പത്തനംതിട്ട: ജോണിവാക്കർ സിനിമയിൽ ജഗതിയുള്ളത് രണ്ടു സീനിലാണ്. അതിൽ ആദ്യത്തേത് ഒരിക്കലും ആർക്കും മറക്കാൻ പറ്റാത്ത സീനാണ്. മമ്മൂട്ടിയുടെ നായക കഥാപാത്രം ബംഗളൂരുവിലെ നോ പാർക്കിങ് ബോർഡിന് ചുവട്ടിൽ ബൈക്ക് പാർക്ക് ചെയ്ത് മദ്യപിക്കുന്നു. ട്രാഫിക് പൊലീസുകാരനായ ജഗതി വന്ന് പിഴ അടയ്ക്കണമെന്ന് പറയുന്നു. പൊലീസുകാരൻ ഒരിക്കലും വിചാരിക്കാത്ത ഒരു തുക മമ്മൂട്ടി പോക്കറ്റിൽ വച്ചു കൊടുക്കുന്നു തുടർന്ന് വണ്ടിയെടുത്ത് പോകാൻ നിൽക്കുന്നു. പൊലീസുകാരൻ മമ്മൂട്ടിയെ തടയുന്നു. നിങ്ങൾ ഇവിടെ ഇരുന്ന് കുടിക്കാൻ അനുവാദം കൊടുക്കുന്നു. പകരം നോ പാർക്കിങ് ബോർഡ് എടുത്ത് അപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കുന്നു.

ഇതേ സീൻ ആവർത്തിക്കുകയാണ് കോട്ടാങ്ങൽ പഞ്ചായത്തിൽ. ക്വാറി ഉടമയ്ക്ക് പാറ പൊട്ടിക്കുന്നതിന് തടസമായി ചുറ്റുപാടുമുള്ള വീടുകൾക്കൊപ്പം സാക്ഷാൽ പഞ്ചായത്ത് ഓഫീസുമുണ്ട്. എന്നാൽപ്പിന്നെ പഞ്ചായത്ത് ഓഫീസ് പൊളിച്ചു മാറ്റി പാറമട പ്രവർത്തിക്കട്ടെ എന്നാണ് പഞ്ചായത്ത് കമ്മറ്റിയുടെ നിലപാട്. പാറ പൊട്ടിക്കുന്നതിന് തടസമായ പഞ്ചായത്ത് ഓഫീസ് മറ്റൊരിടത്തേക്ക് മാറി സ്ഥലം വാങ്ങി അവിടെ പണിയാനുള്ള നീക്കമാണ് എസ്ഡിപിഐ പിന്തുണയോടെ ഭരിക്കുന്ന എൽഡിഎഫ് ഭരണ സമിതി നടത്തുന്നത്.

പക്ഷേ, ഈ നീക്കത്തിന് തടയിട്ടിരിക്കുകയാണ് പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും. പഞ്ചായത്ത് ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റി പണിയുന്നത് ലക്ഷ്യം വച്ച് കൊണ്ടു വന്ന അജണ്ട പ്രതിപക്ഷം വോട്ട് ചെയ്ത് പരാജയപ്പെടുത്തി. കോട്ടാങ്ങൽ പഞ്ചായത്തിൽ ആകെ 13 അംഗങ്ങളാണുള്ളത്. എൽഡിഎഫിൽ സിപിഎമ്മിന് നാലും സിപിഐയ്ക്ക് അഞ്ചും സീറ്റുണ്ട്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി-5. കോൺഗ്രസിന് രണ്ടും എസ്ഡിപിഐയ്ക്ക് ഒന്നും അംഗങ്ങളാണുള്ളത്. എസ്ഡിപിഐ പിന്തുണ സ്വീകരിച്ച് സിപിഎം ഭരിക്കുന്നു.

കോട്ടാങ്ങൽ പഞ്ചായത്ത് നാലാം വാർഡിലാണ് വിവാദ പാറമട. ക്വാറി നടത്തുന്ന കുന്നിന്റെ ഒരു ഭാഗത്താണ് പഞ്ചായത്ത് ഓഫീസ്. മടയ്ക്ക് ചുറ്റും വീടുകളുമുണ്ട്. മടയിൽ പൊട്ടിക്കുന്ന കല്ലുകൾ തെറിച്ച് പഞ്ചായത്ത് ഓഫീസിനും ചുറ്റുമുള്ള വീടുകൾക്കും മുകളിൽ പതിക്കുന്നുമുണ്ട്. കഴിഞ്ഞ ആറുമാസമായി ക്വാറി പ്രവർത്തനം തടസപ്പെട്ടു കിടക്കുന്നു.

പാറമടക്കാർക്ക് സുഗമമായി പ്രവർത്തിക്കണം. നാട്ടുകാരുടെ വീടിന് മുകളിൽ കല്ലു വീഴുന്നത് പോട്ടെ പഞ്ചായത്ത് ഓഫീസിൽ മുകളിൽ വീണാലോ? ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഓഫിസ് തന്നെ മാറ്റിയേക്കാൻ എൽഡിഎഫും എസ്ഡിപിഐയും ഒറ്റക്കെട്ടായി മുന്നോട്ടു വന്നത്. അതാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്.

പഞ്ചായത്ത് ഓഫീസിലേക്കുള്ള വഴി ഇടുങ്ങിയതാണെന്ന കാരണമാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. വാഹനസൗകര്യം കുറവാണത്രേ. പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ബിജെപിക്കും കോൺഗ്രസിനും എതിർപ്പില്ല. പക്ഷേ, അത് ഇപ്പോഴുള്ള സ്ഥലത്ത് തന്നെ വേണം. നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയത് പണിതാൽ മതി. വേറെ എങ്ങോട്ടും മാറ്റണ്ട. പ്രതിപക്ഷത്തിന് അംഗബലം കൂടുതലാണ് അവർ ഒന്നിച്ചു നിന്നാൽ. അങ്ങനെ അവർ ഒരു നല്ല കാര്യത്തിന് വേണ്ടി ഒന്നിച്ചു. എൽഡിഎഫ്-എസ്ഡിപിഐ നീക്കം താൽക്കാലികമായി പൊളിയുകയും ചെയ്തു.