കെ റെയിൽ സമ്പൂർണ്ണമായും പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുക, കല്ലിടലിനെ തടഞ്ഞ സമര പ്രവർത്തകർക്കെ തിരെ എടുത്ത കേസുകൾ ഉടൻ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ഘടകം ജൂലൈ 26 ന് ആറ്റിങ്ങൽ കച്ചേരിനട മുൻസിപ്പൽ ലൈബ്രറി ഹാളിൽ കെ റെയിൽ വിരുദ്ധ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.

കോവളം എംഎ‍ൽഎ എം. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കെ റെയിൽ എന്നത് വികസനമല്ല, വിനാശ മാണെന്നും വിനാശ പദ്ധതിക്കെതിരായ സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയിൽ അതിക്രമിച്ച് കടന്ന് കല്ലിട്ടതിനെ എതിർത്ത സമര പ്രവർത്തകർക്കെതിരെ പൊലീസ് ചുമത്തിയ കേസുകൾ ഉടൻ നിരുപാധികം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. 2018 മുതലുള്ള പ്രളയ സാഹചര്യം കണക്കിലെടുക്കാതെയാണ് പാരിസ്ഥിതി കമായി വീണ്ടും കേരളത്തെ അങ്ങേയറ്റം നശിപ്പിക്കുന്ന കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. മറ്റ് ഗതാഗത പദ്ധതികൾ ഉൾപ്പെടെയുള്ള നിരവധി ഉപേക്ഷിച്ചിട്ടാണ് സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന അതിബൃഹത്തായ കെ റെയിൽ പദ്ധതി കൊണ്ടുവന്നിരിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ പൊലീസ് മർദ്ദനത്തിനിരയായവരും അറസ്റ്റ് വരിച്ചവരുമായ സമര പ്രവർത്തകരെ ശ്രീധർ രാധാകൃഷ്ണൻ ആദരിച്ചു.

സമരസമിതി ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ചെയർമാൻ എംപി ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, സംസ്ഥാന രക്ഷാധികാരി കെ ശൈവപ്രസാദ്, പി. ഉണ്ണികൃഷ്ണൻ (കോൺഗ്രസ്), ഗ്ലേവിയസ് അലക്‌സാണ്ടർ (സ്വരാജ് ഇന്ത്യ പാർട്ടി), ആർ കുമാർ എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) എം. ഷാജർഖാൻ (ജനകീയ പ്രതിരോധ സമിതി) സംസ്ഥാന വനിത നേതാവ് മാരിയ അബു, പി. വൈ അനിൽകുമാർ (ഏകതാ പരിഷത്ത്), കെ ശുഭാനന്ദൻ (ബി.എസ്‌പി ) അഡ്വ. എം.എ സിറാജുദ്ദീൻ കരിച്ചാറ, ബി. രാമചന്ദ്രൻ, ഷാജി ആൽബർട്ട് (ബ്രേക് ത്രൂ സയൻസ് സൊസൈറ്റി) വിളപ്പിൽശാല സമര നായകൻ എസ്. ബുർഹാൻ, എൽ. ഹരിറാം, കിഴുവിലം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനന്തകൃഷ്ണൻ നായർ, സംഗീത വർണ്ണൻ, എ.ഷൈജു (ജില്ലാ കൺവീനർ), രാജു കോട്ടറക്കോണം എന്നിവർ സംസാരിച്ചു.

വിവിധ സമര സമിതികളിൽ നിന്നായി നൂറുകണക്കിന് സമര പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു.

പ്രാദേശിക സമര പരിപാടികളും തുടർന്ന് കളക്റ്റ്രേറ്റ് മാർച്ചും രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടിയായി പ്രഖ്യാപിച്ചു.

കൺവൻഷന് മുന്നോടിയായി ആറ്റിങ്ങൽ നഗരത്തിൽ പ്രകടനവും നടത്തി.

എ.ഷൈജു