- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വ ഭേദഗതിയിലെ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞ് ഒന്നാം പിണറായി സർക്കാർ; തുടർഭരണം കിട്ടിയപ്പോൾ എല്ലാം മറന്നു; മോദിയുടെ നിയമത്തിനെതിരെ പ്രതിഷേധിച്ചവർ എല്ലാം ക്രിമിനലുകൾ; സമരത്തിന് ഇറങ്ങിയവർ എല്ലാം കുഴപ്പത്തിലാകും; അദ്ധ്യാപികയെ അപമാനിച്ച റഹിമിനെ രക്ഷിക്കാൻ നടക്കുന്നവർ കൊടുത്ത വാക്ക് മറക്കുമ്പോൾ
കോഴിക്കോട്: പൗരത്വ നിയമത്തിനെതിേര നടന്ന പ്രക്ഷോഭങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്നത് വെറും പബ്ലിസിറ്റി നീക്കം. തുടർഭരണത്തിന് വോട്ടുറപ്പിക്കാനുള്ള വെറും തന്ത്രം. ഈ സർക്കാർ തീരുമാനവും വെറുംവാക്കായി എന്നതാണ് വസ്തുത. ഇതുവരെ പിൻവലിച്ചത് വെറും 36 കേസുകൾ. സംസ്ഥാനത്ത് രജിസ്റ്റർചെയ്ത 836 കേസുകളിൽ 566-ലും കുറ്റപത്രം നൽകി. ഇതോടെ പ്രതിഷേധക്കാർ വെട്ടിലായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഏതൊക്കെ കേസുകൾ പിൻവലിക്കണമെന്നതിൽ തീരുമാനമെടുത്തിരുന്നില്ല. പിന്നീടു നടന്ന പൊലീസ് പരിശോധനയുടെ അടിസ്ഥാനത്തിൽ 36 കേസുകൾ പിൻവലിച്ചു. ബാക്കിയെല്ലാം അതു പോലെ നിലനിന്നു. അദ്ധ്യാപികയെ അപമാനിച്ച കേസിൽ എഎ റഹിമിനെതിരെ കേസ് പിൻവലിക്കാൻ നടക്കുന്ന സർക്കാരാണ് പ്രതിഷേധ കേസുകളിൽ ഒളിച്ചു കളിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരേ 2019-ലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭമുണ്ടായത്. ചിലയിടങ്ങളിൽ ചെറിയതോതിലുള്ള അക്രമങ്ങളും അരങ്ങേറി. പൗരത്വനിയമ ഭേദഗതിക്കെതിരേ നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. എങ്കിലും പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ പൊലീസ് കേസെടുത്തു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായി. കേന്ദ്ര സർക്കാരിന് വേണ്ടിയാണ് കേസുകൾ എന്നും വാദമെത്തി. ഇതോടെയാണ് എല്ലാം പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. അതാണ് പാലിക്കപ്പെടാതെ പോകുന്നത്.
സംഘംചേർന്നു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സമരക്കാർക്കെതിരെ ചുമത്തിയത്. പല കേസുകളിലും പിഴയടയ്ക്കുന്നതുൾപ്പെടെയുള്ള കോടതി ഉത്തരവുകളും പുറത്തുവന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. പിൻവലിച്ച കേസുകളിൽ ഏറെയും സിപിഎമ്മുകാർക്കെതിരായ കേസുകളാണെന്ന വാദവും ശക്തമാണ്.
കേസുകൾ പിൻവലിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ 234 എണ്ണത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഈ കേസുകളുടെ സ്വഭാവം പരിശോധിച്ച് അവ പിൻവലിക്കണമോയെന്നകാര്യം തീരുമാനിക്കും. രാജ്യസഭാ അംഗമായ റഹിമിനെതിരായ കേസ് പിൻവലിക്കണമെന്ന അപേക്ഷ ജ്യൂഡീഷ്യൽ കോടതി തള്ളി. ഇതിനെതിരെ സർക്കാർ അതിവേഗം സെഷൻസ് കോടതിയിൽ റിവിഷൻ ഹർജിയും നൽകി.
അങ്ങനെ സഖാക്കളുടെ കേസിൽ നിലപാട് എടുക്കുന്ന സർക്കാരാണ് പൗരത്വ കേസിൽ ഒളിച്ചു കളിക്കുന്നത്. ബിജെപി ഓഫീസ് ആക്രമണക്കേസിൽ സിപിഎം നേതാവായ ഐപി ബിനുവിനെ രക്ഷിക്കാനും പ്രോസിക്യൂഷൻ ശ്രമിച്ചിരുന്നു.
കേസുകൾ ഇങ്ങനെ
കോഴിക്കോട് 159
പാലക്കാട് 83
തൃശ്ശൂർ 56
എറണാകുളം 42
കണ്ണൂർ 33
പത്തനംതിട്ട 24
തിരുവനന്തപുരം 22
വയനാട് 19
കാസർകോട് 18
കോട്ടയം 18
കൊല്ലം 14
മറുനാടന് മലയാളി ബ്യൂറോ