ചൈനയുടെ കാലഹരണപ്പെട്ട ബഹിരാകാശയാനത്തിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതോടെ ലോക ജനത വലിയൊരു ആശ്വാസ നെടുവീർപ്പിട്ടു. ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന അവശിഷ്ടങ്ങൾ ഏറെയും കത്തിയമരുകയായിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങൾ ഒരു ട്വിറ്റർ ഉപഭോക്താവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഉൽക്ക പതനമായിരിക്കുമെന്നായിരുന്നു കരുതിയതെന്ന് പോസ്റ്റ് ഇട്ട വ്യക്തി പറയുന്നു.

ശനിയാഴ്‌ച്ച ചൈനീസ് ബഹിരാകാശ യാനത്തിന്റെ അവശിഷ്ടങ്ങൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചതായി അമേരിക്ക സ്പേസ് കമാൻഡും സ്ഥിരീകരിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട ഈ ബഹിരാകാശ യാനത്തിന്റെ സഞ്ചാരപഥം ചൈനീസ് അധികൃതർ പക്ഷെ ആരുമായും പങ്കുവെച്ചിരുന്നില്ല എന്ന് അമേരിക്കൻ അധികൃതർ വെളിപ്പെടുത്തി. അവശിഷ്ടങ്ങൾ എവിടെ വീഴുമെന്നറിയാൻ ഈ സഞ്ചാരപഥം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മെക്സികോയിൽ ഇതിന്റെ അവശിഷ്ടങ്ങൾ പതിക്കാൻ ഇടയുണ്ടെന്ന് കണക്കുകൂട്ടിയിരുന്നു. ഏതായാലും വലിയൊരു ദുരന്തം കാര്യമായ ചലനങ്ങൾ ഒന്നും ഉണ്ടാക്കാതെ തന്നെ ഇന്ത്യൻ മഹാ സമുദ്രത്തിൽ മുങ്ങിതാഴ്ന്നു. ആർക്കും ഏതെങ്കിലും വിധത്തിലുള്ള പരിക്കുകൾ ഏൽപ്പിക്കുകയോ ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്തില്ല. അത് ദൈവാധീനം മാത്രമാണെന്ന് അമേരിക്കൻ സ്പേസ് വിദഗ്ദ്ധർ പറയുന്നു.

ബഹിരാകാശ ഗവേഷണങ്ങൾ നടത്തുന്ന രാജ്യങ്ങൾ കുറേ കൂടി മര്യാദകൾ പാലിക്കണമെന്നും, ഇത്തരത്തിൽ നിയന്ത്രണം വിട്ട, അല്ലെങ്കിൽ കാലഹരണപ്പെട്ട യാനങ്ങളുടെ സഞ്ചാരപഥങ്ങൾ പോലുള്ള പ്രധാന വിഷയങ്ങൾ മറ്റുള്ള രാജ്യങ്ങളുമായി പങ്കുവയ്ക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. സംഭവിക്കാൻ ഇടയുള്ള വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ അത് വളരെയേറെ സഹായിക്കുമെന്നും നാസ അഡിമിനിസ്ട്രേറ്റർ ബിൽ നെൽസൺ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് എന്തെങ്കിലും പ്രതികരണം നടത്താൻ അമേരിക്കയിൽ ചൈനീസ് എംബസി തയ്യാറായില്ല എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഈ ഭഹിരാകാശ യാനം അതിന്റെ ഭ്രമണപഥത്തിൽ നിന്നും വ്യതിചലിച്ച അവസാന നിമിഷങ്ങളിൽ നടത്തിയ കണക്കുകൂട്ടലുകളിൽ മെക്സിക്കോയിലെ ബാജ കാലിഫോർണിയ തീരത്തിനടുത്ത് ജനസാന്ദ്രതയേറിയ ഒരു പ്രദേശവും ഇത് പതിക്കാൻ ഇടയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, അവശിഷ്ങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ വച്ചായിരുന്നു.

ചൈനയുടേ ഏറ്റവും ശക്തികൂടിയ ലോംഗ് മാർച്ച് 5 ബി വൈ 3 റോക്കറ്റിലെ 23 ടൺ കോർ സ്റ്റേജാണ് ഇപ്പോൾ നിലം പൊത്തിയത്. ചൈനയുടെ ടിയാംഗോംഗ് സ്പേസ് സ്റ്റേഷനിലേക്ക് വെനിഷ്യൻ മോഡ്യുളുമായി ജൂലായ് 24 നായിരുന്നു ഇത് പറന്നുയർന്നത്.