- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓല ആപ്പിൽ വാഹനം ബുക്ക് ചെയ്തു; 221 രൂപയ്ക്ക് ബുക്കിങ്; ഫോൺവിളിച്ചപ്പോൾ ഡ്രൈവർ ചോദിച്ചത് അധിക കൂലി; പിക്കപ്പ് ഏര്യയിൽ മോശം പെരുമാറ്റം; ബാഗുകൾ പുറത്തേക്കിട്ട് അപമാനം; തിരുവനന്തപുരം വിമാനത്താവളത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിനും കുടുംബത്തിനുമുണ്ടായത് അപമാനം; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന കാർ തർക്കം ഇങ്ങനെ
തിരുവനന്തപുരം: യാത്രക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതിയേയും ഭർത്താവിനെയും വഴിയിൽ ഒല ടാക്‌സി ഡ്രൈവർ ഇറക്കിവിട്ടെന്ന് പരാതി. തിരുവനന്തപുരത്ത് ബിസിനസ് ചെയ്യുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനാണ് ഒല ആപ്പ് വഴിയാണ് ടാക്‌സി ബുക്ക് ചെയ്തത്. 221 രൂപയ്ക്ക് ബാബു എന്ന ആളുടെ പേരിൽ വാഹനം ബുക്ക് ചെയ്തു. വെള്ള മഹീന്ദ്ര വെറിറ്റോ കാറാണ് യാത്രക്കായി അനുവദിച്ച് കിട്ടിയത്. യാത്രയുടെ കാര്യം സ്ഥിരീകരിക്കാനായി ഡ്രൈവർ ഫോണിൽ വിളിച്ചപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ടു. എന്നാൽ യാത്രയ്ക്ക് വേണ്ട പണം നേരത്തെ ഓൺലൈൻ പേമെന്റ് ചെയ്ത വിവരം അറിയിച്ചു.
വിമാനത്താവളത്തിലെ പിക്കപ്പ് ഏരിയയിൽ എത്തിയപ്പോൾ ഡ്രൈവറുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടായത്. ബാഗുകൾ വയ്ക്കാൻ കാറിന്റെ ഡിക്കി തുറന്നു നൽകാൻ വിസ്സമ്മതിച്ചു. ഇത് സെഡാൻ വണ്ടിയാണ്. ഇത്രയും രൂപയ്ക്ക് ഓടാൻ സാധിക്കില്ല എന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. തർക്കം തുടരുന്നത് മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ടതോടെയാണ് കാറിന്റെ ഡിക്കി തുറന്നു തന്നത്.
വിമാനത്താവളത്തിന് പുറത്ത് എത്തിയപ്പോൾ വാഹനം റോഡ് അരുകിൽ പാർക്ക് ചെയ്ത് വീണ്ടും തർക്കത്തിൽ ഏർപ്പെട്ടു. യാത്രാക്കൂലി നേരിട്ട് കൈയിൽ തരണമെന്നും ഓൺലൈനായി അടയ്ക്കുകയാണെങ്കിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും ഡ്രൈവർ പറഞ്ഞു. വിസമ്മതിച്ചതോടെ ട്രിപ്പ് ക്യാൻസൽ ചെയ്യണമെന്നായി ഡ്രൈവറുടെ ആവശ്യം.
പരാതി നൽകുമെന്ന് പറഞ്ഞതോടെ മോശം വാക്കുകളിലായി പ്രതികരണം. തുടർന്ന് ഡ്രൈവർ യാത്രക്കാരായ തങ്ങളോട് വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. തർക്കം തുടർന്നതോടെ ബാഗുകൾ റോഡിൽ പുറത്തുവച്ചു. യാത്രക്കാരായ തങ്ങളെ ഇരുവരെയും വാഹനത്തിൽ നിന്നും പുറത്തിറക്കി നിർത്തിയ ശേഷം കാർ എടുത്ത് ഡ്രൈവർ പോയി. പിന്നീട് ഓട്ടോ വിളിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. യാത്രയ്ക്കായി വാഹനം ബുക്ക് ചെയ്ത് പണം മുൻകൂറായി നൽകിയിട്ടും അപമാനിക്കപ്പെട്ടതായി തോന്നിയെന്നും പരാതിയിൽ പറയുന്നു.
ഭർത്താവിന് ഒപ്പം എത്തിയ തനിക്ക് നേരിട്ട അനുഭവം ഇതാണെങ്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടികൾ ഇത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടുമെന്നും പരാതിയിൽ ചോദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ