി ബ്യൂറോ