- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമങ്ങളെ പോലും അറിയിക്കാതെ അതീവ രഹസ്യമായ ഓപ്പറേഷൻ; ഖദർ ധരിക്കാതെ കളർ ഷർട്ടണിഞ്ഞു; സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ യൂത്ത് കോൺഗ്രസ്സ് സാന്നിധ്യം തിരിച്ചറിഞ്ഞത് പ്രതിഷേധം നടന്നപ്പോൾ; മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ്സ് നടത്തിയത് സർജ്ജിക്കൽ സ്ട്രൈക്ക്
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ കരിങ്കൊടി കാണിക്കുകയും വാഹനത്തിന്റെ ചില്ലിൽ അടിച്ച് പ്രതിഷേധം നടത്തുകയും ചെയ്തത് അതീവ രഹസ്യമായി നടത്തിയ നീക്കങ്ങൾക്ക് ഒടുവിൽ. മാധ്യമങ്ങളെ പോലും അറിയാക്കാതെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷൻ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ച പ്രകാരമാണ് നടന്നത്.
പൊലീസ് ശ്രദ്ദിക്കാതിരിക്കാനായി ഖദർ ധരിക്കാതെ കളർ ഷർട്ട് ഇട്ടാണ് പ്രവർത്തകൻ എത്തിയത്. പ്രതിഷേധം മുന്നിൽ കണ്ട് ഖദർ ധരിച്ച് സമീപത്ത് നിന്നവരെ നേരത്തെ തന്നെ പൊലീസ് മാറ്റിയിരുന്നു. മുഖ്യമന്ത്രി പരിപാടി സ്ഥലത്ത് നിന്നും ഇറങ്ങിയ ഉടൻ തന്നെ ഒന്നുമറിയാത്തതുപോലെയാണ് പ്രതിഷേധം നടത്തിയ സോണി നിന്നിരുന്നത്. മുഖ്യമന്ത്രിയെ കാണാനുള്ള ആകാഷയിൽ നിൽക്കുന്ന ഒരു സാധാരണക്കാരനാണെന്നാണ് പൊലീസ് കരുതിയത്.
എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം മുന്നോട്ട് എത്തിയപ്പോഴേക്കും സോണി ചാടി മുന്നിലേക്ക് കയറി. സുരക്ഷാ വാഹനത്തിലെ ഡ്രൈവർ ഒന്നു പതറി വാഹനം നിർത്തി. ഇതോടെ പിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ വാഹനവും നിന്നു. ഈ സമയം സോണി മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തെത്തുകയും കരിങ്കൊടി വീശി വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ഡ്രൈവർ വലതു വശം ചേർത്ത് വാഹനം എടുക്കാൻ ശ്രമിച്ചെങ്കിലും കമ്യൂണിറ്റി ഹാളിന്റെ മതിൽ തടസമായി നിന്നു. അപ്പോഴേക്കും പൊലീസ് എത്തി ഇയാളെ നീക്കം ചെയ്തു.
കോൺഗ്രസ് പ്രവർത്തകർ ഒന്നാകെ ഈ പ്രതിഷേധത്തിൽ അമ്പരന്നിരിക്കുകയാണ്. നിരവധി പ്രതിഷേധങ്ങൾ പലയിടത്തും നടത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. കനത്ത പൊലീസ് സന്നാഹം ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധം നടത്തുകയായിരുന്നു. വാഹനത്തിൽ അടിച്ചിട്ടുണ്ടെന്നും അടിച്ചയാൾക്കെതിരെ കർശന നടപടിസ്വീകരിക്കണമെന്നും പൊലീസിന് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്നുതന്നെ വയർലെസ് സന്ദേശം ലഭിച്ചു. ഇതിനെ തുടർന്ന് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരൻ നിന്ന ഭാഗത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സിറ്റി പൊലീസ് കമ്മീഷ്ണർ തൃക്കാക്കര പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് കടുത്ത സുരക്ഷാ വലയത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞുനിർത്തിയാണ് കാക്കനാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്. പലയിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായെങ്കിലും വാഹനം നിർത്തേണ്ടിവന്നത് ഇതാദ്യമാണ്. സുരക്ഷയ്ക്കായി നിരന്നുനിന്ന പൊലീസ് സുരക്ഷാ വലയം ഭേദിച്ചായിരുന്നു യൂത്തു കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാക്കനാട് സർക്കാർ പ്രസിലെ ഉദ്ഘാടന ചടങ്ങു കഴിഞ്ഞു പുറത്തിറങ്ങേേുമ്പാൾ കളക്റ്റ്രേറ്റിന് സമീപം പാട്ടുപുരയ്ക്കൽ ക്ഷേത്രകമാനത്തിൽ വച്ചാണ് മുഖ്യമന്ത്രിയേയും പൊലീസിനെയും ഞെട്ടിച്ച ഒറ്റയാൾ പ്രതിഷേധം നടന്നത്.
അതേ സമയം കളമശേരിയിലും ആലുവയിലും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നത്തി. കളമശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ആലുവ കമ്പനിപ്പടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ വഴിയിൽനിന്നു കരിങ്കൊടി വീശി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം. പൊലീസിന്റെ കണ്ണുവെട്ടിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കു ചാടിവീണ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. കാക്കനാട് ഇൻഫോപാർക്കിൽ പുതിയ ഐടി സ്പേസുകളുടെയും ഗവൺമെന്റ് പ്രസിൽ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള സിടിപി യന്ത്രത്തിന്റെയും ഉദ്ഘാടനങ്ങൾക്കാണു മുഖ്യമന്ത്രി ജില്ലയിലെത്തിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.