അബുദാബി: യുഎഇയിൽ അതിശക്തമായ മഴയിൽ ജനജീവിതം ദുരിത പൂർണ്ണം. പല സ്ഥലങ്ങളിലും വെള്ളം കയറി. 27 വർഷത്തിനിടെ ആദ്യമായാണ് യുഎഇയിൽ ഇത്രയും ശക്തമായ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് യുഎഇയുടെ കിഴക്കൻ ഭാഗത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് താമസിക്കാൻ സഹായമൊരുക്കി പ്രമുഖ എമിറാത്തി വ്യവസായി. ഖാലിഫ് ബിൻ അഹമ്മദ് അൽ ഹബാതൂർ എന്ന എമിറാത്തി വ്യവസായി 300 ഹോട്ടൽ മുറികൾ വിട്ടു നൽകിയെന്ന് യുഎഇ സമൂഹ വികസന മന്ത്രാലയം അറിയിച്ചു.

അൽ ഹാബത്തൂർ ഗ്രൂപ്പിന്റെ ഹോട്ടലുകളിലെ 300 മുറികൾ വിട്ടുനൽകിയാണ് അദ്ദേഹം സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം അണിചേർന്നത്. ഏതാണ്ട് 600ൽ അധികം ആളുകൾക്ക് ഇവിടെ കഴിയാൻ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ജനങ്ങൾ ദുരിതം അനുഭവിക്കുന്ന ഫുജൈറ, റാസൽഖൈമ, ഷാർജ, അജ്മാൻ, ഉമ്മുവൽഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലെയും നിരവധി ഹോട്ടലുകൾ ഇത്തരത്തിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുമായുള്ള ചർച്ചകളും മറ്റു നടപടികളും പുരോഗമിക്കുകയാണ്. മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായം എത്തിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സമൂഹ വികസന മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ മൂന്നു ദിവസം വടക്കൻ എമിറേറ്റുകളിൽ അതിശക്തമായ മഴയായിരുന്നു പെയ്തത്. ഏഴു ഏഷ്യക്കാർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. നിരവധി കുടുംബങ്ങൾ മഴയുടെ ദുരിതം അനുഭവിച്ചു.