കൊച്ചി- കോഗ്‌നിസന്റിന്റെ കൊച്ചിയിലെ കാമ്പസിലെ പുതിയ വികസന പദ്ധതികൾ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമ, വ്യവസായ മന്ത്രി  പി രാജീവ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.കൊച്ചി ഇൻഫോപാർക്കിലുള്ള കോഗ്‌നിസന്റിന്റെ കൊച്ചിൻ നവേദ കാമ്പസിന്റെ ഭാഗമായാണ് പുതിയ വികസന പദ്ധതികൾ.

കഴിഞ്ഞ നിരവധി വർഷങ്ങളായി കേരളത്തിലെ വിവര സാങ്കേതികവിദ്യാ രംഗം ഗണ്യമായ വളർച്ചയാണ് നേടിയിട്ടുള്ളതെന്നും ഇന്ന് ഈ മേഖല സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ സൃഷ്ടാക്കളിൽ ഒന്നാണെന്നും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു. പുതിയ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ നോളെജ് സമ്പദ്ഘടനയ്ക്ക് സംഭാവനകൾ നൽകുന്നതിനും കോഗ്‌നിസന്റിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോഗ്‌നിസന്റിന്റെ കൊച്ചിയിലെ സാന്നിധ്യം വിപുലമാക്കുന്നതിലും പുതിയ തൊഴിലുകളും അവസരങ്ങളും ലഭ്യമാക്കുന്നതിലും അഭിമാനമുണ്ടെന്ന് കോഗ്‌നിസന്റ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാേജഷ് നമ്പ്യാർ പറഞ്ഞു. ഈ നഗരവുമായും കേരളത്തിലെ ജനങ്ങളുമായും ഉള്ള തങ്ങളുടെ 15 വർഷത്തെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കുന്നതിലും അഭിമാനമുണ്ട്. കഴിവുകൾ, ഡിജിറ്റൽ ശേഷി മെച്ചപ്പെടുത്തൽ, നാളേക്കായുള്ള നേതാക്കളെ വളർത്തിയെടുക്കൽ തുടങ്ങിയവ ഈ മേഖലയിലേക്കു മാത്രമായി ഒതുങ്ങുന്നതല്ല. കൊച്ചി കാമ്പസിന്റെ ഇന്നത്തെ പുതിയ വികസന പദ്ധതികൾ കേരളത്തിലെ കഴിവുകളിൽ നിക്ഷേപിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തമാക്കുകയാണ്. കേരളത്തിലെ സ്ഥായിയായ വികസനത്തിന്റെ പാതയിൽ പിന്തുണ നൽകുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെയുള്ള ലോകോത്തര നിലവാരത്തിലുള്ള സ്ഥായിയായ വികസന രൂപകൽപനയുടേയും നടപടിക്രമങ്ങളുടേയും പേരിൽ ഇതിന് ഗോൾഡ് ലീഡ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഉന്നത തല പ്രവർത്തന മാതൃകകളിലൂടെ രണ്ടായിരത്തിലേറെ പങ്കാളികൾക്ക് സജീവമായി പ്രവർത്തിക്കാനുള്ള അത്യാധുനീക സൗകര്യങ്ങളാണ് ഇവിടെയുണ്ടാകുക. ഭാവിയിലെ പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള സംവിധാനങ്ങളോടു കൂടിയ ഫ്യൂചർ-എ സിറ്റി എന്ന നിലയിൽ കണ്ടെത്തിയിരിക്കുന്ന 21 സ്ഥലങ്ങളിൽ ഒന്നാണ് കോഗ്‌നിസന്റ് കൊച്ചി.

കൊച്ചിയിൽ ഹൈബ്രീഡ് മാതൃകയിലുള്ള ജോലി സ്ഥലങ്ങൾ അവതരിപ്പിക്കാനുള്ള കോഗ്‌നിസന്റിന്റെ ശ്രമങ്ങൾക്കും ഈ വികസന പദ്ധതികൾ കൂടുതൽ ശക്തിയേകും. ഇവിടെയെത്തുന്ന പങ്കാളികൾക്ക് സംഘമായി മുഖാമുഖം പ്രവർത്തിക്കുന്നതിനൊപ്പം ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകാനും സാധ്യമാകും. കൃത്യമായ സംവിധാനങ്ങൾ, പരിശീലനം, പഠിക്കാനും വളരാനുമുള്ള അവസരം, വ്യക്തികളുടെ ക്ഷേമത്തിന് ആദ്യ പരിഗണന നൽകുന്ന കമ്പനി സംസ്‌ക്കാരം തുടങ്ങിയവയുടെ പിൻബലത്തിൽ മുന്നേറാനും പങ്കാളികൾക്കു സാധിക്കും. ജിംനേഷ്യം, കയാക്കിങ്, ഓപൺ എയർ ആമ്പിതീയ്യറ്റർ തുടങ്ങിയ നിരവധി സൗകര്യങ്ങളും ഇവിടെയുണ്ടാകും.

കോഗ്‌നിസന്റ് 2007-ലാണ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്ന് 3700-ൽ ഏറെ പങ്കാളികളാണ് കൊച്ചി ആസ്ഥാനമായുള്ളത്. ഇതിൽ 80 ശതമാനത്തിലേറെ നിർമ്മിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്ക്‌സ്, അനലറ്റിക്‌സ് എന്നിവ അടക്കം ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. കമ്പനി സംസ്ഥാനത്തെ കാമ്പസുകളിൽ നിന്നു ജോലിക്കു നിയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയാക്കിയിട്ടുണ്ട്. ഈ വർഷം 2000 പുതിയ ബിരുദധാരികളെയാണ് തെരഞ്ഞെടുക്കുക.

15 ഏക്കറിലായുള്ള ഈ കാമ്പസ് സ്ഥായിയായ നീക്കങ്ങളും സംവിധാനങ്ങളും അവതരിപ്പിച്ചതിന്റെ പേരിൽ നിരവധി അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്. പരിസ്ഥിതി ആരോഗ്യം, സുരക്ഷ, മഴവെള്ള സംഭരണം തുടങ്ങിയവയുടെ പേരിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിൽ നിന്ന് ഈ കാമ്പസ് 5 സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. കാമ്പസിലെ ശരാശരി ജല ആവശ്യത്തിന്റെ 90 ശതമാനവും മഴവെള്ള സംഭരണത്തിലൂടെയാണ് നിറവേറ്റുന്നത്. സീറോ വാട്ടർ ഡിസ്ചാർജ് രീതിയിലാണ് കാമ്പസ് രൂപകൽപന ചെയ്തിട്ടുള്ളത്. 450 മരങ്ങളും ഇവിടെ നട്ടിട്ടുണ്ട്. നെറ്റ് സീറോ ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ സുസ്ഥിര നീക്കങ്ങളും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.