- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി മധു വധക്കേസിലെ സാക്ഷികളുടെ കൂറുമാറ്റത്തിന് പിന്നിൽ സ്വാധീനവും പ്രലോഭനവും; ചിലർ ഭീഷണിക്ക് വഴങ്ങി; കുടുംബത്തിന് നേരെയും ഭീഷണിയുണ്ട്; പൊലീസ് അന്വേഷിക്കണം; മധുവിന്റെ അമ്മ കോടതിയിൽ
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് മധുവിന്റെ അമ്മ മല്ലി. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴിമാറ്റിയതെന്നും ഇക്കാര്യം അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ മല്ലി പരാതി നൽകിയത്.
കൂറുമാറിയതിൽ ചിലർ ഭീഷണിക്കും വഴങ്ങി. തങ്ങൾക്ക് നേരെയും ഭീഷണിയുണ്ട്. ഇതെല്ലാം പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ മല്ലിയുടെ പരാതി. അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കഴിഞ്ഞദിവസം കൂറു മാറിയിരുന്നു. 18ാം സാക്ഷി കാളി മൂപ്പൻ ആണ് കൂറു മാറിയത്. ഇയാൾ വനം വകുപ്പ് വാച്ചറാണ്. ഇതോടെ കേസിൽ മൊഴി മാറ്റിയവരുടെ എണ്ണം 8 ആയി മാറിയിരുന്നു.
രണ്ടു ദിവസം മുമ്പ് കേസിൽ ഒരു സാക്ഷി കൂടി കൂറുമാറിയിരുന്നു പതിനേഴാം സാക്ഷി ജോളിയാണ് കൂറ് മാറിയത്. പൊലിസ് നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്ന് ജോളി പറഞ്ഞു.
കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.
കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ അബ്ദുൽ റസാഖിനെയും വനം വകുപ്പ് വാച്ചർ അനിൽ കുമാറിനെയും പിരിച്ചുവിട്ടിരുന്നു.15ാം സാക്ഷി മെഹറുന്നീസയും കൂറുമാറിയിരുന്നു. പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയെ അറിയിച്ചു. പതിനാലാം സാക്ഷി ആനന്ദനും കുറുമാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അഡ്വ. രാജേഷ് എം. മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി. രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയായിരുന്നു നിയമനം.
രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊന്നത്.
മധുവിന്റെ കേസിൽ വിചാരണ പുനരാരംഭിച്ചത് ജൂലൈ 18നാണ്. കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം കോടതി നൽകിയിരുന്നു. കൂറുമാറാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പൊലീസ് സംരക്ഷണം നൽകാനും കോടതി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ