ന്യൂയോർക്ക്: ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ഉപയോഗിച്ചതെന്നു കരുതുന്ന വാച്ച് ലേലത്തിൽ പോയത് 8.69 കോടി രൂപയ്ക്ക്. അമേരിക്കയിൽ നടന്ന ലേലത്തിൽ ഹിറ്റ്‌ലറുടെ ഹ്ഊബർ വാച്ച് 8.69 കോടി രൂപയ്ക്കാണ് വിറ്റത്. പേരുവെളിപ്പെടുത്താത്ത വ്യക്തിയാണ് സ്വസ്തിക് ചിഹ്നവും 'എഎച്ച് ' എന്ന ഇംഗ്ലിഷ് അക്ഷരങ്ങളും കൊത്തിയ വാച്ച് ലേലംകൊണ്ടത്. ലേലനടപടിക്കെതിരെ പ്രതിഷേധവുമായി നിരവധി പേർ എത്തി.

ഇതിനു മുൻപും നാത്സി ചിഹ്നങ്ങളും ചരിത്രരേഖകളും ലേലത്തിൽ വച്ചിട്ടുള്ള കമ്പനി തങ്ങളുടെ ലക്ഷ്യം ചരിത്രത്തിന്റെ സംരക്ഷണം മാത്രമാണെന്നു വ്യക്തമാക്കി. ഹിറ്റ്‌ലർ ജർമൻ ചാൻസലറായ 1933 ൽ പിറന്നാൾ സമ്മാനമായി കിട്ടിയതാണ് വാച്ചെന്ന് കരുതുന്നു. 1945 ൽ ഫ്രഞ്ച് സേനയ്ക്ക് ഹിറ്റ്‌ലറിന്റെ ബവേറിയയിലെ അവധിക്കാല വസതിയായ ബെർഗോഫിൽനിന്നു കിട്ടിയതാണ് വാച്ച്. പിന്നീട് പലരിലൂടെ കൈമറിഞ്ഞു.

മെരിലാൻഡിലെ അലക്‌സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്ഷൻ ഹൗസിന്റെ നടപടിയെ യഹൂദസമൂഹം അപലപിച്ചു. ലേല വിവരം പരസ്യമായതോടെ പല മേഖലകളിൽ നിന്നും എതിർപ്പുകളുയർന്നിട്ടുണ്ട്. ഹിറ്റ്‌ലറുടെ ഭാര്യ ഇവ ബ്രൗണിന്റെ ഗൗൺ, യഹൂദന്മാരെ തിരിച്ചറിയുന്നതിനായി അണിയിച്ച ജൂഡ് എന്ന മുദ്രയുള്ള കുപ്പായങ്ങൾ എന്നിവയും ലേലത്തിനു വച്ചിട്ടുണ്ട്.